വേനലിൽ കുഞ്ഞുങ്ങൾക്ക് ഉടുപ്പുകൾ തെരഞ്ഞെടുക്കുമ്പോൾ

വേനലാകുന്നതോടെ ഭക്ഷണക്രമത്തിലും ശരീര സൗന്ദര്യത്തിലും ഏറെ ആകുലരാണ് നമ്മൾ. ഒപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് വസ്ത്രം. വേനൽക്കാലങ്ങളിലെ വസ്ത്രധാരണം മുതിർന്നവരേക്കാൾ ശ്രദ്ധിക്കേണ്ടത് കുട്ടികളിലാണ്. കാരണം കുട്ടികളുടെ ചർമ്മം മുതിർന്നവരേക്കാൾ ലോലമാണ്. അവർക്ക് വേനൽ ചൂടിനെ പ്രതിരോധിക്കാൻ പ്രയാസമാകുംതോറും ചർമ്മ രോഗങ്ങളും കൂടും.
കോട്ടൺ വസ്ത്രങ്ങളാണ് വേനലിൽ കൂടുതലായും ധരിക്കാൻ ഉത്തമം. കോട്ടൺ വസ്ത്രങ്ങൾ വിയർപ്പ് വലിച്ചെടുക്കുന്നതുവഴി ചർമ്മത്തിന് തടസ്സങ്ങളില്ലാതെ ശ്വസിക്കാം. മറ്റ് വസ്ത്രങ്ങളിൽ വിയർപ്പ് തങ്ങി നിൽക്കും അതുവഴി ചൊറിച്ചിൽ അനുഭവപ്പെടാം. കടുത്ത നിറങ്ങൾ ചൂടിനെ ആഗിരണം ചെയ്യുന്നതിനാൽ ഇളം നിറങ്ങളാണ് വേനലിൽ അഭികാമ്യം.
കുട്ടികൾക്കുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.
വേനൽക്കാലം അവധിക്കാലം കൂടി ആയതിനാൽ പൊടിയിലും വെയിലിലും കളികളിലായിരിക്കും കുട്ടികൾ. അതുകൊണ്ടുതന്നെ വസ്ത്രങ്ങളിൽ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ വസ്ത്രധാരണം കുട്ടികളെ വേനൽക്കാല അസുഖങ്ങളിൽനിന്ന് അകറ്റി നിർത്തും. വെയിലത്തിറങ്ങുമ്പോൾ ചൂടിനെ അകറ്റി നിർത്താൻ അയവുള്ള വസ്ത്രങ്ങൾ ധരിക്കാം. സൂര്യ രശ്മികളിൽനിന്ന് കണ്ണിനേയും ചർമ്മത്തേയും സംരക്ഷിക്കാൻ തൊപ്പികളുപയോഗിക്കാം. എന്നാൽ തൊപ്പിയും ഷൂസും ഉപയോഗിക്കുന്നത് അവരുടെ സഞ്ചാര സ്വാതന്ത്രത്തെ തടയുന്നതാകരുത്.
കുട്ടികളെ സംരക്ഷിക്കുന്നതിൽ മുതിർന്നവരുടെ വസ്ത്രധാരണത്തിനും പങ്കുണ്ട്. കുട്ടികളെ പരിചരിക്കുമ്പോൾ പ്രത്യേകിച്ച അവരെ എടുത്ത് നടക്കുമ്പോൾ മുതിർന്നവരുടെ വസ്ത്രങ്ങൾ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ഇത് ഒഴിവാക്കാൻ വളരെ കനം കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here