നിമിഷ എങ്ങനെയാണ് ഫാത്തിമയായത് ?

അരവിന്ദ് വി. / അണിയറ
കേരള ഹൈക്കോടതി മുൻപാകെ ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷൻ ഫയൽ ചെയ്യുമ്പോൾ അഭിഭാഷകരായ ശ്രീലാൽ എൻ വാരിയരും അമൽ ദർശനും കൃത്യമായി മനസിലാക്കിയ ഒരു സത്യം പക്ഷെ കേരളം സമ്മതിച്ചത് ഇപ്പോഴാണ്. കേരളത്തിൽ മതം മാറ്റുന്ന ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നു. 2015 നവംബർ മാസത്തിൽ ഫയൽ ചെയ്ത കേസിൽ വെറുമൊരു പ്രേമം മാത്രമല്ല ഒളിഞ്ഞിരിക്കുന്നതെന്നും ആവർത്തിക്കപ്പെടുന്ന ഒരു വലിയ തെറ്റ്; അതു സമൂഹത്തെ അസ്വസ്ഥമാക്കുന്ന ഒന്നായി പരിണമിക്കുമെന്നും അഡ്വ. ശ്രീലാൽ എൻ വാരിയർ തിരിച്ചറിഞ്ഞു. അതു കൊണ്ടാണ് ഹേബിയസ് കോർപസ്സിൽ സാധാരണമല്ലാത്ത ഒരു അപേക്ഷ ( പ്രയർ ) കൂടി അഭിഭാഷകർ എഴുതിചേർത്തത്.
മണക്കാട് സ്വദേശി ബിന്ദു സമ്പത്ത് എന്ന വീട്ടമ്മയായിരുന്നു പരാതിക്കാരി. അവരുടെ മകൾ നിമിഷ എന്ന ഡന്റൽ മെഡിക്കൽ വിദ്യാർഥിനിയെ കാണാതായിരുന്നു. അവർ നൽകിയ സൂചനകളിൽ ഹിന്ദു മത വിശ്വാസിയും ആറ്റുകാൽ ക്ഷേത്ര ട്രസ്റ് കുടുംബാന്ഗവും ആയ നിമിഷ മുസ്ലിം മതത്തിലേക്ക് മാറിയിരിക്കുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനായ അമൽ ദർശൻ വഴിയാണ് മുതിർന്ന അഭിഭാഷകൻ ശ്രീലാലിലേക്കു ബിന്ദു എത്തുന്നത്. മകളെ സ്വന്തം നിലയിൽ അന്വേഷിച്ചു പോയ അമ്മയ്ക്ക് ലഭിച്ചത് ഒരു വിലാസമാണ്. പാലക്കാട് യാക്കര ടെലിഫോൺ എക്സ്ചേഞ്ചിനടുത്തുള്ള കലവറ പറമ്പിൽ ഹൗസ്. വിൻസെന്റ് എന്നൊരു സാധാരണക്കാരനാണ് അവിടെ താമസം. എന്നാൽ മകളുടെ കൂട്ടുകാരിൽ നിന്നൊക്കെ കിട്ടിയ സൂചനകൾ ചെന്നു നിൽക്കുന്നത് ഈ വിലാസത്തിലും വിൻസെന്റ് എന്ന വൃദ്ധനിലും ആയിരുന്നു. നിസ്സ എന്നോ ഇസ്സ എന്നോ തിരിച്ചറിയാൻ കഴിയാത്ത ഒരു പേരും ഇയാൾക്കുണ്ട് എന്നായിരുന്നു ബിന്ദുവിന് ലഭിച്ച വിവരം. കേസ് നൽകിയതും അങ്ങനെ തന്നെ.
