ഭാരത ഭരണഘടനയുടെ ശിൽപ്പി ഡോ. ഭീംറാവു അംബേദ്കർ.

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ. ഈ മഹാനായ പ്രതിഭ ഇന്ത്യൻ മണ്ണിൽ ജന്മം കൊണ്ടിട്ട് ഇന്നേക്ക് ഒന്നേകാൽ നൂറ്റാണ്ട് തികയുന്നു. സ്വപ്രയത്‌നത്തിലൂടെ വിദ്യാഭ്യാസവും ഉന്നത സ്ഥാനമാനങ്ങളും നേടിയ മറ്റൊരു ഇന്ത്യൻ നേതാവില്ല പ്രത്യേകിച്ച് ദളിത് സമുദായത്തിൽ. ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊട്ടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം 1891 ഏപ്രിൽ 14 നാണ് മധ്യപ്രദേശിലെ മോയിൽ ജനിച്ചത്.
ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിൽ പോയ അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.
മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി ദലിതർ നടത്തിയ മഹദ് സത്യാഗ്രഹത്തിന് നേതൃത്വം വഹിച്ചത് അംബേദ്കറാണ്. 1927 മാർച്ച് 20ന് നടത്തിയ ഈ സമരം ജാതിവ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും വെല്ലുവിളിച്ചു. 1947ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി അധികാരമേറ്റു. അദ്ദേഹം രൂപീകരിച്ച ഭരണഘടന 1949 നവംബർ 26 ന് കോൺസ്റ്റിറ്റിയൂവന്റ് അസംബ്ലി അംഗീകരിച്ചു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്‌ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1956 ഡിസംബർ 6ന് അംബേദ്കർ 65മത്തെ വയസ്സിൽ അന്തരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here