മദനിയ്ക്ക് കേരളത്തിലേക്ക് പോകാൻ സുപ്രീംകോടതി അനുമതി

ബെംഗളൂരു സ്‌ഫോടന കേസിനെ തുടർന്ന് കർണാടകത്തിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിക്ക് നാട്ടിലേക്ക് പോകാൻ സുപ്രീംകോടതിയുടെ അനുമതി. രോഗബാതിതയായി കിടക്കുന്ന അമ്മയെ കാണാനാണ് നാട്ടിലേക്ക് പോകാൻ മദനിയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. വിചാരണക്കോടതിയിൽ ഹാജരാകുന്നതിലും മദനിയ്ക്ക് ഇളവ് നൽകിയിട്ടുണ്ട്.
എല്ലാദിവസവും വിചാരണക്കെത്തണമെന്ന നിബന്ധന കോടതി ഒഴിവാക്കി. എത്ര ദിവസം വേണമെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാം. നാട്ടിൽ പോകുന്ന ദിവസവും സമയവും കോടതി അനുമതിയോടെ തീരുമാനിക്കും. അമ്മയുടെ രോഗവിവരങ്ങൾ മദനി രേഖാമൂലം അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കേസുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന ആവശ്യം കോടതി പിന്നീട് പരിഗണിക്കും.
ചികിത്സക്കായി കേരളത്തിൽ പോകണമെന്ന മദനിയുടെ അപേക്ഷയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മദനിയെ നാട്ടിലേക്ക് പോകാൻ അനുവദിക്കരുതെന്ന ശക്തമായ നിലപാടായിരുന്നു കർണാടക സർക്കാറിന്റേത്. കേരളത്തിൽ എത്തിയാൽ മദനി കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. മദനി കേസിന്റെ വിചാരണ വൈകിപ്പിക്കാൻ ശ്രമിച്ചെന്നും കർണാടക സർക്കാർ കോടതിയിൽ ആരോപിച്ചിരുന്നു.
മദനിയുടെ ഹർജികൾ പരിഗണിക്കുന്നതിനായി കഴിഞ്ഞ ആഴ്ച്ച സുപ്രീംകോടതി പുതിയ ബഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, അശോക് ഭൂഷൺ എന്നിവരടങ്ങുന്നതാണ് പുതിയ ബഞ്ച്. ജസ്റ്റിസ് ജെ ചെലമേശ്വർ പിൻമാറിയതിനെ തുടർന്നാണ് പുതിയ ബഞ്ച് രൂപീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here