Advertisement

ഒരിക്കൽ സ്വന്തം സാമ്രാജ്യമായിരുന്ന അമേഠിയിലും റായ് ബറേലിയിലും മുട്ടിടിച്ച് ഗാന്ധി കുടുംബം

April 17, 2024
Google News 7 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, നെഹ്റു-ഗാന്ധി കുടുംബം പാരമ്പര്യമായി മത്സരിക്കുന്ന റായ് ബറേലി, അമേഠി മണ്ഡലങ്ങളിലേക്ക് കോൺഗ്രസ് ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ മെയ് 20 ന് രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിൻ്റെ ഫലം നിർണയിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ 17 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കും. ഇന്ത്യാ മുന്നണിയിലുള്ള  സമാജ്‌വാദി പാർട്ടി (എസ്‌പി) ശേഷിക്കുന്ന 63 സീറ്റുകളിൽ മത്സരിക്കും. നിലവിൽ 20 സ്ഥാനാർത്ഥികളുടെ പേരുകളാണ് എസ്പി പുറത്തുവിട്ടത്. കോൺഗ്രസ് 15 പേരുകൾ പുറത്തുവിട്ടു. അമേഠി, റായ്ബറേലി മണ്ഡലത്തിലെ സ്ഥാനാർഥികളെ കോൺഗ്രസ് തന്നെ തീരുമാനിക്കട്ടെ എന്നാണ്. 

കോൺഗ്രസ് മുൻ പ്രസിഡൻ്റുമാരായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഈ മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധ്യതയില്ല. സോണിയ ഗാന്ധി നിലവിൽ രാജ്യസഭാംഗമാണ്. രാഹുൽ ഗാന്ധിയാകട്ടെ വയനാട് നിന്ന് മത്സരിക്കാൻ പത്രിക സമർപ്പിച്ച് കഴിഞ്ഞു. അമേഠിയിൽ നിന്ന് മത്സരിക്കുമോ ഇല്ലയോ എന്ന രാഹുൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര അമേഠിയിൽ നിന്ന് മത്സരിക്കാൻ സമ്മതമറിയിച്ചിരുന്നു. എന്നാൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം ആവശ്യപ്പെട്ടാണ് മണ്ഡലത്തിൽ പോസ്റ്ററുകൾ ഉയർന്നത്. മെയ് മൂന്നിനാണ് പത്രിക സമർപ്പിക്കാനുള്ള  അവസാന തിയതി. 

Read Also: കംബോഡിയയിൽ സൈബർ അടിമയായി മലയാളിയും

അമേഠിയും ഗാന്ധികുടുബവും

അമേഠി, തിലോയ്, ജഗ്ദിഷ്പുർ, സലോൺ, ഗൗരിഗഞ്ച് എന്നീ അസംബ്ലീ മണ്ഡലങഅഹൾ ചേരുന്നതാണ് അമേഠി ലോക്സഭാ മണ്ഡലം. 2011ലെ സെൻസസ് അനുസരിച്ച് 18.67 ലക്ഷം ആളുകളാണ് മണ്ഡലത്തിലുള്ളത്.  മുസാഫിർഖാന, അമേഠി, സലോൺ, തിലോയ്, ഗൗരിഗഞ്ച്, ജഗദീഷ്പൂർ തുടങ്ങിയ പ്രധാന നഗരങ്ങൾ ഈ മണ്ഡലത്തിലാണ് വരുന്നത്. അമേഠിയിലെ ജനസംഖ്യയുടെ 25% പട്ടികജാതിക്കാരും 0.01% പട്ടികവർഗക്കാരുമാണ്. മൊത്തം സാക്ഷരതാ നിരക്ക് 69.7% ആണ്. ഫൈസാബാദ്, ബരാബങ്കി, റായ്ബറേലി, പ്രതാപ്ഗഡ് തുടങ്ങിയ മണ്ഡലങ്ങളാണ് അമേഠിയുടെ അതിർത്തി.

