Advertisement

‘മതപരിവർത്തനം നടത്തുന്നുണ്ടോ?’; ഇൻഡോറിൽ 40 ഓളം പള്ളികൾക്ക് പൊലീസ് നോട്ടീസ്, വിവാദമായതോടെ പിൻവലിച്ചു

July 17, 2023
Google News 2 minutes Read
MP Police issue notices to church office-bearers seeking religious conversion details

വിവാദ നടപടിയുമായി മധ്യപ്രദേശ് പൊലീസ്. മതപരിവർത്തന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇൻഡോറിലെ ക്രിസ്ത്യൻ പള്ളികൾക്ക് നോട്ടീസ് നൽകി. ക്രിസ്ത്യൻ സമൂഹത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് നോട്ടീസ് പിൻവലിച്ച് തടിതപ്പിയിരിക്കുകയാണ് പൊലീസ്. നോട്ടീസ് അബദ്ധത്തിൽ അയച്ചതാണെന്നാണ് പൊലീസ് വിശദീകരണം.

ഇൻഡോറിലെ 40 ഓളം പള്ളികളുടെയും മതസംഘടനകളുടെയും ഭാരവാഹികൾക്ക് കഴിഞ്ഞയാഴ്ചയാണ് പൊലീസ് നോട്ടീസ് അയച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി മുന്നൂറോളം പേർക്ക് നോട്ടീസ് ലഭിച്ചതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു. പ്രവർത്തന ലക്ഷ്യം?, പ്രവർത്തനങ്ങൾ സംശയാസ്പദമാണോ/പ്രക്ഷോഭപരമാണോ?, മതപരിവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? എന്നിവയെക്കുറിച്ച് വിശദീകരിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

16 പോയിന്റുകൾ അടങ്ങുന്ന ഒരു ചോദ്യാവലി നോട്ടീസിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു. പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ‘എന്തുകൊണ്ട് ക്രിസ്ത്യാനികൾക്ക് മാത്രം നോട്ടീസ് നൽകി? കത്തിലെ ചോദ്യങ്ങൾ സംശയാസ്പദമാണ്. ഇത് നല്ലകാര്യമായി തോന്നുന്നില്ല’ – യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം മേധാവി കൂടിയായ ഇൻഡോർ രൂപതാ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ പ്രതികരിച്ചു.

‘നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർക്കാണ് നോട്ടീസ് അയച്ചത്. എന്നാൽ ഇവ അബദ്ധവശാൽ ക്രിസ്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്ക് ലഭിക്കുകയായിരുന്നു. സമുദായാംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നോട്ടീസ് പിൻവലിച്ചിട്ടുണ്ട്’- വിഷയത്തിൽ ഇൻഡോർ പൊലീസ് കമ്മീഷണർ മക്രന്ദ് ദിയോസ്‌കർ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ക്രിസ്ത്യൻ സംഘടനകൾ.

Story Highlights: MP Police issue notices to church office-bearers seeking religious conversion details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here