കോടതിയിൽ ഹാജരായ വിൻസെന്റ് താൻ ഇക്കാര്യത്തിൽ നിരപരാധി ആണെന്ന് ബോധിപ്പിച്ചു. ഫാത്തിമ എന്നു പേര് മാറ്റിയ നിമിഷയും അപ്പോൾ ഒപ്പമുണ്ടായിരുന്നു. വിൻസെന്റിന്റെ മകൻ ബക്സൺ എന്ന ഇസ്സ ആണ് ഒക്ടോബർ 2015 -ൽ തന്നെ വിവാഹം ചെയ്തതെന്നും ഫാത്തിമ @നിമിഷ കോടതിയെ ബോധിപ്പിച്ചു. ഇസ്സ കോടതിയിലേക്ക് പ്രവേശിക്കാനാകാതെ പുറത്തുണ്ടായിരുന്നു. ബക്സൺ എന്ന തന്റെ മകൻ താടി നീട്ടി വളർത്തി മറ്റൊരു മതവും സ്വീകരിച്ച് തന്റെ വിളിപ്പുറത്തിനപ്പുറം ആണെന്ന് ആ അച്ഛൻ കോടതിയെ ബോധ്യപ്പെടുത്തി. ഒരു ഹേബിയസ് കോർപസ്സിൽ അസാധാരണമാകുന്ന പ്രാർഥനയ്ക്ക് അപൂർവ്വമായ ഒരു നിർദ്ദേശവും കോടതി വിധിന്യായത്തിൽ എഴുതി ചേർത്തു. അതിന്റെ ചുരുക്കം ഇതാണ്. മതപരിവർത്തനം സംബന്ധിച്ച പരാതിയിൽ ചൂണ്ടിക്കാണിച്ച വിഷയങ്ങളിൽ പോലീസ് തുടരന്വേഷണത്തിന് കോടതി ഈ വിധിയിലൂടെ തടസ്സം ഉണ്ടാക്കുന്നില്ല.
ഫാത്തിമ ജനിക്കുന്നത് …
തിരുവനന്തപുരം ജില്ലയിൽ ആറ്റുകാൽ ക്ഷേത്ര പരിസരത്തെ മണക്കാടുള്ള നിമിഷ എന്ന പെൺകുട്ടി വാർത്തകളിൽ നിറയുമ്പോൾ തലസ്ഥാനത്ത് നിന്ന് അവളെങ്ങനെ മത തീവ്രവാദത്തിന്റെ വഴികളിലൂടെ നടന്നു എന്നു കൂടി അറിയണം. മണക്കാട് സ്വദേശി ബിന്ദു സമ്പത്ത് എന്ന വീട്ടമ്മയുടെ വാക്കുകളിലൂടെയാണ് ആറ്റുകാൽ അമ്പലത്തിന്റെ ട്രസ്റ്റി കുടുംബാംഗം കൂടിയായ നിമിഷയുടെ വിചിത്രമായ യാത്രാ വഴികൾ അറിയുന്നത്. നിമിഷ കാസറഗോഡ്, പൊയ്നാച്ചിയിലെ സെഞ്ചുറി ഡെന്റൽ കോളേജ് വിദ്യാർത്ഥിനി ആയിരുന്നു. ആറ്റുകാൽ ക്ഷേത്രം മുഖ്യ ട്രസ്റ്റി മാധവൻ നായരുടെ മകൾ ബിന്ദുവിന്റെ മകളാണ് നിമിഷ. ഒരർത്ഥത്തിൽ അവരുടെ കുടുംബ വകയായിരുന്നു ക്ഷേത്രം. മകൾക്കു ഇസ്ലാം മതത്തോടുള്ള ആഭിമുഖ്യം ബിന്ദു തിരിച്ചറിഞ്ഞത് വൈകിയാണ്. ബിന്ദു ഇപ്പോൾ പറയുന്നത് 2015 നവംബറിൽ കാസറഗോഡ് കോളേജ് ഹോസ്റ്റലിൽ നിന്നും നിമിഷ എന്ന ഫാത്തിമയെ കാണാതായി എന്നാണ്. അതിനു ശേഷം മതം മാറിയെന്നും. എന്നാൽ ഇതിൽ ഒരു സംശയം നില നിൽക്കുന്നു. കാരണം നിമിഷ ഇസ്ലാം മതം സ്വീകരിച്ചത് 2013 സെപ്റ്റംബറിൽ ആണ്. അതായത് ബിന്ദു പറയുന്നതിനും രണ്ടു വർഷങ്ങൾക്ക് മുൻപ്. മാത്രമല്ല ബിന്ദു ആരോപിക്കുന്നതു മതം മാറ്റം നടന്നത് തൃക്കരിപ്പൂർ പീസ് ഇന്റർനാഷണൽ സ്കൂളിൽ വച്ചാണെന്നാണ്. എന്നാൽ ഇതും തെറ്റാണെന്നു ഹൈക്കോടതിയിലെ വിധിയിൽ കാണുന്നു.
