Advertisement

75 വര്‍ഷത്തിനിടയില്‍ പെയ്ത ഏറ്റവും വലിയ മഴ; ദുരിതപ്പെയ്ത്തിനെ ദുബായി അതിജീവിച്ചതിങ്ങനെ

April 18, 2024
Google News 2 minutes Read
Nisha Rathnamma facebook post UAE heavy rain

നിഷ രത്‌നമ്മ

‘എന്റെ 8 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ ഇവിടെ യുഎഇ യില്‍ 5 മിനിറ്റ് പോലും വൈദ്യുതി കട്ടായി ഇരുട്ടത്ത് കഴിയേണ്ടി വന്നിട്ടില്ല. അത് കൊണ്ട്, മിനിയാന്നത്തെ പെരുംമഴയിൽ രാത്രി 7 മണിയോടെ കറന്റ് പോയപ്പോ എമര്‍ജന്‍സി ലാമ്പ് പോയിട്ട് ഒരു മെഴുകുതിരിയോ തീപ്പെട്ടിയോ പോലും ഇല്ലായിരുന്നു.

75 വര്‍ഷത്തിനിടയില്‍ പെയ്ത ഏറ്റവും വലിയ മഴയെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷത്തില്‍ 140 -200mm മഴ മാത്രം ലഭിക്കുന്ന ഈ രാജ്യത്ത് ഒറ്റ ദിവസം പെയ്തത് 250mm മഴയാണ്. കനത്ത മഴയേക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും മഴ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷവും ഈ രാജ്യത്തെ നിശ്ചലമാക്കി വയ്ക്കാന്‍ വീര്യമുള്ള മഴയായിരിക്കും അതെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

കറന്റ് പോയി കുറച്ച് സമയത്തേക്ക് ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ചെങ്കിലും ഫോണുകളും വൈകാതെ ഓഫായി. പുറത്ത് പേടിപ്പിക്കുന്ന ഇടിയും മിന്നലും കൊടുംകാറ്റും നിര്‍ത്താതെ പെയ്യുന്ന മഴയും ഉയര്‍ന്നുയര്‍ന്ന് വരുന്ന വെള്ളവും. ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചു, ഇന്റര്‍നെറ്റും കട്ടായി.

ബാല്‍ക്കണിയിലില്‍ നിന്ന് നോക്കിയപ്പോള്‍ പുറത്ത് വാഹങ്ങളുടെ ഓട്ടം നിലച്ചിരിക്കുന്നു. പല വണ്ടികളും റോഡിന് നടുവില്‍ കേടായി, വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ വണ്ടിയിലും റോഡിലും കുടുങ്ങിക്കിടന്നു.
താഴ്ന്ന ഇടങ്ങളിലെ റോഡില്‍ കേടായി കിടന്ന വണ്ടികളിലേക്ക് വെള്ളം ഇരച്ച് കയറിയപ്പോള്‍ ആളുകള്‍ വണ്ടികള്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി.

പ്രശാന്ത് ഒഫീഷ്യല്‍ യാത്രയിലായതിനാല്‍ ഞാനും മോനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ലോകത്തിലെ തന്നെ എറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നെന്ന് പേര് കേട്ട ഈ രാജ്യത്ത് പേടിച്ച് ഉറങ്ങാതെ കഴിച്ച് കൂട്ടിയ എന്റെ ആദ്യത്തെ രാത്രി കൂടിയാണ് കഴിഞ്ഞ് പോയത്. പിറ്റേന്ന് രാവിലെ, വെള്ളവും നിന്നു. കോണിവഴി 15 നിലകളിറങ്ങി താഴെ ചെന്നപ്പോള്‍ റോഡില്‍ അരക്കൊപ്പം വെള്ളം. ചുറ്റുമുള്ള സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കടകളിലും റെസ്റ്റോറന്റുകളിലുമെല്ലാം വെള്ളം കയറി.

