വാന്‍ഗോഗിനെ വരച്ച ചലച്ചിത്രങ്ങള്‍.
മരണം വരെ അപ്രസക്തനായിരുന്ന വ്യക്തി. എന്നാല്‍ മരണത്തിന് ശേഷം ഏറ്റവും വിലപിടിപ്പുള്ള ചിത്രങ്ങള്‍ക്കുടമയായ കലാകാരന്‍. വാന്‍ഗോഗിനെ ഇങ്ങനെയും ഓര്‍ക്കാം. ഇന്ന് വാന്‍ഗോഗ് ചിത്രങ്ങള്‍ക്ക് വില കോടികള്‍. എന്നാല്‍ ജീവിച്ചിരുന്ന കാലത്ത് പട്ടിണി കിടന്നിട്ടുണ്ട് അദ്ദേഹം. 37 മത്തെ വയസ്സില്‍ ആത്മഹത്യ ചെയ്ത വിന്‍സെന്റ് വില്യം വാന്‍ഗോഗ് വരച്ചത് ആയിരത്തോളം ചിത്രങ്ങള്‍.
ചലന ചിത്രങ്ങളുടെ കാലമാകുമ്പോഴേക്കും വാന്‍ഗോഗ് ലോകത്ത് നിന്ന് മറഞ്ഞിരുന്നെങ്കിലും പ്രിയ ചിത്രകാരനെ പ്രശസ്തരായ സംവിധായകര്‍ ഫ്രെയിമിലാക്കി. അദ്ദേഹത്തിന്റെ ചിത്രങ്ങളെ ചലിപ്പിച്ചു. വാന്‍ഗോഗ് ജീവിതം വരക്കുന്ന ലൗവിങ് വിന്‍സെന്റ് എന്ന ആനിമേഷന്‍ ചിത്രം യൂറോപ്പില്‍ പണിപ്പുരയിലാണ്. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ലൗവിങ് വിന്‍സെന്റ് പൂര്‍ണ്ണമായും പെയിന്റിങ്‌സ് ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യ ആനിമേറ്റഡ് സിനിമയാണ്.
ജാപ്പനീസ് സംവിധായകന്‍ അകിറ കുറസോവ തന്റെ സിനിമ ഡ്രീംസില്‍, സ്വപ്നത്തിലൂടെ കൊണ്ടുവന്നത് വാന്‍ഗോഗിനെതന്നെയായിരുന്നു. വാന്‍ഗോഗ് ആയി എത്തിയത് വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസിയും.
വിവിധങ്ങളായ 8 സ്വപ്നങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിലെ 5ആമത്തെ സ്വപ്നമാണ് വാന്‍ഗോഗ് ചിത്രങ്ങളുടെ ലോകം. 1990 ല്‍ ഇറങ്ങിയ ഈ സിനിമയില്‍ വാന്‍ഗോഗിന്റെ ചിത്രങ്ങള്‍ ചലിച്ചു. മ്യൂസിയത്തില്‍ വാന്‍ഗോഗ് ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന കലാകാരന്‍ ചിത്രങ്ങളിലൂടെ അദ്ദേഹത്തെ തേടി ഇറങ്ങി. വാന്‍ഗോഗ് ചിത്രങ്ങളുടെ സവിശേഷതകളിലൂടെയുള്ള യാത്രയാണ് കുറോസോവയുടെ ഈ 5ആം സ്വപ്നം. വാന്‍ഗോഗിന്റെ ചിത്രങ്ങള്‍ ചലിക്കുമ്പോള്‍, വാന്‍ഗോഗിനെ മാത്രമല്ല ചിത്രകാരനായ സംവിധായകനെയും നമുക്ക് കാണാം.
ഡ്രീംസില്‍ വഴിയരികില്‍ വെച്ച് കണ്ടുമുട്ടുന്ന ഒറ്റ ചെവി മാത്രമുള്ള ചിത്രകാരനോട് വിദ്യാര്‍ത്ഥി ചോദിക്കുന്നു നിങ്ങള്‍ വാന്‍ഗോഗ് അല്ലേ നിങ്ങളുടെ ചെവിക്കെന്തുപറ്റി സ്വന്തം ചിത്രം വരക്കവെ ചിത്രത്തില്‍ പ്രശ്‌നമായി നിന്നത് ചെവിയായിരുന്നുവെന്നും അതുകൊണ്ട് ചെവി മുറിച്ചുകളഞ്ഞെന്നുമായിരുന്നു വാന്‍േഗാഗിന്റെ മറുപടി. വാന്‍ഗോഗിനെപ്പോലൊരു കലാകാരന്‍ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ മറുപടി നല്‍കും. ‘വരയ്ക്കുമ്പോഴേ ജീവനുണ്ടെന്നെന്നെനിയ്ക്കു തോന്നാറുള്ളു’ എന്ന് പറഞ്ഞത് വാന്‍ഗോഗ് തന്നെയല്ലേ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here