Advertisement

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

April 28, 2024
Google News 2 minutes Read
one week holiday declared for anganwadi children

അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ( one week holiday declared for anganwadi children )

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിർദേശത്തെത്തുടർന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇത് സംബന്ധിച്ച് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുന്നതാണ്.

അതേസമയം, സംസ്ഥാനത്തെ 3 ജില്ലകളിൽ താപതരംഗം രണ്ടു ദിവസം കൂടി തുടരും. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് താപതരംഗം മുന്നറിയിപ്പ് രണ്ട് ദിവസം കൂടി തുടരുന്നത്. പാലക്കാട് 41°c വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40°c വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, വടക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത യുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമിലെന്നും, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Story Highlights : one week holiday declared for anganwadi children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here