Advertisement

എന്റെ വാശി ഇനി രാഷ്ട്രീയ പ്രവർത്തനങ്ങളിലാണ് – ശ്രീശാന്ത്

May 1, 2016
Google News 0 minutes Read
രാഷ്ട്രീയക്കാരല്ലാത്തവർ തെരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ പൊതുവേ ഉണ്ടാകുന്ന ചില എതിർപ്പുകൾ ഉണ്ട്. മുകേഷിന്റെ കാര്യത്തിലും ജഗദീഷിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. സ്വാഭാവികമായും ശ്രീശാന്തിനും എതിരെ ഇത് ഉയർന്നു വന്നിരുന്നു. ഇത് സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നുണ്ടോ ? 
ഒരിക്കലും ഇല്ല. ഇത് ഒരു വെല്ലുവിളിയായിട്ടാണ് ഞാനിത് എടുക്കുന്നത്. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ കേരളക്രിക്കറ്റ്  അസോസിയേഷൻ എനിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് ജീവിതത്തിലായാലും തുടക്കം മുതൽ എനിക്ക് തടസ്സങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത്രയും വെല്ലുവിളികൾ നേരിട്ട എനിക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാമെങ്കിൽ മാൻ ഓഫ് ദ മാച്ച് ആകാമെങ്കിൽ ഇതൊന്നും എനിക്ക് സമ്മർദ്ധമല്ല. മറിച്ച്  ദൈവം തന്ന ഒരു മികച്ച അവസരമായാണ് ഞാൻ ഇതിനെ കാണുന്നത്.
ഞാൻ കഷ്ടപ്പെട്ട സമയങ്ങളിൽ ഞാൻ പോലും അറിയാത്ത എത്രയോ പേരാണ് എനിക്കൊപ്പം നിന്നത്. അവർക്ക് എന്തെങ്കിലും തിരിച്ചു ചെയ്യാനുള്ള അവസരമായി ആണ് ഞാൻ ഇതിനെ കണക്കാക്കുന്നത്.
അമിത് ഷായും നരേന്ദ്രമോഡിയും അത്രയേറെ വിശ്വസിച്ചാണ് എനിക്ക് ഈ അവസരം തന്നത്. ആ വിശ്വാസം അതുപോലെ തന്നെ കാക്കാൻ എനിക്കാവും എന്ന പൂർണ്ണ ബോധ്യമുണ്ട്.
സ്ഥാനാർത്ഥി ആകുമെന്ന് ഉറപ്പായ നിമിഷം മുതൽ കേരളത്തിന്റെ വികസനം മാത്രമാണ് എന്റെ മനസിലുള്ളത്. വയസ്സാണ് പിന്നെ എല്ലാവരും ഉയർത്തിക്കാട്ടുന്ന ഒരു പ്രശ്‌നം. എന്നാൽ അതിനേയും പോസിറ്റീവ് ആയാണ് ഞാൻ കാണുന്നത്. ഇത്രയും ചെറുപ്പത്തിൽ തന്നെ നാടിനുവേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമായി ഞാൻ കാണുന്നത്. അപ്പോൾ മുന്നോട്ട് കുറേയധികം വർഷം എനിക്ക് ജനങ്ങൾക്കായി പ്രവർത്തിക്കാനാവും. 
എം.എൽ.എ. ആയാൽ ശ്രീശാന്തിന്റെ  അജണ്ടകൾ എന്തൊക്കെയാണ് ? അല്ലങ്കിൽ വെല്ലുവിളികൾ, മുൻഗണനകൾ എന്തൊക്കെയാണ് ? 
ബി.ജെ.പിയിൽ ഒരു വിശ്വാസം ജനങ്ങൾക്ക് ഇപ്പോൾ ഉണ്ട്. ആ വിശ്വാസം നിറവേറ്റി എം.എൽ.എ ആകുമെന്നും തിരുവനന്തപുരത്തുകാർക്ക് വേണ്ടി അവരുടെ ശബ്ദം ഡൽഹിയിൽ എത്തിക്കാൻ ആവുമെന്നും എനിക്കുറപ്പുണ്ട്.
