Advertisement

സന്തോഷമല്ല, ദുഃഖത്തിനിടയിലെ ആശ്വാസമാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ; മറിയാമ്മ ഉമ്മൻ

September 11, 2023
Google News 1 minute Read
Mariamma Oommen reacts to Chandi Oommen's victory

മറുപടി അർഹിക്കാത്ത ആരോപണങ്ങൾ ആയിരുന്നു ഉമ്മൻചാണ്ടിക്കെതിരെ ഉണ്ടായിരുന്നതെന്നും അതിന് പുതുപ്പള്ളിയിലെ ജനങ്ങൾ ഇടിമുഴക്കം പോലെ മറുപടി നൽകിയെന്നും ഭാര്യ മറിയാമ്മ ഉമ്മൻ. മകന് ഉമ്മൻചാണ്ടിയുടെ പാത 100 ശതമാനം നിലനിർത്താൻ കഴിയും. സന്തോഷമല്ല, ദുഃഖത്തിനിടയിലെ ആശ്വാസമാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയെന്നും മറിയാമ്മ ഉമ്മൻ 24 നോട് പറഞ്ഞു.

ചാണ്ടി ഉമ്മൻ നിയമസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യോത്തര വേളക്കുശേഷമാകും ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. ഇന്ന് പുനരാരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് താൽക്കാലികമായി സഭ നിർത്തിവച്ചത്.

രണ്ടാം പിണറായി സർക്കാറിന്റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചതിന്റെ ഊർജ്ജവുമായിട്ടാണ് പ്രതിപക്ഷം സഭയിൽ എത്തുക. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സോളാർ വിഷയം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന പ്രതിപക്ഷം ശൂന്യവേളയിൽ സഭയിൽ ഉന്നയിക്കും. സിപിഐഎമ്മും മുഖ്യമന്ത്രിയും മാപ്പു പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഷാഫി പറമ്പിൽ എം.എൽ.എയാണ് നോട്ടീസ് അവതരിപ്പിക്കുക.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ഗൂഡാലോചന നടത്തിയെന്ന് സിബിഐ റിപ്പോർട്ട് വന്നിരുന്നു. എന്നാലിത് ശരണ്യ തള്ളിയിരുന്നു. പരാതിക്കാരി എഴുതിയ യഥാർത്ഥ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്നും ഇക്കാര്യം താൻ തന്നെ സിബിഐയിൽ പറഞ്ഞതാണെന്നും, പിന്നെങ്ങനെയാണ് തന്റെ പേര് സിബിഐ ഗൂഡാലോചനയിൽ ഉൾപ്പെടുത്തിയതെന്നും ശരണ്യ ട്വന്റിഫോറിനോട് ചോദിച്ചു.

സർക്കാരിനെതിരായ ജനവിധിയെന്നും ഭരണവിരുദ്ധ വികാരമെന്നും ചുണ്ടിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. മാസപ്പടിവിവാദം, തെരഞ്ഞെടുപ്പ് തോൽവി ,കരുവന്നൂർ ബാങ്ക് തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആരോപണം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനവും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കുക എന്നതിനൊപ്പം ഉയർന്നുവരുന്ന വിവാദങ്ങൾക്കും മറുപടി നൽകുകയെന്ന വെല്ലുവിളി കൂടി ഭരണപക്ഷത്തിനുണ്ട് . നാലുദിവസമാണ് സഭ സമ്മേളിക്കുക.

Story Highlights: Mariamma Oommen reacts to Chandi Oommen’s victory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here