മണ്ഡലം രൂപീകരിച്ചത് മുതൽ 2019 വരെ കോൺഗ്രസിൻ്റെ കുത്തക മണ്ഡലമായിരുന്നു അമേഠി. രണ്ടുതവണയാ മാത്രമായിരുന്നു കോൺഗ്രസ് ഇവിടെ പരാജയപ്പെട്ടത്. അടിയന്തരാവസ്ഥയെത്തുടർന്ന് 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധിയെ ജനതാ പാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിംഗ് പരാജയപ്പെടുത്തി. പിന്നീട് 1998ൽ ബിജെപിയുടെ സഞ്ജയ സിങ് കോൺഗ്രസിൻ്റെ സതീഷ് ശർമ്മയെ പരാജയയപ്പെടുത്തി. സഞ്ജയ് ഗാന്ധി (1980), രാജീവ് ഗാന്ധി (1981,1984, 1989, 1991), സോണിയ ഗാന്ധി (1998), രാഹുൽ ഗാന്ധി (2004, 2009, 2014) എന്നിവരാണ് അമേഠിയെ പ്രതിനിധീകരിച്ച ഗാന്ധിമാർ.

സഞ്ജയ് ഗാന്ധി (1980)

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിലാണ് സഞ്ജയ് ഗാന്ധി ആദ്യമായി അമേഠിയിൽ മത്സരിച്ചത്. ഇന്ദിരാ ഗാന്ധി രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. സഞ്ജയ് ഗാന്ധി ഇടപെട്ട നിർബന്ധിത വന്ധ്യംകരണം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായ തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിങ്ങിനൊപ്പമാാണ് അമേഠിയിലെ വോട്ടർമാർ നിലകൊണ്ടത്. എന്നാൽ സുസ്ഥിര ഗവൺമെൻ്റ് എന്ന മുദ്രാവാക്യവുമായി ഇന്ദിരാ ഗാന്ധി പ്രചരണം നടത്തിയ 1980ൽ നടന്ന തെരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധി 57.11 % വോട്ടുകൾ നേടി രവീന്ദ്ര പ്രതാപ് സിങ്ങിനെ പരാജയപ്പെടുത്തി. 17.85 % വോട്ടുകൾ മാത്രമാണ് സിങ്ങിന് മണ്ഡലത്തിൽ നിന്ന്  നേടാനായത്. ഇവിടെനിന്ന് അമേഠിയും കോൺഗ്രസും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടു. 

രാജീവ് ഗാന്ധി (1981,1984, 1989, 1991)

1980 ജൂൺ 23ന് വിമാനപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതിനേത്തുടർന്ന് 1981ൽ നടന്ന തെരഞ്ഞെടുപ്പിലാണ് രാജീവ് ഗാന്ധി അമേഠിയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. രണ്ടരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലോക്‌ദളിൻ്റെ ശരദ് യാദവിനെ രാജീവ് ഗാന്ധി പരാജയപ്പെടുത്തിയത്. ശരദ് യാദവിന് 21,188 വോട്ടുകൾ മാത്രമാണ് ലലഭിച്ചത്. 1984ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സഞ്ജയ് ഗാന്ധിയുടെ ഭാര്യ മനേക ഗാന്ധിയെ 3,14,878 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാജീവ് ഗാന്ധി പരാജയപ്പെടുത്തി. 1989, 1991 വർഷങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പിലും രാജീവ് ഗാന്ധി ഇവിടെ നിന്ന്  തെരഞ്ഞെടുക്കപ്പെട്ടു. അമേഠി എംപി ആയിരിക്കെയാണ് 1991 മെയ് 21ന്  എൽടിടിഇ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. 

