Advertisement

നയതന്ത്ര ഉലച്ചിലിന് ഇടയിലും മാലിദ്വീപിനുള്ള ബജറ്റ് തുകയിൽ വർധനവ്

February 1, 2024
Google News 4 minutes Read
Indian interim Budget figures show increased allocation to Maldives at Rs 770 crore

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം ഉലയുന്നതിനിടയിലും മാലിദ്വീപിനുള്ള വകയിരുത്തലില്‍ ഇത്തവണ ബജറ്റില്‍ വന്‍ വര്‍ധന. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 770 കോടി രൂപയാണ് മാലിദ്വീപിനായി വകയിരുത്തിയിരിക്കുന്നത്. ഇതേ സാമ്പത്തിക വര്‍ഷം തന്നെ മാലിദ്വീപിനായി 400 കോടി രൂപ വകയിരുത്തിയിരുന്നതിലാണ് ഇടക്കാല ബജറ്റോടെ ഭീമമായ വര്‍ധനയുണ്ടായിരിക്കുന്നത്. അയല്‍രാജ്യങ്ങള്‍ക്കുള്ള വിഹിതത്തില്‍ ബജറ്റില്‍ ഏറ്റവുമധികം വര്‍ധനയുണ്ടായിരിക്കുന്നത് മാലിദ്വീപിനാണ്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഉലഞ്ഞതിന് പിന്നാലെ മാലിദ്വീപിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ബജറ്റില്‍ ഈ വിധത്തില്‍ സാമ്പത്തിക പിന്തുണ നല്‍കിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. (Indian interim Budget figures show increased allocation to Maldives at Rs 770 crore)

2022-23 സാമ്പത്തിക വര്‍ഷത്തെ വിഹിതമായ 183.16 കോടിയില്‍ നിന്ന് ഈ വര്‍ഷം ഭീമമായ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും 2024-25 സാമ്പത്തിക വര്‍ഷത്തെ വിഹിതത്തില്‍ 22 ശതമാനം കുറവ് വരുത്താനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള മൊത്തം വിഹിതത്തില്‍ 10 ശതമാനത്തോളം കുറവ് വരുത്താനാണ് തീരുമാനം. പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് വിദേശരാജ്യങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക സഹായം ഉപയോഗിക്കുക.

2018ല്‍ വിദേശ സഹായത്തിനായുള്ള മൊത്തം വിഹിതത്തിന്റെ 2.1 ശതമാനം മാലിദ്വീപിന് ലഭിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ അത് 6.8 ശതമാനമായി ഉയര്‍ന്നു. 2023-24സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വിഹിതത്തിന്റെ 6.84 ശതമാനമാണ് മാലിദ്വീപിന് ലഭിച്ചത്.

നേപ്പാളിനും അഫ്ഗാനിസ്ഥാനും നല്‍കുന്ന വിഹിതത്തിലും ഇടക്കാല ബജറ്റില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. നേപ്പാളിന് 100 കോടിയാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ നേപ്പാളിനുള്ള വിഹിതം 650 കോടി രൂപയായി ഉയര്‍ന്നു. അതേസമയം അഫ്ഗാനിസ്ഥാന് 20 കോടി രൂപയുടെ മിതമായ വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. 220 കോടി രൂപയാണ് പുതുക്കിയ വിഹിതം. ഭൂട്ടാനാണ് ഏറ്റവുമധികം തുക വകയിരുത്തിയിട്ടുള്ളത്. 2398.97 കോടി രൂപയാണ് ഭൂട്ടാനായി വകയിരുത്തിയിരിക്കുന്നത്.

Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

ബംഗ്ലാദേശിന് 130 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മൗറീഷ്യസ്, സീഷെല്‍സ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ക്ക് യഥാക്രമം 330 കോടി, 9.91 കോടി, 370 കോടി എന്നിങ്ങനെയാണ് വകമാറ്റിയിരിക്കുന്നത്.

Story Highlights: Indian interim Budget figures show increased allocation to Maldives at Rs 770 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here