Advertisement

കൊവിഡ് വൈറസിനെ നശിപ്പിക്കാൻ നൈട്രിക് ഓക്‌സൈഡ് ഫലപ്രദം; കണ്ടെത്തിയത് അമൃതയിലെ പഠനത്തിൽ

February 8, 2022
Google News 2 minutes Read

നൈട്രിക് ഓക്‌സൈഡ് ശ്വസിക്കുന്നതിലൂടെ കൊവിഡ് വൈറസിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് പഠനം. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരും, അമൃത സർവ്വകലാശാലയ്ക്ക് കീഴിലുള്ള അമൃത സ്‌കൂൾ ഓഫ് ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞരും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

ബ്ലൂ ബേബി സിൻഡ്രോം പോലുള്ള മെഡിക്കൽ അവസ്ഥകളുടെ ചികിത്സയ്ക്കും ഹൃദയം, ശ്വാസകോശം എന്നിവ മാറ്റിവയ്ക്കുന്ന രോഗികളുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്ന നൈട്രിക് ഓക്സൈഡ് ഉപയോഗിച്ചാണ് ഇവർ പഠനം നടത്തിയത്. നൈട്രിക് ഓക്സൈഡ് ശ്വസിക്കുന്നത് SARS-COV-2 വൈറസിനെ നശിപ്പിക്കുന്നതിന് പുറമേ മനുഷ്യ ശരീരത്തിലെ കോശങ്ങളുമായി കൊറോണ വൈറസ് ബന്ധപ്പെടുന്നത് തടയാൻ സഹായിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. നൈട്രിക് ഓക്സൈഡ് തെറാപ്പി ഉപയോഗിച്ച് അമൃത ആശുപത്രിയിൽ കൊവിഡ് രോഗികളിൽ പ്രായോഗിക പഠനവും ഇതിന്റെ ഭാഗമായി നടത്തിയിരുന്നു.

ആശുപത്രിയിൽ നടത്തിയ പ്രായോഗിക പഠനത്തിൽ നൈട്രിക് ഓക്സൈഡ് തെറാപ്പി സ്വീകരിച്ച കൊവിഡ്-19 രോഗികൾ, സാധാരണ കൊവിഡ് ചികിത്സ ലഭിച്ച രോഗികളേക്കാൾ വേഗത്തിൽ സുഖം പ്രാപിച്ചതായി കണ്ടെത്തി. മറ്റ് കോവിഡ് രോഗികളെ അപേക്ഷിച്ച് ഇവരിൽ മരണ നിരക്ക് പൂജ്യമാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

SARS-COV-2 വൈറസിനെ തടയാൻ നൈട്രിക് ഓക്സൈഡിന് സാധിക്കുമെന്ന് നേരത്തെ സ്വീഡിഷ് സംഘം നടത്തിയ പഠനത്തിൽ അഭിപ്രായപ്പെട്ടിരുന്നതായും ഇതാണ് ഇത്തരത്തിലുള്ള നൂതനമായ പരീക്ഷണങ്ങൾ നടത്തുന്നതിന് തങ്ങളിൽ താത്പര്യം ജനിപ്പിച്ചതെന്നുംഫിസിക്കൽ സയൻസസ് ഡീൻ പ്രൊഫ. ഗീതാ കുമാർ പറഞ്ഞു.

വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിനെയാണ് നൈട്രിക് ഓക്‌സൈഡ് നേരിട്ട് ബാധിക്കുന്നത്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെ നേരിട്ട് ബാധിക്കുന്നതും ഭീഷണിയുയർത്തുന്നതും ഈ പ്രോട്ടീനാണെന്ന് പ്രായോഗിക പഠനത്തിന് നേതൃത്വം നൽകിയ ഡോ. മെർലിൻ മോനി പറഞ്ഞു

അമൃതയിലെ ഡോക്ടർമാരും ശാസ്ത്രജ്ഞരുമടങ്ങുന്ന വിദഗ്ധ സംഘമാണ് 25 കൊവിഡ് രോഗികളിൽ നടത്തിയ പ്രായോഗിക പഠനത്തിന് നേതൃത്വം നൽകിയത്. രോഗികളിൽ 14 പേർക്ക് കോവിഡ്-19-നുള്ള സാധാരണ ചികിത്സയ്‌ക്കൊപ്പം ഇൻഹെയിൽഡ് നൈട്രിക് ഓക്‌സൈഡും (ഐഎൻഒ) നൽകി. നൈട്രിക് ഓക്സൈഡ് തെറാപ്പി സ്വീകരിച്ച രോഗികളുടെ ശരീരത്തിലെ വൈറസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് കാണപ്പെട്ടതായി പഠനത്തിന് നേതൃത്വം നൽകിയ അമൃത ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

നിലവിലെ ഒമിക്രോൺ അതിവ്യാപന പശ്ചാത്തലത്തിൽ നൈട്രിക് ഓക്സൈഡ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഈ സമീപനത്തിലൂടെ ഫലപ്രദമായ പ്രതിരോധം സാധ്യമാണെന്നും അവർ വ്യക്തമാക്കി. കൊവിഡിന് എതിരെ പലപ്രദമായ പ്രതിരോധം മാർഗം കണ്ടെത്തുന്നതിന് ആഗോള തലത്തിൽ പരീക്ഷണങ്ങളും പഠനങ്ങളും തുടരുന്ന സാഹചര്യത്തിൽ നൈട്രിക് ഓക്സൈഡ് ഒരു വിജയകരമായ ചികിത്സാ രീതിയായി ഉപയോഗിക്കാവുന്നതാണെന്ന് അമൃത സ്‌കൂൾ ഓഫ് ബയോടെക്നോളജി ഡീൻ ഡോ. ബിപിൻ നായർ പറഞ്ഞു.

Read Also : ഹൃദ്രോഗം അകറ്റാൻ ഇലക്കറികൾ ശീലമാക്കൂ

ഈ പഠനത്തിന് നേതൃത്വം നൽകിയ അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാരും അമൃത വിശ്വ വിദ്യാപീഠത്തിലെ ശാസ്ത്രജ്ഞരുമടങ്ങുന്ന സംഘത്തിൽ കാർഡിയാക് അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ. അവീക് ജയന്ത്, ഡോ. തുഷാര മഠത്തിൽ, പകർച്ചവ്യാധി വിഭാഗത്തിലെ ഡോ. മെർലിൻ മോണി, ഡോ. ദീപു ടി.എസ്, വൈറോളജി വിഭാഗത്തിലെ ഡോ. വീണാ മേനോൻ, അമൃത സ്‌കൂൾ ഓഫ് ബയോടെക്‌നോളജിയിലെ ഡോ. ഗീത കുമാർ, ഡോ. ഇന്ദുലേഖ പിള്ള, ഡോ. ബിപിൻ നായർ, കൂടാതെ യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ റിസർച്ച് ഇൻ അനലിറ്റിക്സ് & ടെക്നോളജീസ് ഫോർ എഡ്യൂക്കേഷനിൽ നിന്നുള്ള ഡോ. ജോർജ് ഗുത്ജർ എന്നിവർ ഉൾപ്പെടുന്നു. കൂടാതെ അമേരിക്കയിയിലെ സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറും, ബേസിക് റിസർച്ച് വൈസ് ചെയർമാനുമായ ഡോ. വിക്ടർ നിസെറ്റും പഠനത്തിൽ പങ്കാളിയായി.

Story Highlights: Inhaled Nitric Oxide can kill SARS-COV-2, reveals study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here