പുതിയ ഡാം വേണ്ടെന്ന നിലപാട് കേരളത്തിനില്ലന്ന് പിണറായി ; ബലക്ഷയം പരിശോധിക്കാൻ അന്താരാഷ്‌ട്ര സമിതി

മുല്ലപെരിയാറില്‍ പുതിയ ഡാം വേണ്ട എന്ന നിലപാട് കേരളത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന്‍റെ നിലപാടും സമരസമിതിയുടെ നിലപാടും ഒന്നു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തരാഷ്ട്ര സമിതിയെ ഡാമിന്‍റെ ബലക്ഷയം പരിശോധിക്കാനായി ചുമതലപ്പെടുത്തുകയും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാര്‍ പുതിയ അടവുകളുമായി രംഗത്ത് എത്തുന്നുണ്ട്. അവരോട് തനിക്ക് ഒന്നെ പറയാനുള്ളു. വീട്ടുകാരുമൊത്ത് കുടുംബത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതല്ലേ നല്ലത്. നിയമനടപടിയെ പ്രതികാരമായിട്ട് കാണരുത്. ആരോടും പ്രതികാരം ചെയ്യാനല്ല അധികാരത്തിലെത്തിയത്. നിയമനടപടി നേരിടുന്നവരെ വഴിവിട്ട് സഹായിക്കില്ലെന്നും പിണറായി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാടും സമരസമിതിയുടെ നിലപാടും ഒന്നു തന്നെയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു
മുല്ലപ്പെരിയാര്‍, അതിരപ്പിള്ളി വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കില്ലെന്നും എന്നാല്‍ അതിരപ്പിള്ളിയില്‍ ഡാം നിര്‍മ്മിക്കുമെന്നുമുള്ള പിണറായിയുടെ പ്രസ്താവനക്കെതിരെ ഘടക കക്ഷിയായ സി.പി.ഐയില്‍ നിന്ന് തന്നെ പരസ്യമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാൽ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്ക് തമിഴ്‌നാട്ടില്‍ അഭിനന്ദന പ്രവാഹം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്‌ഥാപക എന്‍ജിനീയര്‍ പെന്നികുക്കിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫോട്ടോയുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളാണ് തമിഴ്‌നാട്ടില്‍ നിരന്നിട്ടുള്ളത്.