ഇസ്ലാം മതത്തോടുള്ള മകളുടെ ആഭിമുഖ്യം ആരംഭിക്കുന്നത് തിരുവനന്തപുരത്ത് വെച്ചാണെന്ന് ബിന്ദുവിന് വ്യക്തമായറിയാം. അതിനു കാരണം തിരുവനന്തപുരത്തു നിമിഷയ്ക്കുണ്ടായിരുന്ന ഒരു ആൺ സൗഹൃദം ആയിരുന്നു. ഇപ്പോൾ ഒരു ഡോക്ടർ കൂടിയായ ഈ സുഹൃത്തിന്റേയും അയാളുടെ ബന്ധുക്കളുടെയും പ്രേരണയിലാണ് നിമിഷ ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറായത്. 2013 സെപ്റ്റംബർ മാസത്തിൽ തിരുവനന്തപുരത്തെ സലഫി മസ്ജിദിൽ വച്ചു നിമിഷ ഫാത്തിമ ആയി മാറി. ഇതു സംബന്ധിച്ച ട്വൻറി ഫോർ ന്യൂസിന്റെ അന്വേഷണങ്ങൾ ആ വഴിക്കു നീണ്ടു. മതം മാറ്റം കഴിഞ്ഞെങ്കിലും അയാളുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടി. ആ സൗഹൃദം മുറിഞ്ഞു.
ഫാത്തിമയായി കാസറഗോട്ടെക്ക് …
തിരുവനന്തപുരത്തെ ആൺ സുഹൃത്തിനെ നഷ്ടപ്പെട്ട നിമിഷ, ഫാത്തിമ എന്ന പുതിയ പേരും പുതിയ മതവും പേറിയാണ് കോളേജിലേക്ക് മടങ്ങിയത്. അവിടെ ഫാത്തിമയെ വരവേറ്റത് മതം മാറ്റവും, മത പഠനവും, ഡോക്ടർ സാക്കിർ നായിക്കിന്റെ വീഡിയോ ആരാധനയും ഒക്കെ കൂടിയ അന്തരീക്ഷം ആയിരുന്നു. പൊയ്നാച്ചിയിലെ സെഞ്ചുറി ഡെന്റൽ കോളേജ് കേന്ദ്രീകരിച്ച് (മാനേജ്മെന്റ് അറിയാതെ ആകാം) ഒരു മത പരിവർത്തന സംഘം പ്രവർത്തിക്കുന്നതായി ബിന്ദുവും ആരോപണം ഉന്നയിക്കുന്നു. സമീപ പ്രദേശമായ തൃക്കരിപ്പൂരിലെ പീസ് ഇന്റർനാഷണൽ സ്കൂളിൽ മത പരിവർത്തനം നടത്തുന്നതായും ഇപ്പോൾ ആരോപണങ്ങൾ ഉയരുന്നുണ്ട്. ഫാത്തിമയായി മാറിയ നിമിഷ ഇവിടെല്ലാം നിത്യ സന്ദർശകയായിരുന്നു. ഡോക്ടർ സാക്കിർ നായിക്കിന്റെ വീഡിയോയുടെ ആരാധികയായിരുന്നു നിമിഷയെന്നു കൂട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
ഈ അന്തരീക്ഷത്തിലാണ് ബക്സൺ ഫാത്തിമയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ബക്സൺ പാലക്കാട് യാക്കര ടെലിഫോൺ എക്സ്ചേഞ്ചിനടുത്തുള്ള കലവറ പറമ്പിൽ വിൻസെന്റ് എന്നൊരു സാധാരണക്കാരന്റെ മകനാണ്. ചങ്ങനാശ്ശേരിയിൽ നിന്നും കുടിയേറിയതാണ് വിൻസന്റ്. ബക്സൺ മത പരിവർത്തനനത്തിന്റെ പാതയിലായിരുന്നു. ഈ സംഘത്തിന്റെ ഒത്താശയിലാണ് ഫാത്തിമ ഇസ്ലാമായി മാറുന്ന ബക്സൺ എന്ന ഇസ്സയെ നിക്കാഹ് ചെയ്യാൻ തീരുമാനിക്കുന്നത്. 2015 നവംബറിലാണ് ബിന്ദു ഇതു സംബന്ധിച്ച് അറിയുന്നത്.
