ഒടുവിൽ ലാത്തോറിൽ വെള്ളമെത്തി. ഒപ്പം ക്രെഡിറ്റ് ഏറ്റെടുക്കാൻ ബിജെപിയും.
രൂക്ഷ വിമർശനങ്ങൾക്കും കോടതി ഇടപെടലുകൾക്കുമൊടുവിൽ ലാത്തോറിലേക്ക് വെള്ളമെത്തി. ഒപ്പം ബിജെപിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രയത്‌നവും. ലാത്തോർ കൊടും വരൾച്ച നേരിടാൻ തുടങ്ങിയിട്ട് നാളുകളായി. എന്നിട്ടും കുടിക്കാൻ വെള്ളം ലഭിക്കാതിരുന്ന അവിടുത്തുകാർക്ക് വെള്ളം ലഭ്യമായത് കോടതി ഇടപെടലുകൾക്കൊടുവിലാണ്. എന്നിട്ടും വെള്ളം എത്തിച്ച ട്രെയിനിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിന്റെയും കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭുവിന്റെയും ഫ്‌ളക്‌സ് പതിക്കാൻ ബിജെപി പ്രവർത്തകരുടെ ശ്രമം. വാഗണിൽ ചാടിക്കയറി ഫ്‌ളക്‌സ് പതിച്ച് വിതരണത്തിന്റെ ക്രഡിറ്റും ഇവർ ഏറ്റെടുത്തു.
തമിഴ്‌നാട് ജയലളിതാ മോഡലിൽ ദുരിതാശ്വാസത്തിലും ക്രെഡിറ്റ് ഏറ്റെടുക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. വരൾച്ച അതിരൂക്ഷമായിട്ടും അടിയന്തിര നടപടി സ്വീകരിക്കാത്ത ഫട്‌നവിസ് സർക്കാർ അതിരൂക്ഷ വിമർശനങ്ങൾ നേരിട്ടിരുന്നു. കുടിവെള്ളം പോലും നൽകാതെ ഐപിഎൽ മത്സരങ്ങൾക്ക് വെള്ളമുപയോഗിക്കുന്നതിൽ നിലപാട് വ്യക്തമാക്കാൻ മുംബൈ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
300 കിലോമീറ്റർ ദൂരമുള്ള ലാത്തൂരിലേക്ക് വെള്ളവുമായി പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ മിരാജിൽനിന്ന് ഇന്നലെ രാവിലെ 11.15നാണ് കുടിവെള്ള വണ്ടി പുറപ്പെട്ടത്. എന്നാൽ റെയിൽവെ കണക്കുകൂട്ടിയ 6 മണിക്കൂർ ദൂരം കുടിവെള്ള വണ്ടി ഓടിയെത്തിയത് 18 മണിക്കൂറിന് ശേഷം 5.15 ന്.
മിരാജ്ജിലെ ഉജ്ജനി ഡാമിൽ നിന്ന് 50 വാഗൺ വെള്ളം എത്തിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിന് കൂടുതൽ സമയം എടുക്കുമെന്നതിനാൽ 10 വാഗണുമായാണ് ട്രെയിൻ പുറപ്പെട്ടത്. അടിയന്തരമായി വെള്ളമെത്തിക്കണമെന്ന ലക്ഷ്യം മുന്നിലുണ്ടായിട്ടും എത്തിയത് മൂന്നിരട്ടി സമയമെടുത്ത്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് ലാത്തോറിലെ മറാത്താവാഡ മേഖലയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ഇവിടുത്തെ 11 പ്രമുഖ ഡാമുകളിൽ 7 എണ്ണം വറ്റിവരണ്ടു. വരൾച്ച രൂക്ഷമായതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here