വികസനങ്ങൾക്ക് അംഗീകാരമെന്ന് പാലക്കാട്ടെ ജനങ്ങൾ തീരുമാനിച്ചാൽ വിജയം യു.ഡി.എഫിന്- ഷാഫി പറമ്പിൽ

യു.ഡി.എഫിന്റെ ഉറപ്പായ സീറ്റുകളിൽ ഒന്നാണ് ഷാഫിയുടേത് എന്നാണ് പൊതുവേ പറയപ്പെടുന്നത്. ആത്മവിശ്വാസത്തിലാണോ??

തീർച്ചയായും. ഇതിന് രണ്ട് കാരണങ്ങൾ ആണുള്ളത്.
ഒന്നാമത്തെ കാര്യം ഒരു തുടക്കക്കാരനായി ഇവിടെ എത്തിയ എന്നെ എന്റെ വാക്കുകൾ വിശ്വസിച്ച് ഇവിടുത്തെ ജനങ്ങൾ ജയിപ്പിച്ചതാണ്. അവർക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ പരിഗണിച്ച് അവർ യു.ഡി.എഫിനൊപ്പം നിന്നാൽ ഈ മണ്ഡലം യു.ഡി.എഫിനു തന്നെ നിലനിർത്താൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് പാർട്ടിക്കുള്ളത്.

രണ്ടാമത്തേത് പാലക്കാട് നിയോജക മണ്ഡലത്തെ സംബന്ധിച്ചടുത്തോളം ഏതെല്ലാം ഗവൺമെന്റുകൾ അധികാരത്തിൽ വന്നിട്ടുണ്ടെങ്കിലും വികസനകാര്യത്തിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിച്ച ഒരു ഭരണ കാലഘട്ടം ഉമ്മൻചാണ്ടി സർക്കാറിന്റേത് ആയിരുന്നു.

മെഡിക്കൽ കോളേജ്, ഐ.എ.എസ് അക്കാദമി, ഫോക്ക്‌ലോർ അക്കാദമി, റബ്ബറൈസ്ഡ് റോഡുകൾ തുടങ്ങി നിരവധി വികസനപ്രവർത്തങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പാലക്കാടിന് ലഭിച്ചത്. പിരായിരി പഞ്ചായത്തിൽ മാത്രം 83 റോഡുകളാണ് ഈ സർക്കാർ നവീകരിച്ചത്. വികസന കാര്യത്തിൽ മറ്റാരും നൽകാത്ത ഒരു പരിഗണന പാലക്കാടിന് ഈ സർക്കാർ നൽകിയിട്ടുണ്ട്. ഈ ഉറച്ച ബോധം പാലക്കാട്ടെ ജനങ്ങളുടെ മനസിലും ഉണ്ട്. ഈ വികസന പ്രവർത്തനങ്ങൾക്ക് ഒരു അംഗീകാരം നൽകാൻ ജനങ്ങൾ തീരുമാനിച്ചാൽ അത് ഞങ്ങൾക്കു മാത്രമേ വോട്ടായി ലഭിക്കൂ എന്ന ഉറച്ച വിശ്വാസം ഉണ്ട്.

താങ്കളെപ്പോലതന്നെ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലടെ ശ്രദ്ധേയനായ കൃഷ്ണദാസാണ് എതിർസ്ഥാനത്ത്. ആ സ്ഥാനാർത്ഥിത്വം എത്രത്തോളം വെല്ലുവിളി ഉയർത്തുന്നുണ്ട്?
എതിർസ്ഥാനാർത്ഥി ദുർബലനായിരിക്കണം എന്നാഗ്രഹിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. എന്റെ സ്ഥാനാർത്ഥിത്വത്തേക്കാൾ പാലക്കാടിനു വേണ്ടി പ്രവർത്തിച്ച മുന്നണി ഏതാണ് എന്നതാണ് ഇവിടുത്തെ വിഷയം.

കേരളത്തിന്റെ മൂന്ന് മുഖ്യമന്ത്രിമാർ വരെ പാലക്കാട് നിന്നുണ്ടായി, അവരെന്തുകൊണ്ട് പാലക്കാടിന്റെ വികസനകാര്യങ്ങൾ ശ്രദ്ധിച്ചില്ല. സത്യത്തിൽ ആര് മത്സരിക്കുന്നുവെന്നതല്ല  എന്ത് ചെയ്തു എന്നാണ് ജനങ്ങൾ പരിശോധിക്കുക.

ആ പരിശോധനയിൽ മുൻതൂക്കം ഞങ്ങൾക്ക് മാത്രം ആയിരിക്കും.

വികസനങ്ങൾ കൂടാതെ നിരവധി അഴിമതി വിഷയങ്ങളും യു.ഡി.എഫ് നേരിടുന്നുണ്ട്. ഇതിനെ എങ്ങനെ തരണം ചെയ്യും?
കേരളത്തിലെ ദൃശ്യ-പത്ര മാധ്യമങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്ന ഒരു വിഷയം കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമോ എന്നാണ്. കേരളത്തിൽ ഇത് വരെ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടുണ്ടോ.

ഭരണതുടർച്ച എന്ന് കേരളം ചർച്ച ചെയ്യുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് ആണിത്. അഴിമതി എന്നത് വെറും ആരോപണങ്ങൾ മാത്രമായി നിൽക്കുകയും വികസനങ്ങൾ യാഥാർത്ഥ്യമാകുകയും ചെയ്തു എന്നതാണ് സത്യം.

കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, സ്മാർട് സിറ്റി തുടങ്ങിയ പദ്ധതികൾ ഫലത്തിൽ വന്നതും ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷമാണ്. വികസനം, സാമൂഹ്യക്ഷേമരംഗം, ചികിൽസ തുടങ്ങിയ എല്ലാ മേഖലകളിലും കേരളം ആഗ്രഹിച്ച ഒരു ഉയർച്ച കൊണ്ടുവന്ന ഈ ഗവൺമെന്റ് ഈ പറയുന്ന ആരോപണങ്ങളെ അതിജീവിച്ച് യാഥാർത്ഥ്യങ്ങളിൽ ജനങ്ങളെ കൂടെനിർത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top