Advertisement

‘മുൻ ഭാര്യ ധവാനെ പലതരത്തിലും മാനസികമായി പീഡിപ്പിച്ചു’; വിവാഹമോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി

October 5, 2023
Google News 2 minutes Read
Ayesha Cruelty Shikhar Dhawan

മുൻ ഭാര്യ അയേഷ മുഖർജി ശിഖർ ധവാനെ പലതരത്തിലും മാനസികമായി പീഡിപ്പിച്ചു എന്ന് ഡൽഹി കുടുംബ കോടതി. ഇരുവർക്കും വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. 2012 ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് 10 വയസുള്ള ഒരു മകനുണ്ട്. മകൻ സോറവീർ ധവാനും അയേഷയും ഓസ്ട്രേലിയൻ പൗരത്വമുള്ളവരാണ്. മുൻ ഭർത്താവിൽ അയേഷയ്ക്ക് രണ്ട് പെൺകുട്ടികളുണ്ട്. (Ayesha Cruelty Shikhar Dhawan)

ഭാര്യക്കെതിരെ ശിഖർ ധവാൻ ഉയർത്തിയ ആരോപണങ്ങൾ കുടുംബ കോടതി അംഗീകരിച്ചു. ധവാൻ്റെ ആരോപണങ്ങൾക്കെതിരെ ഉയർത്തിയ വാദങ്ങൾ തെളിയിക്കാൻ ഭാര്യയുടെ അഭിഭാഷകൻ പരാജയപ്പെട്ടു. ദീർഘദൂര വിവാഹബന്ധത്തിന് നിർബന്ധിച്ചതിലൂടെ അയേഷ ധവാനെ മാനസികമായി ബുദ്ധിമുട്ടിച്ചു എന്നും വർഷങ്ങളോളം മകനെ ധവാനിൽ നിന്ന് അകറ്റി എന്നും കോടതി നിരീക്ഷിച്ചു.

Read Also: ’14 ആം വയസിൽ എച്ച്ഐവി ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവായതോടെ ആശ്വാസം ലഭിച്ചു’; ശിഖർ ധവാൻ

തനിക്ക് ഇന്ത്യൻ ടീമിൽ കളിക്കേണ്ടതിനാൽ വിവാഹത്തിനു ശേഷം ഇന്ത്യയിലേക്ക് താമസം മാറാമെന്ന് ഭാര്യ വാക്കുപറഞ്ഞതായി ധവാൻ്റെ പരാതിയിൽ പറയുന്നു. എന്നാൽ, വിവാഹത്തിനു ശേഷം ഇന്ത്യയിലേക്ക് മാറാൻ അയേഷ വിസമ്മതിച്ചു. ഇന്ത്യയിലേക്ക് മാറിയാൽ തൻ്റെ രണ്ട് പെണ്മക്കളുടെ കസ്റ്റഡി മുൻ ഭർത്താവിനു നൽകേണ്ടിവരുമെന്നതായിരുന്നു കാരണം. മകനെ കാണാതെ വർഷങ്ങളോളം കഴിയേണ്ടിവന്നത് തന്നെ മാനസികമായി ബാധിച്ചു എന്നും ധവാൻ പറയുന്നു. ഓസ്ട്രേലിയയിൽ വാങ്ങിയ തൻ്റെ മൂന്ന് ഭൂസ്വത്ത് നിർബന്ധപൂർവം അയേഷ എഴുതിവാങ്ങി. അതിൽ ഒന്നിൻ്റെ 99 ശതമാനം അവകാശവും അയേഷയാണ്. മറ്റ് രണ്ടെണ്ണത്തിൻ്റെ സഹ ഉടമസ്ഥവകാശവും അയേഷയ്ക്കുണ്ട്. ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ അയേഷയ്ക്ക് സാധിച്ചില്ല എന്ന് കോടതി നിരീക്ഷിച്ചു. ഈ ഭൂസ്വത്ത് വാങ്ങാൻ അയേഷ പണം മുടക്കിയിട്ടില്ല. സ്നേഹം കൊണ്ട് അവരുടെ പേര് ഉടമസ്ഥരിൽ ഉൾപ്പെടുത്തിയിട്ടുമില്ല എന്നും കോടതി പറഞ്ഞു.

മകനും ആദ്യ ഭർത്താവിൻ്റെ രണ്ട് മക്കൾക്കുമുള്ള ചെലവ് തന്നിൽ നിന്ന് നിർബന്ധിച്ച് വാങ്ങിയെന്നും ധവാൻ ആരോപിച്ചു. ആദ്യ ഭർത്താവിൽ നിന്ന് രണ്ട് മക്കൾക്കുള്ള ചെലവ് അയേഷ വാങ്ങുന്നുണ്ടായിരുന്നു. ഇത് കൂടാതെയാണ് തന്നിൽ നിന്നും പണം വാങ്ങിയത് എന്നും ഇന്ത്യൻ താരം വാദിച്ചു.

മകനെ ഇടക്കിടെ കാണാൻ ധവാന് കോടതി അനുവാദം നൽകി. സ്കൂളവധിക്ക് മകനെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അയേഷയോട് കോടതി നിർദ്ദേശിച്ചു.

Story Highlights: Ayesha Cruelty Agony Shikhar Dhawan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here