ഇന്ന് വിജയ് ദിവസ്

ഇന്ത്യയുടെ മണ്ണില്‍ നിന്ന് അവസാനത്തെ നുഴഞ്ഞുകയറ്റക്കാരെയും തുരത്തി അതിര്‍ത്തികള്‍ പിടിച്ചടക്കി ഇന്ത്യന്‍ ആര്‍മി ഐതിഹാസിക വിജയം വരിച്ചതിന്റെ പതിനഞ്ചാം വാര്‍ഷികമാണിന്ന്. അതെ കാര്‍ഗില്‍ ദിനം.
1998 മുതല്‍ ഓപ്പറേഷന്‍ ബാദര്‍ എന്ന പേരില്‍ പാക്കിസ്ഥാന്‍ നടപ്പാക്കിയ നെറികെട്ട ഓപ്പറേഷന്‍ തകര്‍ക്കാന്‍ അഞ്ഞൂറ്റി ഇരുപത്തിയേഴ് ഇന്ത്യന്‍ ധീര ജവന്‍മാര്‍ക്ക് സ്വന്തം ജീവന്‍ രാജ്യത്തിനായി സമര്‍പ്പിക്കേണ്ടി വന്ന ധീര പോരാട്ടത്തിന് ഇന്ന് 15 വയസ്സ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണിയില്‍ പ്രകൃതിയോടു മല്ലടിച്ചാണ് ഇന്ത്യന്‍ ജവാന്‍മാര്‍ പാകിസ്ഥാന്‍ കൈയ്യേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്. 50 ദിവസമാണ് ഏറ്റുമുട്ടല്‍ നീണ്ടു നിന്നത്.
എല്ലാ ശൈത്യകാലത്തും അതിര്‍ത്തി രേഖയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് കാവല്‍ സൈനികര്‍ മാറി നില്‍ക്കും. പിന്നെ വസന്തകാലം വരുമ്പോഴാണ് ഇരുപക്ഷവും സ്വന്തം പോസ്റ്റുകളില്‍ തിരികെ എത്തുന്നത്. എന്നാല്‍ ഇത് മറയാക്കി പാക്കിസ്ഥാന്‍ സൈന്യം പതിവിലും നേരത്തെ മടങ്ങി. കശ്മീര്‍ ഭീകരരുടെയും അഫ്ഗാന്‍ കൂലിപ്പടയാളികളുടെയും സഹായത്തോടെ അവര്‍ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കി ശ്രീനഗര്‍-ലേ ദേശീയ പാത നിയന്ത്രണത്തിലാക്കി. ഇന്ത്യന്‍ പോസ്റ്റുകള്‍ പിടിച്ച വിവരം ഒരു ആട്ടിടയനാണ് സൈന്യത്തെ അറിയിച്ചത്. തുടര്‍ന്ന് മെയ് എട്ട് മുതല്‍ ജൂലൈ 26ന് അവസാന നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കുന്നത് വരെ ഇന്ത്യന്‍ സൈന്യം പോരാടി. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ജവന്മാര്‍ക്ക് മുന്നിലും, ഇപ്പോഴും ജീവന്‍ പണയം വച്ച് അതിര്‍ത്തികള്‍ കാക്കുന്ന ധീര ജവാന്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മുന്നിലും തലകുനിക്കുന്നു.