മോഹൻലാലോ സലീംകുമാറോ ആരാണ് ശരി???

പത്തനാപുരം മണ്ഡലത്തിൽ ഇടത്പക്ഷസ്ഥാനാർഥി കെ.ബി.ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മോഹൻലാൽ എത്തിയതും അതിൽ പ്രതിഷേധിച്ച് സലീംകുമാർ താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചതും വാർത്തയായിക്കഴിഞ്ഞു. ആരാണ് ശരി,ആരാണ് തെറ്റ് എന്ന് ചർച്ചകൾ ചൂടുപിടിക്കുകയാണ്.
പത്തനാപുരത്ത് സിനിമാതാരങ്ങളുടെ നേർക്ക്‌നേർ പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫിന് വേണ്ടി ഗണേഷ്‌കുമാർ,യുഡിഎഫിനു വേണ്ടി ജഗദീഷ്,എൻഡിഎയ്ക്ക് വേണ്ടി ഭീമൻരഘു. ആർക്കൊപ്പമാണ് മലയാളസിനിമ എന്നത് ആകാംക്ഷയോടെ ഏവരും കാത്തിരുന്ന കാര്യവുമാണ്. എന്നാൽ,കഴിഞ്ഞ ദിവസം മോഹൻലാൽ എത്തുന്നതുവരെ വേറെതെങ്കിലും സിനിമാതാരം പത്തനാപുരത്തേക്ക് പ്രചരണത്തിന്റെ ഭാഗമാകാൻ എത്തിനോക്കിയതുമില്ല. മറ്റ് മണ്ഡലങ്ങളിലൊക്കെ താരപ്രചാരകർ മികവ് തെളിയിച്ചപ്പോൾ ഇവിടെ താരപ്പൊലിമ സീരിയൽ നടീനടന്മാരിലൊതുങ്ങി.
ആ അവസ്ഥയിലാണ് മോഹൻലാലും പ്രിയദർശനും കൂടി പത്തനാപുരത്ത് എത്തുന്നത്. സിനിമാതാരമായല്ല ഗണേഷിന്റെ കുടുംബസുഹൃത്തായാണ് താൻ എത്തിയിരിക്കുന്നതെന്ന മുഖവുരയോടെയായിരുന്നു സൂപ്പർതാരത്തിന്റെ പ്രസംഗം. ഗണേഷ്‌കുമാർ നടത്തിയ വികസനപ്രവർത്തനങ്ങളെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു.
ഇതേതുടർന്നാണ് അമ്മയിൽ നിന്ന് രാജിവയ്ക്കുകയാണെന്നറിയിച്ച് സംഘടനയുടെ ജനറൽ സെക്രട്ടറിയായ മമ്മൂട്ടിക്ക് സലീംകുമാർ കത്തയച്ചത്. സംഘടനയുടെ നിലപാടിന് വിരുദ്ധമായി മോഹൻലാൽ പ്രവർത്തിച്ചതിൽ പ്രതിഷേധിച്ചാണ് രാജി എന്ന് സലീംകുമാർ പറയുന്നു. താരങ്ങൾ തമ്മിൽ മത്സരിക്കുന്നയിടത്ത് പ്രചാരണത്തിന് പോവരുതെന്ന് അമ്മയുടെ അലിഖിത നിർദേശമുണ്ടായിരുന്നു എന്നാണ് സലീംകുമാറിന്റെ വാദം. താരമണ്ഡലങ്ങളിൽ പോയി പക്ഷം പിടിക്കരുതെന്ന നിർദേശം മോഹൻലാൽ ലംഘിച്ചുവെന്ന് ആരോപിക്കുമ്പോഴും നടൻ ജയറാമും കവിയൂർ പൊന്നമ്മയും പ്രചാരണത്തിനിറങ്ങിയതിൽ തെറ്റില്ലെന്നാണ് സലീംകുമാറിന്റെ നിലപാട്.
സലീംകുമാറിനെ പിന്തുണച്ച് ശക്തമായ ഭാഷയിൽ ജഗദീഷും പ്രതികരിച്ചു. താനും മോഹൻലാലിന്റെ സുഹൃത്താണെന്നും ഗണേഷിന് വേണ്ടി പ്രചാരണത്തിന് ലാൽ എത്തിയതിൽ വിഷമമുണ്ടെന്നും ജഗദീഷ് പറഞ്ഞു. അമ്മയുടെ നിർദേശം ലംഘിച്ചതിലൂടെ സിനിമാതാരങ്ങൾ പലതട്ടിലാണെന്ന് ജനം പറയില്ലേ എന്നാണ് ഇരുവരും ചോദിക്കുന്നത്. എന്നാൽ,മോഹൻലാൽ ഗണേഷ്‌കുമാറിനു വേണ്ടി വോട്ടഭ്യർഥിച്ചതിലുള്ള വികാരപരമായ പ്രകടനം മാത്രമാണ് സലീംകുമാറും ജഗദീഷും നടത്തുന്നതെന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. താരമണ്ഡലങ്ങളിൽ പ്രചാരണത്തിന് പോവരുതെന്ന് രേഖാമൂലം അറിയിപ്പ് നല്കാത്ത സാഹചര്യത്തിൽ മോഹൻലാൽ ചെയ്തതിൽ എന്താണ് തെറ്റ് എന്നാണ് ലാലിനെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here