പുരാണങ്ങളിലൂടെ യുവഹൃദയങ്ങൾ കീഴടക്കിയ എഴുത്തുകാരൻ
എഴുത്തിന്റെ യാതൊരു പശ്ചാത്തലവുമില്ലാത്തയാളായിരുന്നു അമീഷ് ത്രിപാഠി. സൈക്കോളജിയും ചരിത്രവും സയൻസുമെല്ലാം വായിച്ചിരുന്ന അദ്ദേഹം ഫിക്ഷനിലേക്ക് തിരിഞ്ഞത് തികച്ചും യാദൃശ്ചികം. ക്ഷേത്രത്തിന്റെ പണ്ഡിറ്റായിരുന്ന മുത്തച്ഛനിലൂടെയാണ് അമീഷ് പുരാണകഥകളിൽ് ആകൃഷ്ടനാവുന്നതും, അത് എഴുത്തിനു വേണ്ടി സ്വീകരിക്കുന്നതും. ഇന്ത്യയുടെ പ്രസിദ്ധീകരണ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളായ ശൈവ ത്രയത്തിന്റെ ഉപക്ഞാതാവാണ് അദ്ദേഹം. ഫിക്ഷൻ സാധ്യതകൾ അടഞ്ഞുപോയ പുരാണ കഥകളിലും ഫിക്ഷനിന്റെ അനന്ത സാധ്യതകൾ ഒളിഞ്ഞ് കിടക്കുന്നുണ്ടെന്ന് തെളിയിച്ച അദ്ദേഹം ഇന്ത്യൻ സാഹിത്യ രംഗത്ത് പുതിയ വിപ്ലവങ്ങൾ സൃഷ്ടിച്ചു.
തന്റെ ആദ്യ കൃതി ആയ ശൈവ ത്രയങ്ങൾ തൊട്ട് ഇപ്പോൾ എത്തി നിൽക്കുന്ന രാമ ചന്ദ്ര പരമ്പര വരെ എടുത്തു നോക്കുമ്പോൾ , അമീഷ് ത്രിപാഠിയുടെ കഥാപാത്രങ്ങൾ എല്ലാം പുരാണ കഥകളിൽ നന്നും എടുത്തിട്ടുള്ളവ. എന്നാൽ സാധാരണ പുരാണ കഥകളിൽ നിന്നും വ്യത്യസ്ഥമാണ് അമീഷിന്റെ ആഖ്യാന ശൈലി. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കുന്ന ആരും അതൊരു പുരാണ കഥാപാത്രത്തെ കുറിച്ചാണെന്ന് ഒരു നിമിഷം മറന്നു പോകുന്നു. ദൈവങ്ങളും മനുഷ്യരാണ് എന്ന രസികൻ ചൊല്ല് പോലെയാണ് അദ്ദേഹം തന്റെ കഥാപാത്രങ്ങളെ ചിത്രീകരിച്ചിക്കുന്ന രീതി. അത് കൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ കൃതികൾ ജനമനസ്സുകളിൽ ഇത്രയേറെ ആഴത്തിൽ പതിഞ്ഞത്.
ശൈവ ത്രയങ്ങളിലെ ആദ്യ കൃതിയായ ‘മെലൂഹയിലെ ചിരഞ്ചീവികൾ’ എന്ന കഥയിൽ, ശിവൻ എന്ന പ്രാകൃത മനുഷ്യന്റെ ‘ഭഗവാൻ ‘ എന്ന അത്യുന്നതിയിലേക്കുള്ള പതയാത്ര, വളരെ മനോഹരമായാണ് അമീഷ് ത്രിപാഠി ചിത്രീകരിച്ചത്. ഒരു മനുഷ്യന് ഉണ്ടാകാവുന്ന എല്ലാ ചാപല്യങ്ങളും, ഛില്ലം പുകയ്ക്കുന്നത് തൊട്ട് സതിയോടു തോന്നുന്ന പ്രണയം വരെ, വളരെ തന്മയത്വത്തോടെ അദ്ദേഹം പറഞ്ഞു പോകുന്നു. നമ്മുടെയെല്ലാം മനസ്സിലുണ്ടായിരുന്ന, ഭഗവാൻ എന്നാൽ എല്ലാം അറിയുന്നവൻ എന്ന ധാരണ പൊളിച്ചെഴുതി, അദ്ദേഹം തന്റെ ആദ്യ പുസ്തകത്തിലൂടെ തന്നെ. ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാതെ ആശയകുഴപ്പത്തിൽ
അകപ്പെടുന്ന ശിവന്റെ ചിത്രത്തിലൂടെ ഭഗവാൻ മനുഷ്യനായിരുന്നു എന്ന സിദ്ധാന്തത്തെ അദ്ദേഹം നമ്മുടെ മനസ്സിൽ അടിവരയിട്ട് ഉറപ്പിച്ചു. എല്ലാ ദൈവങ്ങളും മനുഷ്യരായിരുന്നു; അവരുടെ പ്രവർത്തികളാണ്
