Advertisement

ഫിദൽ കാസ്‌ട്രോയ്ക്ക് ലഭിച്ച മറുപടിക്കുറിപ്പ്!!

May 27, 2016
Google News 1 minute Read

കാസ്‌ട്രോയും കടലാസ്‌കുറിപ്പും വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ സാക്ഷാൽ ഫിദൽ കാസ്‌ട്രോയ്ക്ക് ലഭിച്ച ഒരു മറുപടിക്കുറിപ്പിലേക്ക് പോവാം. ചെഗുവേര ഫിദൽ കാസ്‌ട്രോയ്ക്ക് അയച്ച അവസാനകത്താണിത്. മന്ത്രിസ്ഥാനവും മറ്റ് ഔദ്യോഗികപദവികളും ഉപേക്ഷിച്ച് താൻ പൊതുസേവനത്തിനിറങ്ങുന്നതിന്റെ വിശദീകരണമാണ് ഈ വരികളിലൂടെ ചെഗുവേര കാസ്‌ട്രോയോട് പറഞ്ഞത്……..

ഫിഡല്‍,

മാരിയാ അന്തോണിയയുടെ വീട്ടില്‍ വച്ചു നാം തമ്മില്‍ ആദ്യമായി കണ്ട ആ സന്ദര്‍ഭവും യാത്രയ്ക്കുള്ള താങ്കളുടെ നിര്‍ദ്ദേശവും തിരക്കിട്ട
തയാറെടുപ്പുകളും എല്ലാം ഞാനിപ്പോള്‍ ഓര്‍ത്തുപോവുകയാണ്.

മരിച്ചാല്‍ ആരെ വിവരമറിയിക്കണമെന്ന് ഒരിക്കല്‍ നമ്മളോടെല്ലാം അന്വേഷിച്ചപ്പോള്‍ അങ്ങനെയുമൊരു സാധ്യത ഉണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മെയെല്ലാം വിസ്മയപ്പെടുത്തുകയുണ്ടായല്ലോ? അതുശരിയാണെന്ന് പിന്നീട് നമ്മള്‍ക്ക് മനസിലായി. ഒരു വിപ്ലവത്തില്‍ (അതും യഥാര്‍ത്ഥവിപ്ലവത്തില്‍) വിജയമല്ലെങ്കില്‍ മരണം തീര്‍ച്ചയാണ്.ലക്ഷ്യത്തിലേക്കുള്ള ജൈത്രയാത്രയ്ക്കിടയില്‍ അന്തിമമായി നമ്മെ വിട്ടുപിരിഞ്ഞവരുടെ സംഖ്യ അനവധിയാണല്ലോ?

ഇന്ന് കാര്യങ്ങള്‍ക്ക് അത്രതന്നെ നാടകീയതയില്ല. കാരണം, നമ്മളെല്ലാം കുറേക്കൂടി പക്വത വന്നവരാണ്. എങ്കിലും സ്ഥിതി അതു തന്നെയാണ്. ക്യൂബന്‍ വിപ്ലവവുമായി
 എന്നെ ബന്ധിച്ചിരുന്ന ആ കടമ ഞാന്‍ ഭാഗികമായി നിറവേറ്റിക്കഴിഞ്ഞെന്നാണ് എന്റെ വിശ്വാസം. അതിനാല്‍ താങ്കളോടും എന്റെ സഖാക്കളോടും എന്റേതുകൂടിയായിട്ടുള്ള താങ്കളുടെ ജനതയോടും ഞാന്‍ വിടചോദിക്കുകയാണ്.

പാര്‍ട്ടി നേതൃത്വത്തിലുള്ള എന്റെ സ്ഥാനവും എന്റെ മന്ത്രിസ്ഥാനവും മേജര്‍ പദവിയും ഞാന്‍ ഔദ്യോഗികമായി രാജിവയ്ക്കുകയാണ്. എന്റെ ക്യൂബന്‍ പൗരത്വവും ഞാന്‍ ഉപേക്ഷിക്കുന്നു. ഔദ്യോഗികമായി എനിക്ക് ക്യൂബയുമായി ഇനി യാതൊരു ബന്ധവുമില്ല. തികച്ചും വ്യത്യസ്തമായ മറ്റു ചില ബന്ധങ്ങളാണ് ശേഷിച്ചിട്ടുള്ളത്. എന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ പോലെ അങ്ങനെ രാജിവച്ചൊഴിയാവുന്ന ബന്ധങ്ങളല്ലല്ലോ അതൊന്നും.

