Advertisement

യേശുദാസ് @ 84; ശതാഭിഷേക നിറവിൽ ​ഗാന​ഗന്ധർവൻ

January 10, 2024
Google News 2 minutes Read

ഏഴുസ്വരങ്ങളും തഴുകിയുണർത്തിയ ഗന്ധർവ ഗായകന് ഇന്ന് ശതാഭിഷേകം. സാർത്ഥകമായ എൺപത്തിനാല് വർഷങ്ങൾ. യേശുദാസ് എന്നത് ഒരു വ്യക്തിയുടെ പേരല്ല. ആറു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന, എല്ലാ മനുഷ്യവികാരങ്ങളേയും ഉൾക്കൊള്ളുന്ന അപൂർവസുന്ദരമായ ഒരു രാഗത്തിന്റെ പേരാണ് അത്. കാലാതീതമായ ആ ഗന്ധർവധാരയിലെ നീരാട്ടില്ലാതെ മലയാളിക്കെന്ത് ജീവിതം?. നമ്മുടെ പ്രഭാതവും പ്രദോഷവുമെല്ലാം ആ സംഗീതത്തിലാണല്ലോ ഒഴുകിനീങ്ങുന്നത്.

ഇല്ലായ്മകളുടേയും കഷ്ടപ്പാടുകളുടേയും ലോകത്താണ് യേശുദാസിന്റെ പിറവി. 1940 ജനുവരി പത്തിന് ഫോർട്ടുകൊച്ചിയിൽ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും ഏഴു മക്കളിൽ രണ്ടാമൻ. അച്ഛനാണ് ശുദ്ധസംഗീതത്തിന്റെ വഴിയെ യേശുദാസിനെ കൈപിടിച്ചു നടത്തിയത്. എട്ടാം വയസ്സിൽ കൊച്ചിൻ നേവൽ ബേസിലെ സംഗീതമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് അച്ഛൻ പഠിപ്പിച്ച ഗാന്ധികീർത്തനവുമായാണ്. പതിനൊന്നു വയസ്സിൽ പശ്ചിമകൊച്ചിയിലെ ചുള്ളിക്കലിലെ ഒരു ക്ഷേത്ര ഉത്സവത്തിന് കച്ചേരി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം.

മുഹമ്മദ് റഫിയുടെ പാട്ടുകളോടായിരുന്നു ചെറുപ്പത്തിൽ യേശുദാസിന്റെ ആരാധന. സ്‌കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിൽ ഒന്നാം സ്ഥാനം നേടിയ യേശുദാസിന്റെ സംഗീതപഠനം തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളെജിലായിരുന്നു. ‘മാപ്പിളയ്‌ക്കെന്ത്് സംഗീതം’ എന്ന് പുച്ഛിച്ച അധ്യാപകനോടുള്ള വാശിയാണ് കുട്ടിക്കാലത്ത് സംഗീതം വശത്താക്കാൻ പ്രേരണയായതെന്നും ആകാശവാണിയിലെ ഓഡിഷനിൽ തഴയപ്പെട്ടത് വാശിയോടെ മത്സരിക്കാൻ പ്രചോദനമായെന്നും പിൽക്കാലത്ത് യേശുദാസ് പറഞ്ഞിട്ടുണ്ട്.

1961 നവംബർ 14-നാണ് കാൽപ്പാടുകൾ എന്ന സിനിമയ്ക്കായാണ് 21-കാരനായിരുന്ന യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്. പനി മൂലം പാടാൻ നിശ്ചയിച്ചിരുന്ന തട്ടുപൊളിപ്പൻ ഗാനത്തിനു പകരം ശ്രീനാരായണഗുരുവിന്റെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന നാലുവരി ശ്ലോകം ചൊല്ലി സിനിമയിൽ അരങ്ങേറ്റം. എം ബി ശ്രീനിവാസനായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമാലോകം യേശുദാസിന്റെ നാദവിസ്മയത്തിന് വേദിയാകുകയായിരുന്നു പിന്നീട്.

ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്, എം കെ അർജുനൻ, രവീന്ദ്രൻ, ജോൺസൺ, പി ഭാസ്‌കരൻ, വയലാർ, ഒഎൻവി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ പ്രതിഭാധനന്മാരൊരുക്കിയ മികച്ച ഗാനങ്ങളിലേറെയും പാടാനായി യേശുദാസിന്. പതിനൊന്ന് പാട്ടുകൾ വരെ പാടിയ ദിവസങ്ങളുണ്ടായിരുന്നു ഗായകന്. സമ്പൂർണരാഗമാകാൻ കൊതിക്കുന്ന ഒരു സ്വരവും, സാഗരമാകാൻ കൊതിക്കുന്ന ഒരു സൗപർണികയുമാണ് താനെന്നാണ് യേശുദാസ് സ്വയം വിശേഷിപ്പിക്കുന്നത്.

Story Highlights: KJ Yesudas 84th birthday today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here