മന്ത്രി ജയലക്ഷ്മിക്കെതിരായ റിപ്പോർട്ട് തെരഞ്ഞെടുപ്പുകമ്മീഷനിലേക്ക്, സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യത വിനയായി ഗണേഷ്‌കുമാറും

മന്ത്രി പി.കെ. ജയലക്ഷ്മി നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിദ്യാഭ്യാസ യോഗ്യത നൽകി എന്നും പണത്തിന്റെ കണക്ക് വ്യക്തമാക്കിയില്ലെന്നുമുള്ള സബ്കളക്ടറുടെ റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്. ജയലക്ഷ്മിയെ അയോഗ്യയാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് രെരഞ്ഞെടുപ്പ് കമ്മീഷനാണ്. റിപ്പോർട്ടിൽ മൂന്ന് വർഷത്തെ വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ ജയലക്ഷ്മിക്ക് എതിരെ ലഭിച്ചേക്കാം.

നാമ നിർദ്ദേശ പത്രികയിൽ ഇല്ലാത്ത് വിദ്യാഭ്യാസ യോഗ്യത കാണിച്ചെന്നും മന്ത്രിയുടെ അകൗണ്ടിൽ വന്ന 10 ലക്ഷം രൂപ വരവ് ചെലവ് കണക്കിൽ ഉൾപ്പെടുത്തിയില്ലെന്നും കാണിച്ച് ബത്തേരി സ്വദേശി നൽകിയ പരാതിയിൻമേലാണ് സബ്കളക്ടർ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകിയപ്പോൾ ജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ആയിരുന്നു. എന്നാൽ അഞ്ച്
വർഷം പിന്നിടുമ്പോൾ ജയലക്ഷിയുടെ വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയിൽനിന്ന് പ്ലസ് ടു ആയി. ഈ തവണ സുൽത്താൻബത്തേരി മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നതിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ജയലക്ഷ്മിയുടെ യോഗ്യതയായി നൽകിയിരിക്കുന്നത് പ്ലസ്ടു ആണ്.

മന്ത്രി ജയലക്ഷ്മിക്ക് പിന്നാലെ കെബി ഗണേഷ്‌കുമാറിനെതിരെയും റിപ്പോർട്ടുകളുണ്ട്. ഗണേഷിന്റെ സത്യവാങ്മൂലത്തിൽ ഇത്തവണ തിരുവനന്തപുരം ഗവ. ആർട്‌സ കോളേജിൽനിന്ന് നേടിയ പ്രീഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. എന്നാൽ 2011 ൽ നൽകിയ സത്യവാങ്മൂലത്തിൽ ഇത് ബികോം പൂർത്തിയാക്കിയതായാണ് നൽകിയിരുന്നത്. ഗണേഷിന്റെ വിദ്യാഭ്യാസ യോഗ്യതയിൽ നേരത്തേ കോടതിയിൽ സ്വകാര്യ അന്യായം നിലനിന്നിരുന്നെങ്കിലും അത് പിൻവലിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top