എന്റെ കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇത്ര കാലവും സാമാന്യം സത്യസന്ധമായും കൂറോടു കൂടിയും പണിയെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും വിപ്ലവത്തിന്റെ വിജയം അരക്കിട്ടുറപ്പിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ് എനിക്ക് തോന്നുന്നത്. കാര്യമായ ഒരു തെറ്റേ എനിക്കു പറ്റിയിട്ടുള്ളൂ. സീറാ മെസ്രയിലെ ആ ആദ്യനിമിഷം മുതല്‍ക്കു തന്നെ താങ്കളില്‍ ഞാന്‍ ഇന്നത്തേതിലും വിശ്വാസമര്‍പ്പിച്ചില്ലല്ലോയെന്നും ഒരു നേതാവും വിപ്ലവകാരിയുമെന്ന നിലയ്ക്കുള്ള താങ്കളുടെ കഴിവുകള്‍ ശരിയായി വിലയിരുത്താന്‍ അന്നെനിക്ക് കഴിയാതെ പോയല്ലോ എന്നുമുള്ള അപരാധബോധമാണ് എന്നെ അലട്ടുന്നത്.

അത്ഭുതാവഹമായ കാലങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോന്നിട്ടുള്ളത്. താങ്കളോടൊപ്പം നില്‍ക്കുമ്പോള്‍ കരീബിയന്‍ പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്ന ഏറ്റവും വൈഷമ്യമേറിയ ആ ദിവസങ്ങളില്‍ നമ്മുടെ ജനതയുടെ ഭാഗമായിരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനപുളകിതനായിരുന്നു.
ഒരു രാഷ്ട്രീയ നേതാവെന്ന നിലയ്ക്കുള്ള താങ്കളുടെ പ്രതിഭ ഇത്ര വെട്ടിത്തിളങ്ങിയിട്ടുള്ള സന്ദര്‍ഭങ്ങള്‍ കുറവാണ്. അന്ന് ഒട്ടും അറച്ചുനില്‍ക്കാതെ താങ്കളെ പിന്താങ്ങാന്‍ കഴിഞ്ഞതിലും എനിക്കഭിമാനമുണ്ട്. അന്ന് നമ്മുടെ വിചാരവികാരങ്ങള്‍ ഒന്നായിരുന്നുവെന്നതിലും എനിക്കഭിമാനമുണ്ട്.

ഇപ്പോള്‍ എന്റെ എളിയ സേവനം ലോകത്തിന്റെ മറ്റുചില ഭാഗങ്ങളില്‍ ആവശ്യമായിരിക്കുന്നു. താങ്കള്‍ക്ക് നിഷേധിക്കപ്പെട്ടിട്ടുള്ള ആ സംഗതി ചെയ്യാന്‍ എനിക്കു കഴിയും. എന്തുകൊണ്ടെന്നാല്‍ താങ്കള്‍ക്ക് ക്യൂബയോട് ചില ഉത്ത്രരവാദിത്വങ്ങളുണ്ട്. അതിനാല്‍ നമുക്ക് തമ്മില്‍ പിരിയേണ്ടിയിരിക്കുന്നു.

സന്തോഷത്തോടും സന്താപത്തോടും കൂടിയാണ് ഞാന്‍ നിങ്ങളെയെല്ലാം വിട്ടുപിരിയുന്നതെന്ന് അറിയാമായിരിക്കുമല്ലോ? എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ജനതയേയും നിര്‍മ്മാതാവിനേയും പറ്റിയുള്ള ഏറ്റവും വലിയ ശുഭപ്രതീക്ഷകളുമായാണ് ഞാന്‍ പിരിയുന്നത്…. എന്നെ സ്വന്തം പുത്രനായി അംഗീകരിച്ച ഒരു ജനതയെ വിട്ടാണ് ഞാന്‍ പോകുന്നത്. ഇതില്‍ എനിക്കു സങ്കടമുണ്ട്. താങ്കള്‍ എന്നില്‍ വളര്‍ത്തിയ ആ ആത്മവിശ്വാസവുമായാണ്, എന്റെ നാട്ടുകാരുടെ വിപ്ലവബോധവുമായാണ്, ഞാന്‍ പുതിയ അടര്‍ക്കളത്തിലേക്ക് കുതിക്കുന്നത്.

