Advertisement

മോദി വിമര്‍ശകന്‍, ബുദ്ധമത അനുയായി, കറകളഞ്ഞ കോണ്‍ഗ്രസുകാരന്‍…

October 19, 2022
Google News 2 minutes Read

യോഗ്യത, സമയം, സാഹചര്യം മുതലായ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു നേതാവിനെത്തേടി മികച്ച അവസരങ്ങളെത്തുന്നത്. സ്വയം അടയാളപ്പെടുത്താനുള്ള അവസരത്തെ ശരിയായി പ്രയോജനപ്പെടുത്തുന്നവര്‍ മഹാനായ നേതാവായി മാറും. എണ്‍പതുകാരനായ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നറുക്ക് വീഴുന്നതില്‍ അടിത്തട്ടുമുതല്‍ പ്രവര്‍ച്ചത്തിച്ചുവന്ന പരിചയം മുതല്‍ സമയവും സാഹചര്യങ്ങളും വരെയുള്ള ഘടകങ്ങള്‍ പങ്കുവഹിച്ചു. ഒരൊറ്റ തവണ ഒഴിച്ച് മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം നേടിയിട്ടുള്ള ഖര്‍ഗെ പക്ഷേ കപ്പിനും ചുണ്ടിനുമിടയില്‍ പല അവസരങ്ങളും നഷ്ടപ്പെട്ട നേതാവുകൂടിയാണ്. പുനരുജ്ജീവനത്തിനായി കൊതിക്കുന്ന കോണ്‍ഗ്രസിനെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ 7897 നേതാക്കളുടെ വോട്ടുകളുടെ പിന്‍ബലത്തില്‍ ഖര്‍ഗെയ്ക്ക് ലഭിച്ചിരിക്കുന്നത്. (congress president mallikarjun kharge profile)

കര്‍ണാടകയിലെ ഒരു ദരിദ്ര ദളിത് കുടുംബത്തില്‍ നിന്നും തൊഴിലാളി മുന്നേറ്റങ്ങളിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് ഖര്‍ഗെ. ഒന്‍പത് തവണ എംഎല്‍എയായും രണ്ട് തവണ ലോക്‌സഭാ എംപിയായും ഒരു തവണ രാജ്യസഭാംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1969ലാണ് ഖര്‍ഗെ കോണ്‍ഗ്രസില്‍ ചേരുന്നത്.

ബിജെപിക്ക് രാഷ്ട്രീയ ബദലാകാന്‍ വിശാല പ്രതിപക്ഷ സഖ്യം എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ് അതിലുണ്ടാകുമോ എന്ന ചോദ്യവും പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായ ഖര്‍ഗെ പ്രതിപക്ഷ ഐക്യത്തിനായി നിരന്തരം വാദിക്കുന്ന ഒരു നേതാവുകൂടിയാണ്. സംഘപരിവാറിനെ നിരന്തരം വിമര്‍ശന വിധേയമാക്കിയിട്ടുള്ള അദ്ദേഹം താന്‍ അംബേദ്കറിലും ബുദ്ധനിലുമാണ് വിശ്വസിക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഖര്‍ഗെ സീതാറാം കേസരിക്ക് ശേഷം 25 വര്‍ഷത്തിനിടെ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുയര്‍ന്ന നേതാവാണ്. കര്‍ണാടകയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന രണ്ടാമത്തെയാളാണ് ഖര്‍ഗെ. ദളിത് വിഭാഗത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ നേതാവ് കൂടിയാണ് അദ്ദേഹം.

Read Also: ഖാർഗെയെ ഹൃദയപൂർവം അഭിനന്ദിക്കുന്നു; തരൂർ കോൺഗ്രസിൻ്റെ ജനാധിപത്യ മൂല്യത്തെ തുറന്നു കാട്ടിയെന്ന് വി.ഡി സതീശൻ

മുന്‍പ് സൂചിപ്പിച്ചതുപോലെ കപ്പിനും ചുണ്ടിനുമിടയില്‍ നിന്നും മൂന്ന് തവണയാണ് ഖര്‍ഗെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുന്നത്. 1999 ആയിരുന്നു ആദ്യത്തെ സന്ദര്‍ഭം. 1999ല്‍ എസ് എം കൃഷ്ണയ്ക്കുവേണ്ടിയാണ് ഖര്‍ഗെ വഴിമാറിക്കൊടുത്തത്. 2004ല്‍ മുഖ്യമന്ത്രിയാകാന്‍ ഖാര്‍ഗെയെ തേടി വീണ്ടും അവസരമെത്തി. എന്നാല്‍ സുഹൃത്തായ ധരംസിംഗിനാണ് അത്തവണ ഖര്‍ഗെ വഴിമാറിക്കൊടുത്തത്. 2013ലും ഖര്‍ഗെ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷ ഉയര്‍ന്നുവന്നു. എന്നാല്‍ ഇത്തവണ സിദ്ധരാമയ്യയ്ക്കുവേണ്ടിയാണ് ഖര്‍ഗെ തഴയപ്പെട്ടത്. നേതൃത്വത്തോട് അടിയുറച്ച കൂറും വിധേയത്വവും പുലര്‍ത്തിയതുകൊണ്ടാണ് മൂന്ന് തവണ ഖര്‍ഗെക്ക് മുഖ്യമന്ത്രി പദം നഷ്ടമായതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

Read Also: കോണ്‍ഗ്രസിനെ നയിക്കാന്‍ ഖര്‍ഗെ; വന്‍ ലീഡോടെ വിജയം; കരുത്തുകാട്ടി തരൂര്‍

താന്‍ നെഹ്‌റു കുടുംബത്തിന്റെ നിഴലില്ലെന്ന് ഖര്‍ഗെക്ക് തെളിയിക്കാനും വിശ്വാസമാര്‍ജിക്കാനും സാധിക്കുമോ എന്ന ചോദ്യമാണ് അടിത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുമുണ്ടാകുന്നത്. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ഭരണം വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നത് മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയിലുള്ള ശക്തി ചോര്‍ന്ന് പോകുന്നതുകൂടി കോണ്‍ഗ്രസ് നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ജോതിരാദിത്യസിന്ധ്യ എന്നിങ്ങനെ കരുത്തരായ നേതാക്കള്‍ ചോര്‍ന്ന് പോകുന്നതും കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി തുടങ്ങിയിട്ടുണ്ട്. ഈ വെല്ലുവിളികളെ മറികടന്ന് കോണ്‍ഗ്രസ് നേതാക്കളിലും പ്രവര്‍ത്തകരിലും ഒരുപോലെ ഊര്‍ജം നിറയ്ക്കുകയെന്ന വലിയ ദൗത്യമാണ് ഖര്‍ഗെയ്ക്ക് നേരിടാനുള്ളത്. പ്രഖ്യാപിച്ചതുപോലെ ആയിരത്തിലധികം വോട്ടുകള്‍ നേടിയ ഡോ. ശശി തരൂരിനെ പാര്‍ട്ടി ഇനി ഏതുവിധത്തില്‍ ഉള്‍ക്കൊള്ളുമെന്നതും പ്രയോജനപ്പെടുത്തുമെന്നതും നിര്‍ണായകവുമാണ്.

Story Highlights: congress president mallikarjun kharge profile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here