മീഡിയ റൂമുകൾ തുറക്കാൻ ഇടപെടുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അഭിഭാഷകർ പൂട്ടിച്ച കേരള ഹൈക്കോടതിയിലെയും വഞ്ചിയൂർ കോടതിയിലെയും മീഡിയ റൂമുകൾ തുറക്കാൻ ഇടപെടുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂർ. മാധ്യമങ്ങളും കോടതിയും സമൂഹത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ഇരുവിഭാഗവും സംയമനം പാലിക്കണം.സ്വതന്ത്ര മാധ്യമപ്രവർത്തനം ഉറപ്പാക്കും. സംഭവങ്ങൾ ആശാവഹമല്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
കേരളത്തിൽ മാധ്യമപ്രവർത്തകരെ അഭിഭാഷകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിനെയും സുപ്രീം കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ ആവശ്യത്തെത്തുടർന്നാണ് പ്രശ്‌നത്തിൽ സുപ്രീംകോടതി ഇടപെട്ടത്.സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മീഡിയ റൂം തല്ക്കാലത്തേക്ക് തുറക്കേണ്ടതില്ലെന്ന് ജഡ്ജിമാരുടെയും അഭിഭാഷകരുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു.ഇതിനെതിരെ പത്രപ്രവർത്തക യൂണിയൻ പരാതി നല്കുകയായിരുന്നു.
മേനക ബോട്ട്‌ജെട്ടിയിൽ ഗവൺമെന്റ് പ്ലീഡർ അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാൻ വഴിയാത്രക്കാരിയെ കയറിപ്പിടിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത വാർത്തയ്ക്ക് മാധ്യമങ്ങൾ പ്രാധാന്യം നല്കിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ധനേഷ് മാത്യുവിനെതിരായ കേസ് സ്റ്റേ ചെയ്യണമെന്ന അഭിഭാഷകരുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചതും പ്രശ്‌നം വഷളാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here