അമോണിയ ചോർന്നത് ഫാക്ടിന്റെ സുരക്ഷാവീഴ്ച്ച കാരണമാണെന്ന് കലക്ടർ

ഫാക്ടിലേക്ക് കൊണ്ടുപോയ അമോണിയ ചോർന്നത് ഫാക്ടിന്റെ സുരക്ഷാവീഴ്ച്ച കാരണമാണെന്ന് എറണാകുളം ജില്ലാ കലക്ടർ എം ജി രാജമാണിക്യം. അമോണിയ പോലുള്ള രാസപദാർഥങ്ങൾ ബാർജ് വഴി കൊണ്ടുപോവുന്നത് നിരോധിച്ചു കൊണ്ട് കലക്ടർ ഉത്തരവിട്ടു. അമോണിയ ചോർച്ച സംഭവവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച അനേഷിക്കുമെന്നും കലക്ടർ അറിയിച്ചു.
ദുരന്ത നിവാരണ നിയമം സെക്ഷൻ 33 പ്രകാരമാണ് അന്വേഷണം പൂർത്തിയാവുന്നതുവരെ ഈ ബാർജിൽ അമോണിയ കൊണ്ടുപോവുന്നത് കലക്ടർ നിരോധിച്ചത്. ജൂൺ ഒന്ന് വരെയാണ് നിയന്ത്രണം.
കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെയാണ് വൈറ്റില ചമ്പക്കരയ്ക്കു സമീപം ഫാക്ടിലേക്ക് അമോണിയ കൊണ്ടുപോയ ബാർജ് ചോർന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംഘം, പോലിസ്, ഫയർ ആന്റ് റെസ്‌ക്യൂ എന്നിവർ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന് വൈറ്റിലയിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.