ക്രൈം നമ്പർ 479/2015
നിമിഷയുടെ രേഖകളിലെ വീട് തിരുവനന്തപുരത്തായതിനാൽ കിള്ളിപ്പാലം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം കഴിക്കുന്നതിനായുള്ള മാര്യേജ് നോട്ടീസ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വിവരം നിമിഷയുടെ അമ്മ അറിഞ്ഞു. തുടര്‍ന്ന് വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതമില്ല എന്ന വിവരം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ അറിയിച്ചു. അതോടൊപ്പം കാസര്‍കോട് വിദ്യാനഗർ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ക്രൈം നമ്പർ 479/2015 എന്ന കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതനുസരിച്ച് പോലീസ് നിമിഷയെയും ഇസയെയും കോടതിയില്‍ ഹാജരാക്കി. ഇരുവരുടെയും സമ്മതപ്രകാരം ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുവദിച്ചു. തുടര്‍ന്ന് പാലക്കാടുള്ള ഇവരുടെ കുടംബവീട്ടിനു സമീപത്ത് കണ്ണാടി എന്ന സ്ഥലത്ത് വാടക വീട്ടില്‍ ഇവര്‍ താമസമായി.
അമ്മ മകളെ തിരക്കി ചെല്ലുന്നത് ഇസയ്ക്ക് ഇഷ്ടമില്ലായിരുന്നു. വീട്ടില്‍ ഫോണ്‍ ചെയ്യുന്നതും വിലക്കി. ഇസയുടെ സഹോദരനും ഇതേ പാതയിൽ ആയിരുന്നു. എറണാകുളത്തുള്ള മെറിൻ എന്ന ഒരു ക്രിസ്ത്യാനി കുട്ടിയെ വിവാഹം കഴിച്ചശേഷം ഇരുവരും മുസ്ലീം മത വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്തതാണെന്ന് അറിയുകയും ചെയ്തു. ഇതോടെയാണ് മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ആണ് അഡ്വ. ശ്രീലാൽ എൻ വാരിയർ തന്റെ അപൂർവ്വമായ ആവശ്യവും ചേർത്തു സമർപ്പിച്ചത്. പോലീസ് ഇരുവരെയും ഹൈക്കോടതിയില്‍ ഹാജരാക്കി. ഫാത്തിമയുടെ ഇഷ്ട്ടപ്രകാരം കോടതി നിസ്സയ്ക്കൊപ്പം പോകാൻ അനുവദിച്ചു.
ശ്രീലങ്ക പുതിയ ‘മത പുലി’കളുടെ കേന്ദ്രം
ഫെബ്രുവരിയിലും മെയ് 18നും നിമിഷ ആറ്റുകാലിലെ വീട്ടില്‍ വന്നിരുന്നു. ജൂണ്‍ വരെ പെണ്‍കുട്ടിയുമായി അമ്മ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിരുന്നു. ജൂണ്‍ നാലിന് ശേഷം പെണ്‍കുട്ടിയുമായി ബന്ധപ്പെടാനായിട്ടില്ല. ഒടുവില്‍ സംസാരിച്ചപ്പോള്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി ശ്രീലങ്കയിലേക്ക് പോകുകയാണെന്ന മറുപടിയാണ് നിമിഷ നല്‍കിയത്. ശ്രീലങ്കയിലേക്ക് പോകുന്നത് തടഞ്ഞെങ്കിലും ഇസ നിമിഷയെയും കൊണ്ട് പോവുകയായിരുന്നു. ഒടുവില്‍ ലഭിച്ച വോയിസ് സന്ദേശത്തില്‍ ഇന്ത്യന്‍ നമ്പരുകളൊന്നും ലഭിക്കാത്ത സ്ഥലത്താണ് തങ്ങളെന്ന് മകള്‍ പറഞ്ഞുവെന്നു ബിന്ദു സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ കാണാതായ പലരും ശ്രീലങ്കയിലേക്ക് പോകുന്നതായി ബന്ധുക്കളോട് പറഞ്ഞിരുന്നു. തമിഴ് ഈഴം പുലികൾ ഒഴിഞ്ഞ ശ്രീലങ്കയിൽ സമാന്തരമായി തീവ്രവാദത്തിന് മറ്റൊരു തുരുത്തൊരുങ്ങുകയാണോ ? അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. കരുത്തുറ്റ ഒരു അന്വേഷണം.
അതിലും പ്രധാനം നമ്മൾ മക്കളെ കുറെ കൂടി ചേർത്തു പിടിക്കേണ്ടിയിരിക്കുന്നു. മതമല്ല മനുഷ്യനാണ് ; സ്നേഹമാണ് വലുതെന്ന് അവരോടു പിന്നെയും പിന്നെയും പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here