Advertisement

‘പെണ്‍മക്കള്‍ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടണം’; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി; മണിപ്പൂരിനെക്കുറിച്ച് മൗനം

August 14, 2023
Google News 3 minutes Read
President Droupadi Murmu address on the eve of 77th Independence Day

മണിപ്പൂരിനെക്കുറിച്ച് പറയാതെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലയായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം. സഹോദരിമാരും പെണ്‍മക്കളും എല്ലാ വെല്ലുവിളികളും ധൈര്യത്തോടെ അഭിമുഖീകരിച്ച് മുന്നോട്ടുപോകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ന് സ്ത്രീകള്‍ രാജ്യത്തിന് വേണ്ടിയുള്ള വികസനത്തിലും സേവനത്തിലും എല്ലാ മേഖലകളിലും വിപുലമായ സംഭാവനകള്‍ നല്‍കുകയും രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പങ്കാളിത്തം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഇന്ന് നമ്മുടെ സ്ത്രീകള്‍ അത്തരം നിരവധി മേഖലകളില്‍ സ്ഥാനം നേടിയിട്ടുണ്ടെന്നും സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. (President Droupadi Murmu address on the eve of 77th Independence Day)

വികസന ലക്ഷ്യങ്ങളും മാനുഷിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് പ്രധാന പങ്കെന്ന് രാഷ്ട്രപതി വിലയിരുത്തി. ജി 20 ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു. ആഗോള മുന്‍ഗണനകള്‍ ശരിയായ ദിശയില്‍ നേടാനുള്ള സവിശേഷ അവസരമാണിത്. രാജ്യം വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ശ്രദ്ധേയമായ ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ദുഷ്‌കരമായ സമയങ്ങളില്‍ പ്രതിരോധശേഷിയുള്ളതായി തെളിയിക്കുകയും മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ ഉറവിടമായി മാറുകയും ചെയ്തു. കഴിഞ്ഞ ദശകത്തില്‍ ധാരാളം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞു. ഗോത്ര സഹോദരങ്ങള്‍ പാരമ്പര്യങ്ങളെ സമ്പന്നമാക്കുന്നതിനൊപ്പം ആധുനികത സ്വീകരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ചന്ദ്രയാന്‍ മൂന്നിനെക്കുറിച്ചും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പരാമര്‍ശിച്ചു. ബഹിരാകാശത്ത് നമ്മുടെ ഭാവി പരിപാടികള്‍ക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ് ചാന്ദ്ര ദൗത്യം. നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപ ചെലവിട്ട് സര്‍ക്കാര്‍ അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നു. ഈ ഫൗണ്ടേഷന്‍ നമ്മുടെ കോളേജുകളിലും സര്‍വ്വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും. അന്താരാഷ്ട്ര സൗരോര്‍ജ്ജ പ്രചാരണത്തിന് ഇന്ത്യ നേതൃത്വം നല്‍കി. പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി ലോക സമൂഹത്തിന് നല്‍കിയത് ഇന്ത്യയാണെന്നും രാഷ്ട്രപതി വിലയിരുത്തി.

ഭരണഘടനാപരമായ അടിസ്ഥാന കടമകള്‍ നിറവേറ്റാനും വ്യക്തിപരവും കൂട്ടായതുമായ പ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലകളിലും മികവിലേക്ക് നീങ്ങാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്താനും നമുക്കെല്ലാവര്‍ക്കും പ്രതിജ്ഞയെടുക്കാംമെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം തുടര്‍ച്ചയായി പുരോഗമിക്കുമ്പോള്‍ കഠിനാധ്വാനത്തിന്റെയും നേട്ടങ്ങളുടെയും പുതിയ ഉയരങ്ങള്‍ കൈവരിക്കും. നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപക പിതാക്കന്മാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവത്തില്‍ നമുക്ക് മുന്നോട്ട് പോകാമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Story Highlights: President Droupadi Murmu address on the eve of 77th Independence Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here