ഭരണകാലത്ത് മണ്ഡലത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കാണ് രാജീവ് ഗാന്ധി പ്രാധാന്യം നൽകിയത്. സഞ്ജയ് ഗാന്ധിയുടെ ആഗ്രഹം പോലെ  1980 ൽ ജഗദീഷ്പൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വികസനം നടപ്പാക്കി.  ഗ്യാസ്, പവർ, കൺസ്ട്രക്ഷൻ, ലോഹം, രാസപദാർഥങ്ങളുടെ നിർമ്മാണം, ഖനനം തുടങ്ങിയ വലിയ വ്യവസായങ്ങളും കൃഷി, റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, അരി മില്ലുകൾ, ഗതാഗതം, സംഭരണം, അച്ചടി എന്നിവയ്ക്കായി മീഡിയം സ്കെയിൽ സ്ഥാപനങ്ങും സ്ഥാപിക്കപ്പെട്ടു. 1982-ൽ  സഞ്ജയ് ഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റൽ സ്ഥാപിച്ചു. കോർവയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൻ്റെ ഏവിയോണിക്സ് ഡിവിഷൻ 1983-ലും ഇന്ദിരാഗാന്ധി നാഷണൽ ഏവിയേഷൻ അക്കാദമി 1984-ലും സ്ഥാപിതമായി. ലഖ്‌നൗവിനെയും വാരണാസിയെയും ബന്ധിപ്പിക്കുന്ന ഹൈവേകളുടെ നിർമ്മാണത്തോടെ അമേഠിയിലേക്കുള്ള ഗതാഗതസംവിധാനങ്ങളും മെച്ചപ്പെട്ടു. ഫലഭൂയിഷ്ഠതയില്ലാത്തതും ക്ഷാരഗുണമുള്ളതുമായ നിരവധി ഭൂപ്രദേശങ്ങളും പുനരുജ്ജീവിപ്പിച്ച് കാർഷിക രംഗവും ശക്തിപ്പെടുത്തി.

സോണിയ ഗാന്ധി (1999)

രാജീവ് ഗാന്ധിയുടെ മരണത്തേത്തുടന്നാണ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. രാഷ്ട്രീയത്തിലിറങ്ങാൻ ആദ്യം വിസ്മതിച്ചെങ്കിലും പിന്നീട് പാർട്ടി നേതൃത്വത്തിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് സോണിയ ഗാന്ധി 1997ൽ കോൺഗ്രസിൽ ചേർന്നത്. 1998ൽ  പാർട്ടി പ്രസിഡൻ്റായി. 1999 അമേഠിയിൽ നിന്ന് 4,18,960 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സോണിയ ഗാന്ധി വിജയിച്ചു. 

രാഹുൽ ഗാന്ധി (2004,2009,2014)

ബിജെപി ദയനീയമായി പരാജയപ്പെട്ട 2004ൽ ആണ് രാഹുൽ ഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സോൺഗ്രസ് പ്രസിഡൻ്റായിരുന്ന രാഹുൽ ഗാന്ധി 2,90,853 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി, ബിഎസ്‌പി സ്ഥാനാർഥികളെ തോൽപ്പിച്ച് അമേഠിയിൽ നിന്ന് വിജയിച്ചത്. 2009ലും 2014ലും വിജയം ആവർത്തിച്ചു. എന്നാൽ 2014ൽ ആഞ്ഞടിച്ച മോദി തരംഗത്തിൽ കന്നി പോരാട്ടത്തിനിറങ്ങി സ്മൃതി ഇറനായോട് രാഹുൽ ഗാന്ധി പരാജയപ്പെട്ടു. എംപിയായിരുന്ന ആദ്യത്തെ 10 വർഷവും കേന്ദ്രത്തിൽ കോൺഗ്രസും, സംസ്ഥാനത്തിൽ ബിഎസ്‌പിയും സമാജ്‌വാദി പാർട്ടിയുമാണ് അധികാരത്തിലുണ്ടായിരുന്നത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി, ഹിന്ദുസ്ഥാൻ പേപ്പർ മിൽ, ജഗദീഷ്പൂരിലെ ഫുഡ് പാർക്ക്, സാമ്രാട്ട് സൈക്കിൾ ഫാക്ടറി തുടങ്ങിയ പദ്ധതികൾ മണ്ഡലത്തിലേക്ക് കൊണ്ടുവന്നെങ്കിലും പല കാരണങ്ങളാൽ ഈ പദ്ധതികളെല്ലാം സ്ഥംഭിച്ചു പോയി. 2005-ൽ സ്ഥാപിതമായ ഇന്ദിരാഗാന്ധി ഐ ഹോസ്പിറ്റൽ & റിസർച്ച് സെൻ്റർ,പ്രാദേശിക നേത്ര ക്യാമ്പുകളും സ്വയം സഹായ സംഘങ്ങളുമാണ് ഇക്കാലത്ത് വിജയിച്ച ചില പദ്ധതികൾ. 2014-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അമേഠിക്കും റായ്ബറേലിക്കും ഇടയിൽ നാലുവരിപ്പാത, അമേത്തി-സുൽത്താൻപൂർ ബന്ധിപ്പിക്കുന്ന പാലം, അമേത്തി മെഗാ ഫുഡ് പാർക്ക്, അമേത്തി ഇൻ്റഗ്രേറ്റഡ് ടെക്സ്റ്റൈൽ പാർക്ക് തുടങ്ങി ഒട്ടേറെ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെട്ടു.