ഇതെഴുതുമ്പോള്‍ ശക്തമായ ഇടിയും മിന്നലും കാറ്റും തുടര്‍ച്ചയായ മഴയും അവസാനിച്ചിട്ട് 48 മണിക്കൂറിലേറെ ആയി. തെളിഞ്ഞ ആകാശവും കത്തിജ്വലിക്കുന്ന സൂര്യനുമുണ്ടെങ്കിലും ജനജീവിതം സ്തംഭിച്ചു നില്‍പ്പാണ്. അപ്പാര്‍ട്ട്‌മെന്റിന് താഴെയുള്ള അജ്മാന്‍ ഷാര്‍ജ ദുബൈ ഹൈവേയില്‍ കേടായി കിടക്കുന്ന വണ്ടികളും മൂന്ന് ദിവസം മുന്നേ ജോലിക്ക് പോയി വഴിയില്‍ കുടുങ്ങിയ മനുഷ്യര്‍ ഒറ്റക്കും കൂട്ടമായും വീട് ലക്ഷ്യമാക്കി നടക്കുന്നതുമൊഴിച്ചാല്‍ ഹൈവേ നിശ്ചലം. സബ് വേ കളും ടണലുകളും വെള്ളത്തിനടിയിലാണ്. അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ ുകളില്‍ കാറുകള്‍ ഒഴുകി നടക്കുന്ന വീഡിയോകള്‍ കാണാം.

Read Also: യുഎഇയിൽ കനത്ത മഴ; നെടുമ്പാശ്ശേരിയിൽ നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

മരുഭൂമികളില്‍ മഴ വളരെ കുറവായതിനാല്‍ നാട്ടിലെ പോലെ കനത്ത മഴയെ ഉള്‍ക്കൊള്ളാനും അതിജീവിക്കാനും ഇവിടുത്തെ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പ്രയാസമായിരിക്കും. ഡ്രെയിനേജുകള്‍ വളരേ കുറവാണ്. ജനജീവിതം ഇനി പഴയപടി ആകണമെങ്കില്‍ മുന്‍സിപ്പാലിറ്റി ടാങ്കറുകള്‍ വന്ന് ഈ വെള്ളമെല്ലാം വലിച്ചെടുക്കണം. നാട്ടിലെ പോലെ മണ്ണിനടിയിലേക്ക് വെള്ളം വലിഞ്ഞു പോകില്ല. ഇന്നലെ രാത്രി മുതല്‍ ടാങ്കറുകള്‍ നിര്‍ത്താതെ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒരു വര്‍ഷം പെയ്യേണ്ട മഴ ഒറ്റ ദിവസം പെയ്തതിനാല്‍ ആ ജോലി അത്ര എളുപ്പമല്ല.

റാസല്‍ ഖൈമയില്‍ എഴുപത് കാരനായ ഒരാള്‍ കാറടക്കം ഒഴുകി പോയി മരണപ്പെട്ടു എന്ന വാര്‍ത്ത പോലീസ് സ്ഥിരീകരിച്ചു. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി വാര്‍ത്തകള്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. തകര്‍ന്ന റോഡുകളുടേയും കേട്പാട് സംഭവിച്ച ആയിരക്കണക്കിന് കാറുകളുടേയും ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിറയുന്നു. പല സ്ഥാപനങ്ങളിലും വെള്ളം കയറി. പബ്ലിക് പ്രൈവറ്റ് സെക്ടറുകള്‍ എല്ലാം തന്നെ വര്‍ക്ക് ഫ്രം ഹോമാണ്. ഡെലിവറികള്‍ പൂര്‍ണ്ണമായും നിലച്ചു.

Read Also: ഗള്‍ഫില്‍ നാശം വിതച്ച് മഴ; വിവിധയിടങ്ങളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍

ഈ ദുരന്തങ്ങള്‍ക്കിടയിലും ഹൃദയസ്പര്‍ശിയാവുന്നത് സ്വന്തം ജീവന്‍ മറന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്യം നല്‍കിയ മലയാളികളടക്കമുള്ളവരുടെ സെല്‍ഫ്‌ലെസ് കഥകളും വീഡിയോകളുമാണ്. സമാനതകളില്ലാത്ത ഈ പ്രകൃതി ദുരന്തത്തെ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ തന്നെ ഇവിടുത്തെ ഭരണകൂടം നേരിട്ടുകൊണ്ടിരിക്കുകയാണ്’.

ഈ ദുരന്തങ്ങള്‍ക്കിടയിലും ഹൃദയസ്പര്‍ശിയാവുന്നത് സ്വന്തം ജീവന്‍ മറന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്യം നല്‍കിയ മലയാളികളടക്കമുള്ളവരുടെ സെല്‍ഫ്‌ലെസ് കഥകളും വീഡിയോകളുമാണ്. സമാനതകളില്ലാത്ത ഈ പ്രകൃതി ദുരന്തത്തെ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ തന്നെ ഇവിടുത്തെ ഭരണകൂടം നേരിട്ടുകൊണ്ടിരിക്കുകയാണ്’.

Story Highlights : Nisha Rathnamma facebook post UAE heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here