ആൺകുട്ടികളെ അധ്യാപികമാർ ലൈംഗിക പീഡനത്തിന് ഇരകളാക്കിയെന്ന പരാതികളിൽ യുജിസി ഉത്തരവ്

നിയമം ഇനി ആൺകുട്ടികളെയും കാത്തോളും. പെൺകുട്ടികൾക്കു മാത്രമല്ല, ആൺകുട്ടികൾക്കു നേരേ ലൈംഗിക പീഡനമുണ്ടായാലും ഇനി പരാതിപ്പെടാം. യു.ജി.സി. പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പെൺകുട്ടികൾക്കും ഭിന്നലിംഗക്കാർക്കും ആൺകുട്ടികൾക്കും ഇത്തരം സംഭവങ്ങളിൽ പരാതി നൽകാൻ തുല്യാവകാശമാണെന്നും യുജിസിയുടെ പുതിയ മാർഗനിർദേശത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2007ൽ ദില്ലി രാംജാസ് കോളജിലെ രണ്ടു വിദ്യാർഥികൾ അധ്യാപിക ലൈംഗിക പീഡനത്തിനു ശ്രമിച്ചെന്നു കാട്ടി പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ദില്ലി സർവകലാശാല പുരുഷവിദ്യാർഥികൾക്കു പരാതി നൽകാവുന്ന തരത്തിൽ നിയമം പരിഷ്‌കരിച്ചിരുന്നെങ്കിലും യുജിസി ഇത്തരത്തിൽ ഒരു നടപടിയെടുക്കുന്നത് ആദ്യമാണ്.
ലൈംഗിക പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടികൾക്ക് വേണ്ടി കുടുംബാംഗങ്ങൾക്കോ സഹപാഠികൾക്കോ സുഹൃത്തുക്കൾക്കോ പരാതി സമർപ്പിക്കാനാവും. അതിനി പെൺകുട്ടിയായാലും ഭിന്നലിംഗക്കാരായാലും അവർക്ക് അസൗകര്യമുണ്ടെങ്കിൽ പരാതി നല്കാം.
ആൺകുട്ടികൾക്ക് നേരെ ലൈംഗികപീഡനവും ശ്രമങ്ങളും നടന്ന സംഭവങ്ങൾ നേരത്തേ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അക്കാര്യത്തിൽ വിശ്വസനീയമായ സാക്ഷ്യങ്ങൾ ഉണ്ടെന്നും യുജിസി വ്യക്തമാക്കുന്നു. എന്നാൽ ഇനി മുതൽ സംഭവം നടന്ന് മൂന്നു മാസത്തിനുള്ളിലാണ് പരാതി നൽകേണ്ടത്. ഇത്തരം പരാതികൾ പരിശോധിക്കാൻ ഓരോ സ്ഥാപനവും ഒരു സമിതിയെ നിയോഗിക്കുകയും ചെയ്യും. തൊണ്ണൂറു ദിവസത്തിനുള്ളിൽ റിപ്പോർട്ട് തയാറാക്കുകയും അടുത്ത മുപ്പതു ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. അതെ സമയം പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ പിഴയൊടുക്കേണ്ടിവരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here