അമേഠി സ്വന്തമാക്കി ബിജെപി

ഒന്നാം മോദി സർക്കാരിൻ്റെ കാലത്ത് അമേഠിയിൽ കോൺഗ്രസ് തുടങ്ങിവെച്ച പദ്ധതികളെല്ലാം മുടക്കിയതായി കോൺഗ്രസ് ആരോപിച്ചു. 2016ൽ, അമേഠിയിലെ രാജീവ് ഗാന്ധി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ്റെ ഒരു ശാഖയും ഫുഡ് പാർക്ക് പ്രോജക്ടും ഡിസ്കവറി പാർക്കും 2014 മുതൽ സ്തംഭിച്ചിരിക്കുകയായിരുന്നെന്നും ഹിന്ദുസ്ഥാൻ പേപ്പർ മിൽ 2015ൽ അമേഠിയിൽ നിന്ന് മാറ്റിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ 2017ൽ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്  140 ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, കോൾഡ് ചെയിനുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ്, ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലെപ്മെൻ്റ്, സിആർപിഎഫ് സെൻ്റർ എന്നിവ ഉൾപ്പെടുന്ന 702 കോടി രൂപയുടെ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചു. ആ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസിനാകട്ടെ പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് നേടാനായത്. അമേഠി ലോക്‌സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന നിയമസഭാമണ്ഡലങ്ങളിൽ നിന്ന് ഒരു സീറ്റുപോലും കോൺഗ്രസിന് നേടാനായില്ല. 2019ൽ 55,120 വോട്ടുകളുചടെ വ്യത്യാസത്തിലാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽപ്പിച്ചത്. 

റായ് ബറേലി

എക്കാലത്തും കോൺഗ്രസിനെ തുണച്ച മണ്ഡലമാണ് റായ് ബറേലി.1952ലാണ് റായ് ബറേലി ലോക്‌സഭാ മണ്ഡലം രൂപീകരിച്ചത്. ബഛ്‌രാവൺ, ഹർച്ചന്ദ്പുർ, റായ് ബറേലി, സരേണി, ഉൻചാഹർ 1977ൽ ഇന്ദിരാഗാന്ദിഎന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് റായ് ബറേലി ലോക്‌സഭാ മണ്ഡലം. 78.64% സാക്ഷരതയുള്ള റായ്ബറേലിയിൽ 29.03 ലക്ഷം പൗരന്മാരുണ്ട്. 8.88 ലക്ഷം പട്ടികജാതിക്കാരും 16.18 ലക്ഷം പട്ടികവർഗ്ഗക്കാരുമാണ്. ഫത്തേപൂർ, ഉന്നാവോ, ലഖ്‌നൗ, ബരാബങ്കി, അമേഠി, പ്രതാപ്ഗഢ് തുടങ്ങിയ ജില്ലകളുടെ അതിർത്തിയായ റായ്ബറേലിയിൽ ലാൽഗഞ്ച്, ബഛ്‌രാവൺ, ഉൻചഹാർ എന്നീ മൂന്ന് പ്രധാന നഗരങ്ങളുണ്ട്. രൂപികരണം മുത. ഇതുവരെ കോൺഗ്രസ് ആകെ മൂന്ന് തവണ മാത്രമാണ് ഇവിടെ തോറ്റിട്ടുള്ളത്. 1977ൽ ഇന്ദിരാ ഗാന്ധി സോഷ്യലിസ്റ്റ് നേതാവ് രാജ് നരേയ്നോട് പരാജയപ്പെട്ടു. 1996, 1999 വർഷങ്ങളിൽ ബിജെപിയുടെ അശോക് സിങ്ങാണ് ഇവിടെ വിജയിച്ചത്. 