നരേന്ദ്രമോഡിയുടെ കയ്യിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് നടത്താൻ സാധിക്കും.
കേരളത്തിന്റെ തലസ്ഥാനം ബി.ജെപിയുടെ അധികാരത്തിൻ കീഴിൽ വന്നാൽ സ്വാഭാവികമായും കേരളത്തിന്റെ പ്രശ്‌നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ നേരിട്ടെത്തും. ഇത് വരെ കണ്ടതല്ല കേരളം. ബി.ജെപി അധികാരത്തിൽ എത്തിയാൽ അത് ബോധ്യമാകും.
ബിജെപി അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന എത്രയോ പേരുണ്ട് ഇവിടെ. മോഡിയെ ആരാധിക്കുന്ന  യുഡിഎഫിലും എൽഡിഎഫിലും പ്രവർത്തിക്കുന്നവരും ഉണ്ട്. ഉള്ളിന്റെ ഉള്ളിൽ ബിജെപിയിൽ ചേരാനാഗ്രഹിക്കുന്നവരാണ് അവരെല്ലാം.  
മറ്റ് പാർട്ടികൾ മാറി മാറി 60 കൊല്ലം ഭരിച്ചിട്ടും നേടാനാകാത്ത വികസനപ്രവർത്തനങ്ങളാണ് കേവലം 18 മാസങ്ങൾ കൊണ്ട് മോഡി ഗവൺമെന്റ് കേന്ദ്രത്തിൽ ചെയ്തത്.
പ്രചരണത്തിനുള്ള പ്രതികരണം എങ്ങനെയുണ്ട്.  ?
വളരെ നല്ല ഒരു ടേക്ക് ഓഫ് ആണ് എനിക്ക് ലഭിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന അന്ന് മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് യുവാക്കളുടെ ഇടയിൽ നിന്ന്. ഇപ്പോൾ ഞാൻ കാണുന്ന എല്ലാവരും പേരെടുത്ത് എന്നെ അറിയുന്നുണ്ട്. അത് തന്നെയാണ് ഏറ്റവും വലിയ പ്ലസ് പോയന്റായി ഞാൻ കാണുന്നത്.
ദേഷ്യക്കാരനും വാശിക്കാരനുമായാണ് ശ്രീ വിമർശിക്കപ്പെടുന്നത്. ജില്ലയിലുള്ള ആളല്ല എന്ന വിമർശനവും ഉണ്ട് !
ഇനി എന്റെ വാശി എന്റെ പ്രവർത്തനത്തിലുണ്ടാകും. ഞാൻ ഒരു ഔട്ട് സൈഡറാണെന്നാണ് എന്റെ സ്ഥാനാർത്ഥിത്വം പുറത്തുവന്നപ്പോൾ ഒരു മന്ത്രി പ്രതികരിച്ചത്. എന്നാൽ ലോകക്കപ്പിൽ ഞാൻ ക്യാച്ച് എടുത്തപ്പോൾ ഒരു മലയാളി എന്നാണ് ലോകം മുഴുവൻ പറഞ്ഞത്.  മലയാളികൾക്കിടയിൽ നിന്ന് മലയാളികളെ ഇങ്ങനെ തരം തിരിക്കുന്നവരെയാണ് ആദ്യം പുറത്താക്കേണ്ടത്. ക്രിക്കറ്റും, സിനിമയും എന്റെ ജീവിതത്തിൽ ഒരു ഏടായിരുന്നു. എന്നാൽ ഇപ്പോൾ ജനങ്ങളെ സഹായിക്കാൻ ലഭിച്ച ഈ അവസരമാണ് എനിക്ക് വലുത്. ജനങ്ങൾക്കുവേണ്ടി ജീവിക്കുകയാണ് ഇനിയുള്ള ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here