അങ്ങനെയിപ്പോ ഭാര്യയെ തല്ലണ്ടാ!!!
ഭർത്താവിനോട് അനുസരണക്കേട് കാട്ടുന്ന ഭാര്യക്ക് ചെറിയ തല്ല് നല്കാമെന്ന പാകിസ്താനിലെ കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജി നിർദേശത്തിനെതിരെയുള്ള നവമാധ്യമ ക്യാംപയിൻ ശ്രദ്ധേയമാകുന്നു. വനിതകളെ ഒരുമിപ്പിച്ചുള്ള ഈ പ്രതിഷേധക്യാപയിന് പിന്നിൽ ഒരു പുരുഷ ഫോട്ടോഗ്രാഫർ ആണ് എന്നുള്ളത് വാർത്തയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഫഹദ് രാജ്‌പെർ ആണ് പാക് വനിതകളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളും ട്രൈബീറ്റിങ്ങ്മീലൈറ്റ്‌ലി
എന്ന ഹാഷ്ടാഗും ചേർത്ത് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്.
സ്ത്രീകളെ എല്ലായ്‌പ്പോഴും കാൽക്കീഴിലാക്കാൻ ശ്രമിക്കുന്ന പുരുഷന്മാർക്കുള്ള ഏറ്റവും നല്ല മറുപടിയാണ് ഈ ക്യാംപയിനെന്ന് ഫഹദ് പറയുന്നു. സ്ത്രീകളുടെ പുരോഗതിയും ശാക്തീകരണവും ലക്ഷ്യമാക്കുന്നവർക്ക് ശക്തി പകരുകയാണ് തന്റെ ലക്ഷ്യം. പൊതുസമൂഹത്തിൽ പ്രതികരിക്കാൻ കഴിയാത്തവർക്ക് അതിനുള്ള അവസരം സൃഷ്ടിക്കാനാണ് ഈ ക്യാംപയിനെന്നും ഫഹദ് അഭിപ്രായപ്പെടുന്നു.
പഞ്ചാബ് പ്രവിശ്യയിൽ അടുത്തിടെ പാസ്സാക്കിയ സ്ത്രീസുരക്ഷാബിൽ അനിസ്ലാമികമെന്ന് ആരോപിച്ചാണ് പാക് കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജി സമാന്തരമായി കരടുബിൽ അവതരിപ്പിച്ചത്. ഇതിലാണ് സ്ത്രീകളെ തല്ലാമെന്ന് നിർദേശമുള്ളത്. അനുസരണക്കേട് കാണിക്കുകയോ,ഹിജാബ് ധരിക്കാതിരിക്കുകയോ ലൈംഗികബന്ധത്തിന് വിസമ്മതിക്കുകയോ ചെയ്താലൊക്കെ ചെറിയ തല്ല് കൊടുത്ത് നേർവഴിക്കാക്കാമെന്നാണ് ബില്ലിൽ പറയുന്നത്. ഉറക്കെ സംസാരിക്കുകയോ അപരിചിതരോട് ഇടപഴകുകയോ ചെയ്താലും ശിക്ഷിക്കാവുന്നതാണെന്ന് ബില്ലിൽ പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here