ഫിറോസ് ഗാന്ധി (1952,1957)

റായ് ബറേലി മണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിച്ചത് ജവഹർലാൽ നെഹ്റുവിൻ്റെ മരുമകനായ ഗാന്ധി കുടുംബാംഗം ഫിറോസ് ഗാന്ധിയാണ്. ഇന്ദിരാ ഗാന്ധിക്കൊപ്പമായിരുന്നു അദ്ദേഹം പ്രചാരണം നടത്തിയത്. റോഡ്, കനാലുകൾ, പാൽ ഫാക്ടറികൾ, സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ തൻ്റെ കാലത്ത് റായ് ബറേലിയിൽ സ്ഥാപിച്ചു. ഫിറോസ്: ദി ഫൊർഗോട്ടൻ ഗാന്ധി എന്ന ബെർട്ടിൽ ഫാൽക്കിൻ്റെ പുസ്തകത്തിഷ അദ്ദേഹത്തിൻ്റെ ജീവിതത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായിരുന്ന ഫിറോസ് ഗാന്ധി 1957ൽ വീണ്ടും 1,62,595 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വീണ്ടും തെരഞ്ഞടുക്കപ്പെട്ടു. ഫിറോസിൻ്റെ മരണശേഷം 1960ൽ കോൺഗ്രസിൻ്റെ ആർപി സിങ്ങും, ബയ്ജനാഥ് കുരീലും സീറ്റ് നിലനിർത്തി. 

ഇന്ദിര ഗാന്ധി (1967,1971)

ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുത്തത് റായ് ബറേലിയാണ്. എതിരാളികളില്ലാതെ 1,43,602 വോട്ടുകൾ നേടി ഇന്ദിരാ ഗാന്ധി തെരഞ്ഞടുക്കപ്പെട്ടു. 1971ൽ 1,83,309 വോട്ടുകളുടെ ഭൂരിപക്ഷം ഇന്ദിരാ ഗാന്ധിക്ക് ലഭിച്ചു. എന്നാൽ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതായി സോഷ്യലിസ്റ്റ് സ്ഥാനാർഥി രാജ് നരേയ്ൻ ആരോപിച്ചു. പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചതിന്  1971 ജൂൺ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിയെ കുറ്റക്കാരിയായി വിധിച്ചു തെരഞ്ഞെടുപ്പ് റദ്ദാക്കി. ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇന്ദിരാ ഗാന്ധിക്ക് വിലക്കേർപ്പെടുത്തിയെങ്കിലും പ്രസധാനമന്ത്രിയായി തുടരാമെന്ന് ഉത്തരവായി. 

ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് 1975 ജൂൺ 25ൽ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നിയമങ്ങൾ ഭേദഗതി ചെയ്യുകയും അലഹബാദ് വിധിയെ അസാധുവാക്കുകയും സുപ്രീം കോടതിയുടെ അധികാരപരിധിയിൽ നിന്ന് കേസ് എടുത്തുകളയുകയും ചെയ്തു. 1975 ഡിസംബറിൽ, 1971 ലെ തിരഞ്ഞെടുപ്പ് സാധുതയുള്ളതായി പ്രഖ്യാപിച്ച പാർലമെൻ്റിൻ്റെ നീക്കത്തോട് സുപ്രീം കോടതി വിയോജിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് നിയമങ്ങളിലെ മാറ്റങ്ങൾ ശരിവച്ചു ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രിയായി തുടരാൻ അനുവദിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചിതിന് ശേഷം നടന്ന തെരഞ്ഞെടുപ്പോടുകൂടി ഇന്ത്യയിലെ മുപ്പത് വർഷം നീണ്ട കോൺഗ്രസ് ഭരണത്തിന് തിരശീല വീണു. റായ് ബറേലിയിൽ പരാജയപ്പെട്ട ഇന്ദിര 1978ൽ കർണാടകയിലെ ചിക്‌മഗളൂരിൽ നിന്ന് ലോക്‌സഭയിലെത്തി. 

