Advertisement

സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് വേണ്ടെന്ന തീരുമാനം പിൻവലിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

April 16, 2024
Google News 4 minutes Read
school lunch licence vd satheesan letter pinarayi vjayan

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സ്‌കൂളുകളിൽ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങൾ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണെന്ന് വിഡി സതീശൻ പറഞ്ഞു. (school lunch licence satheesan)

കത്തിൻ്റെ പൂർണരൂപം:

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന് കേന്ദ്ര നിയമത്തിൽ അനുശാസിക്കുന്ന ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടു കാണുമല്ലോ.

23-03-2024 ലെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നമ്പർ എം 1/367/2023/പൊ.വി.വ ഉത്തരവ് പ്രകാരം കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും നിയമം അനുശാസിക്കുന്നതു കൊണ്ട് മാത്രം വിതരണം ചെയ്യുന്നതിനാൽ ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമാക്കേണ്ടതില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്.

വെങ്ങാനൂർ ഉച്ചക്കട എൽ.പി സ്‌കൂളിലും, കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്‌കൂളിലും കോഴിക്കോട് കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്‌കൂളിലും ജി.വി രാജ സ്പോർട്സ് സ്‌കൂളിലും നെയ്യാറ്റിൻകര തത്തിയൂർ പി.വി യു.പി.എസിലും ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലും ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന വേണ്ടെന്ന തീരുമാനം നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണ് .

വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സർക്കാരിന്റെ സേഫ് ഫുഡ് ആന്റ് ഹെൽത്ത് ഡയറ്റ്സ് ഫോർ സ്‌കൂൾ ചിൽഡ്രൻ റെഗുലേഷൻ-2020 മൂന്നാം വകുപ്പിൽ നിഷ്‌ക്കർഷിക്കുന്നുണ്ട്; Responsibilities of school authorities to ensure safe food and balance diet on school premises.

കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര നിയമം പാലിക്കേണ്ടതില്ലെന്ന തീരുമാനം അതുകൊണ്ട് തന്നെ നിയമവിരുദ്ധവുമാണ്. സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധന വേണ്ടെന്ന് തീരുമാനിച്ചതിലൂടെ കുട്ടികളുടെ ആരോഗ്യത്തിന് എന്ത് വിലയാണ് ഈ സർക്കാർ കൽപ്പിക്കുന്നത്?

നിയമവിരുദ്ധവും ജനവിരുദ്ധവുമായ ഉത്തരവ് പിൻവലിച്ച് സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.

Story Highlights: school lunch licence vd satheesan letter pinarayi vjayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here