വെറും ഒരു മനുഷ്യനിൽ നിന്നും ദൈവങ്ങളെ ദൈവങ്ങളാക്കിയത്. ഈ ആശയമാണ് അമീഷ് ത്രിപാഠി തന്റെ എഴുത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
നിരീശ്വരവാദിയായിരുന്ന അമീഷ് പിന്നീട് കടുത്ത ശിവ ഭക്തനായി. അത് കൊണ്ടായിരിക്കാം തന്റെ ആദ്യ പുസ്തകം ശിവഭഗവാനെ കുറിച്ച് തന്നെ എഴുതാൻ കാരണം. ഇംഗ്ലീഷിൽ പുറത്തിറക്കിയ ശൈവ ത്രയം കൃതി പിന്നീട് ഹിന്ദി, മറാത്തി, തെലുങ്ക്, തമിഴ്, മലയാളം, എസ്‌തോണിയൻ, സ്പാനിഷ്, പോർച്ചുഗീസ് ഭാഷകളിലും തർജിമ ചെയ്തിട്ടുണ്ട്. നാഗന്മാരുടെ രഹസ്യം , വായുപുത്രന്മാരുടെ പ്രതിജ്ഞ എന്നിവയാണ് ശൈവ ത്രയത്തിലെ മറ്റു രണ്ടു കൃതികൾ. ‘മെലൂഹയിലെ ചിരഞ്ചീവികൾ’ വൈകാതെ വെള്ളിത്തിരയിലും എത്തിയേക്കാം. ധർമ്മ പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കാനുള്ള പകർപ്പവകാശങ്ങൾ അമീഷിൽ നിന്നും വാങ്ങി കഴിഞ്ഞു.
ഒരിക്കൽ കേരളത്തിൽ വന്നപ്പോൾ എഴുത്തിലേക്ക് തിരിയാൻ താൽപര്യമുള്ളവർക്ക് അദ്ദേഹം കൊടുത്ത ഉപദേശം ഇങ്ങനെ, ‘സത്യത്തിൽ സിനിമ പോലൊരു ലോകമാണ് എഴുത്തും. ഒട്ടേറെപ്പേർ ഈ ലോകത്ത് എത്തിപ്പെടാൻ ആഗ്രഹിക്കും. പക്ഷേ ഭാഗ്യമുള്ളവർ കുറവാണ്. എന്റെ രണ്ടാമത്തെ പുസ്തകവും ഹിറ്റായ ശേഷമാണു ബാങ്കിലെ ജോലി ഉപേക്ഷിച്ചത്. റോയൽറ്റി ചെക്ക് എന്റെ ശമ്പളത്തേക്കാൾ കൂടുതലാണെന്ന് കണ്ടപ്പോൾ ജോലി ഉപേക്ഷിച്ചു പൂർണ സമയം എഴുത്തിലേക്ക് കടന്നു. എഴുത്തിന്റെ ലോകത്തേക്കു കടന്നുവരുന്നവരോടും പറയാനുള്ളത് ഇതാണ്. നിങ്ങൾക്കൊരു ജോലി ഉണ്ടായിരിക്കണം. നിങ്ങളുടെ ചിലവുകളെ നേരിടാൻ അത് അത്യാവശ്യമാണ്. എഴുത്ത് നിങ്ങൾക്ക് മറ്റൊരു വഴിയിലൂടെ കൊണ്ടുപോകാനും സാധിക്കും. പിടിച്ചു നിൽക്കാമെന്നു ബോധ്യപ്പെട്ടാൽ മാത്രമേ ജോലി കളയാവൂ.’
ഇന്ത്യയിലെ മുൻ നിര എഴുത്തുകാരിൽ ഇളമുറക്കാരനായ ഇദ്ദേഹത്തെ തേടി ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. സൊസൈറ്റി യങ്ങ് അച്ചീവേഴ്‌സ് അവാർഡ്, കമ്മ്യൂണിക്കേറ്റർ ഓഫ് ദ ഇയർ
അവാർഡ്, പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം എന്നിവ കൂടാതെ, ഫോബ്‌സ് വാരിക പുറത്ത് വിട്ട ഇന്ത്യയിലെ ആദ്യ 100 സെലിബ്രിറ്റികളുടെ പട്ടികയിൽ ഒരാൾ അമീഷായിരുന്നു. രാമ ചന്ദ്ര പരമ്പരയിലെ ആദ്യ കൃതിയായ ‘ഇക്ഷവാക്കുവിലെ ഇളമുറക്കാരനു ശേഷമുള്ള രണ്ടാമത്തെ കൃതിയുടെ പണിപ്പുരയിലാണ് ഇപ്പോൾ അദ്ദേഹം. 2016 അവസാനത്തോടെയോ , 2017 ന്റെ തുടക്കത്തിലോ നമുക്ക് ഇത് പ്രതീക്ഷിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here