അരുൺ നെഹ്റു (1980,1984)

ജനതാ പാർട്ടി സർക്കാറിൻ്റെ പതനത്തോടെ 1979ൽ റായ് ബറേലി. മേദക്ക് മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. മേദക് സീറ്റ് നിലനിർത്താനാണ് ഇന്ദിരാ ഗാന്ധി തീരുമാനിച്ചത്. അതിനാൽ സുരക്ഷിത മണ്ഡലമായ റായ് ബറേലി നെഹ്റു കുടുംബത്തിലെ വ്യക്തിയെ തന്നെ ഏൽപ്പിക്കാനും തീരുമാനിച്ചു. മോട്ടിലാൽ നെഹ്റുവിൻ്റെ ജ്യേഷ്ഠൻ്റെ ചെറുമകൻ അരൺ നെഹ്റുവിനെയാണ് ഇന്ദിരാ ഗാന്ധി റായ് ബറേലി മണ്ഡലത്തിൽ മത്സരിക്കാൻ കണ്ടെത്തിയത്. രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന അരുൺ നെഹ്റു 1980ലും 1984ലും റായം ബറേലിയിൽ നിന്ന് വിജയിച്ചു. 1989, 1991 വർഷങ്ങളിൽ കോൺഗ്രസിൻ്റെ ഷീല കൗൾ ഇവിടെ നിന്ന് വിജയിച്ചു. എന്നാൽ ബിജെപി സ്ഥാനാർഥിയായ അശോക് സിങ് 1996ലും 1998ലും റായ് ബറേലിയെ ബിജെപി പോക്കറ്റിലാക്കി. ആ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ ഗാന്ധി കുടുംബത്തിൽ നിന്ന് സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല. 1999ൽ ജനതാ ദൾ ടിക്കറ്റിൽ മത്സരിച്ച അരിൺ നെഹ്റും കോൺഗ്രസിൻ്റെ സതീഷ് ശർമ്മയോട് പരാജയപ്പെട്ടു. 

സോണിയ ഗാന്ധി (2004,2006,2009,2014,2019)

രാഹുൽ ഗാന്ധിയുടെ പാർലമെൻ്റ് പ്രവേശനത്തിന് വഴിയൊരുക്കുന്നതിനായി അമേഠിയിൽ നിന്ന് മാറി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2004-ൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചു. 2,49,765 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സോണിയ ഗാന്ധി ഇവിടെ വിജയിച്ചു.  ഇരട്ടപദവിയിലിരുന്ന് ആനുകൂല്യങ്ങൾ പറ്റിയെന്ന ആരോപണത്തേത്തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം സോണിയ ഗാന്ധി രാജിവെച്ചു പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ 4,17,888 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി വിജയിച്ചത്. ഫെബ്രുവരിയിൽ എംപി സ്ഥാനം രാജിവെയ്ക്കുന്നതുവരെയും റായ് ബറേലി സോണിയയെ കൈവിട്ടില്ല. 