ഏറ്റവും പരിപാവനമായ ഒരു കടമ നിര്‍വ്വഹിക്കുകയാണെന്ന ആത്മബോധത്തോടെയാണ് ഞാന്‍ പോകുന്നത്. എവിടെവിടെ സാമ്രാജ്യത്വമുണ്ടോ അവിടവിടെ അതിനെതിരായി പോരാറ്റുകയെന്ന ഏറ്റവും പരിപാവനമായ കടമ നിര്‍വ്വഹിക്കുകയാണെന്ന ആത്മബോധത്തോടെയാണ് ഞാന്‍ മുന്നോട്ടു നീങ്ങുന്നത്. ഇത് എന്റെ ദൃഢനിശ്ചയത്തെ ഒന്നു കൂടി ബലപ്പെടുത്തുകയും ഈ വേര്‍പാടിലുള്ള എന്റെ വേദനയെ വളരെയേറെ ചുരുക്കുകയും ചെയ്യുന്നുണ്ട്.

മറ്റുള്ളവര്‍ക്കൊരു മാതൃകയായിരീക്കുകയെന്നൊഴിച്ചാല്‍ ക്യൂബയ്ക്ക് എന്നോട് മറ്റൊരു കടപ്പാടുമില്ലെന്ന സംഗതി ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. ഇനി ഇവിടുന്നെല്ലാം വളരെ അകലെയിരിക്കുന്ന അവസരത്തിലാണ് എന്റെ അന്ത്യമെങ്കില്‍ കൂടിയും അപ്പോഴും എന്റെ വിചാരം മുഴുവന്‍ ഈ ജനതയെപ്പറ്റിയും വിശേഷിച്ചും താങ്കളെപ്പറ്റിയും ആയിരിക്കും. താങ്കള്‍ എന്നെ പഠിപ്പിക്കുകയും മാതൃക കാട്ടുകയും ചെയ്ത സര്‍വ്വ സംഗതികള്‍ക്കും ഞാന്‍ അത്യന്തം കൃതജ്ഞനാണ്.
അവസാനംവരെയും അതനുസരിച്ച ജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്. നമ്മുടെ വിപ്ലവത്തിന്റെ വിദേശനയത്തോട് എനിക്ക് എക്കാലവും പൂര്‍ണ്ണയോജിപ്പുണ്ടായിരുന്നു. ഇന്നും അതങ്ങനെയാണ് താനും.

എവിടെ ചെന്നാലും ഒരു ക്യൂബന്‍ വിപ്ലവകാരിയെന്ന നിലയ്ക്കുള്ള എന്റെ ഉത്തരവാദിത്വം ഒരിക്കലും വിസ്മരിക്കാതെ ഞാന്‍ എന്റെ പ്രവര്‍ത്തനം തുടരുന്നതായിരിക്കും. എന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും യാതൊരുവിധ സ്വത്തും നല്‍കാതെയാണ് ഞാന്‍ പോകുന്നത്. ഇതില്‍ എനിക്ക് യാതൊരു കുണ്ഠിതവുമില്ല മറിച്ച് സന്തോഷമേയുള്ളൂ. അവര്‍ക്കു വേണ്ടി ഞാന്‍ യാതൊന്നും ആവശ്യപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ജീവിക്കാനുള്ള വകയും വിദ്യാഭ്യാസത്തിനുള്ള സൌകര്യവും അവര്‍ക്ക് സ്റ്റേറ്റില്‍ നിന്ന് നല്‍കിക്കൊള്ളുമെന്ന് എനിക്കറിയാം.

നമ്മുടെ ജനതയോടും താങ്കളോടും എനിക്ക് ഇനിയും പലതും പറയാനുണ്ട്. പക്ഷേ, അധികപറ്റാകു മെന്നതുകൊണ്ട് ഞാന്‍ അതിനിപ്പോള്‍ തുനിയുന്നില്ല. എന്റെ മനസ്സിലുള്ള സംഗതികള്‍ മുഴുവന്‍ അതു പടി കടലാസില്‍ പകര്‍ത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. അതിനാല്‍ ആ പാഴ് വേലയ്ക്ക് ഞാന്‍ മുതിരുന്നില്ല.

‘ഹസ്താ ലാ വിക്ടോറിയാ സീമ്പ്ര!
പാട്രിയാ ഓ മുയേര്‍ത്തേ!’
(എല്ലായ്‌പോഴും വിജയത്തിലേക്ക്,
മാതൃഭൂമി അല്ലെങ്കില്‍ മരണം!)

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here