ഇനിയൊന്നും പഴയതുപോലെയല്ല!!

 

തുടർച്ചയായ 12 പരാജയങ്ങൾ. ഇക്കുറിയും പരാജയപ്പെട്ടാൽ ഇനി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച് നേമത്ത് തെരഞ്ഞെടുപ്പ് കളത്തിലേക്ക്. ഒടുവിൽ ഫലം വന്നപ്പോൾ ചരിത്രമായി മാറിയ വിജയവും. ഒ.രാജഗോപാലിന്റെ ഈ വിജയത്തിന് ഇരട്ടിമധുരമുണ്ട്. തുടർച്ചയായ പരാജയങ്ങൾ സമ്മാനിച്ച നാണക്കേടിൽ നിന്നുള്ള കരകയറ്റം എന്നുള്ളതു മാത്രമല്ല ഈ വിജയത്തിന്റെ പ്രത്യേകത. കേരള നിയമസഭയിൽ ആദ്യമായി ബിജെപിയുടെ ശബ്ദം ഉയർത്താൻ നിയോഗിക്കപ്പെടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

കേരളത്തിൽ താമര വിരിയുമെന്ന് പറഞ്ഞുകേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും 2016ലെ രാഷ്ട്രീയകാലാവസ്ഥ വേണ്ടി വന്നു താമര വിടരാൻ.കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ച അധികവോട്ടുകൾക്കൊപ്പം യുഡിഎഫ് വോട്ടുകൾ കൂടി ലഭിച്ചതോടെ രാജഗോപാലിന് നിയമസഭയിലേക്കുള്ള വഴി തുറന്നു.2011ൽ 20,248 വോട്ട് ലഭിച്ച യുഡിഎഫിന് 2016ൽ നേടാനായത് 13,860 വോട്ടുകൾ മാത്രമാണ്.

ആർ.എസ്.എസിലൂടെയായിരുന്നു ഒറ്റപ്പാലത്തുകാരൻ ഒ.രാജഗോപാലിന്റെ രാഷ്ട്രീയപ്രവേശം.പിന്നീട്,ജനസംഘം,ജനതാപാർട്ടി,ബിജെപി എന്നിവയിലൂടെ സജീവരാഷ്ട്രീയത്തിന്റെ ഭാഗമായി.തെരഞ്ഞെടുപ്പുരംഗത്തേക്കുള്ള ആദ്യ കാൽവയ്പ് 1967ലായിരുന്നു.അന്നുമുതലിങ്ങോട്ട് 12 തോൽവികൾ.കേരളത്തിൽ പാർട്ടി ശക്തിപ്പെടുത്താൻ രാജഗോപാലിനെ രണ്ട് തവണ ബിജെപി മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലെത്തിച്ചു. വാജ്‌പേയി മന്ത്രിസഭയിൽ സഹമന്ത്രിയാക്കി.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവിട്ടു പോയത് തലനാരിഴയ്്ക്കായിരുന്നു.

വാജ്‌പേയി മന്ത്രിസഭയിലംഗമായിരുന്ന കാലത്ത് കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർ എന്ന് ഒ.രാജഗോപാലിനെ വിശേഷിപ്പിച്ചത് എ.കെ.ആന്റണിയാണ്. കേരളത്തിലെ ബിജെപിയുടെ ചുവടുറപ്പിക്കലിന് നാന്ദികുറിച്ചതിലൂടെ ആ വിശേഷണം അന്വർഥമാകുകയാണ്…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top