സോണിയ എംപി ആയിരുന്ന 2007-12 കാലത്ത് കേന്ദ്ര സർക്കാർ പദ്ധതികളും പ്രോജക്ടുകളും ബിഎസ്പി സർക്കാർ നടപ്പിലാക്കാതെ വൈകിപ്പിച്ചിരുന്നു. ഇതിനെതിരെ സോണിയ ഗാന്ധി ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. റായ് ബറേലി ലോക്‌സഭാ മണ്ഡല പരിധിയിലുള്ള കോൺഗ്രസ് എംഎൽഎമാരെ വിളിച്ച് പദ്ധതി നടത്തിപ്പുകളിൽ വീഴ്ച വരുത്താൻ പാടില്ലെന്ന് നിർദ്ദേശിക്കുകയും കേന്ദ്ര ഫണ്ടുകൾ ശരിയായ രീതിയിൽ വിനിയോഗിക്കാൻ അന്നത്തെ മുഖ്യമന്ത്രി മായാവതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റായ് ബറേലിയിലെ വോട്ടർമാർ കറൻ്റ്, വെള്ളം, വളം, വിത്തുകൾ തുടങ്ങിയവയുടെ ലഭ്യതക്കുറവിനെക്കുറിച്ച് നിരന്തരം പരാതിപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്തരമൊരു ഇടപെടൽ സോണിയ ഗാന്ധി നടത്തിയത്.

2014-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒട്ടേറെ  പദ്ധതികളാണ് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പിഎംജിഎസ്‌വൈ) പ്രകാരം നിർമ്മിച്ച 50 റോഡുകൾ, സരൈമുഗ്ലയിലെ ജലശുദ്ധീകരണ പ്ലാൻ്റ്, റായ്ബറേലി-മഹാരാജ്ഗഞ്ച്-അക്ബർഗഞ്ച് എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു പുതിയ റെയിൽപാത, എഫ് എം റേഡിയോ സ്റ്റേഷൻ എന്നിവയാണ് അന്ന് ജനത്തിന് തുറന്നു നൽകിയത്. 

രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി, റായ്ബറേലി-ലക്നൗ റോഡ് നാലുവരിപ്പാതയാക്കി മാറ്റൽ, പുതിയ എഫ്എം റേഡിയോ സ്റ്റേഷൻ, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ്റെ (എൻടിപിസി) രാജ്കിയ ബാലിക ഇൻ്റർ കോളേജ് ഇൻ്റർ കോളേജ് ആൻഡ് സോളാർ ലൈറ്റ്സ് പ്രോജക്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും യുകോ ബാങ്കിൻ്റെയും പതിനാല് ശാഖകളും, നിരവധി ഖാദി, ഗ്രാമ വ്യവസായങ്ങളും തുടങ്ങി നിരവധി പുതിയ പദ്ധതികളാണ് 2017ൽ മോദി സർക്കാർ പ്രഖ്യാപിച്ചത്. 

അമേഠിയിലും റായ് ബറേലിയിലും ഇനിയും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ബിജെപിയുടെ സ്മൃതി ഇറാനി അമേഠിയിൽ മത്സരിക്കുന്നതിനായി നാമനിർദ്ദേശ  പത്രിക സമർപ്പിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധിയെ  കടന്നാക്രമിച്ചുകൊണ്ടാണ് സ്മൃതി ഇറാനിയുടെ പ്രചരണപരിപാടികൾ നടക്കുന്നത്. ഇരു മണ്ഡലങ്ങളിലും ഗാന്ധി കുടുംബത്തിൽ നിന്നുള്ള സ്ഥാനാർഥികളെ വേണമെന്നാണ് പാർട്ടിയുടെ ആവശ്യം. അമേഠി കൈവിട്ടുപോയപോലെ റായ് ബറേലിയും ബിജെപി സ്വന്തമാക്കുമോ എന്ന പേടിയും പാർട്ടിക്കുണ്ട്. ഇരു മണ്ഡലങ്ങളും വീണ്ടെടുക്കാൻ ഗാന്ധി കുടുംബത്തിനും കോൺഗ്രസിനും കഴിയുമോ എന്നതാണ് നിലവിലെ കുഴയ്ക്കുന്ന ചോദ്യം. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വൈകിപ്പിക്കുന്നത് ബിജെപിക്ക് തെരഞ്ഞെടുപ്പിൽ മേൽകൈ നൽകുമെന്നും ആശങ്കയുണ്ട്. 

Story Highlights : The Congress has yet to announce its candidates for Uttar Pradesh’s Rae Bareli and Amethi for the Lok Sabha elections in 2024.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here