കെ ടി ജലീലിന് അനുമതി നിഷേധിച്ച സംഭവത്തിൽ പാർലമെന്റിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ്

k t jaleel

സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാരെ സന്ദർശിക്കുന്നതിനായി സംസ്ഥാനം ചുമതലപ്പെടുത്തിയ മന്ത്രി കെ.ടി ജലീലിന്റെ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെതിരെ പാർലമെന്റിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ്. വേണുഗോപാൽ എം.പിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സംഭവത്തിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തന്നെ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ജലീൽ ഇന്ന് സൗദിയിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്.

അതേസമയം, പ്രവാസി ഇന്ത്യാക്കാരെ സന്ദർശിക്കാൻ കെ.ടി ജലീലിന് നയതന്ത്ര പാസ്പാർട്ട് ലഭിക്കുന്നതിനായി സംസ്ഥാന സർക്കാരിൻറെ ഭാഗത്ത് നിന്ന് തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കെ.ടി ജലീൽ ഇന്ന് മുഖ്യമന്ത്രിയെ സന്ദർശിക്കും.

നയതന്ത്ര പാസ്‌പോർട്ട് ലഭിച്ചില്ലെങ്കിൽ സൗദി അറേബ്യയിലെ ലേബർ ക്യാമ്പ് അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനാവില്ല. ഇതിനായി സംസ്ഥാന സർക്കാർ വിദേശ കാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടുവരികയാണ്. എന്നാൽ ഇവിടെ നിന്ന് അനുകൂല മറുപടി ലഭിച്ചില്ല.

നയതന്ത്ര പാസ്‌പോർട്ട് ലഭിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും സൗദിയിൽ നിന്നും ക്ലിയറൻസ് ലഭിക്കണം. ഇക്കാര്യങ്ങളിൽ വ്യക്തതയില്ലാത്തതിനാലാണ് പാസ്‌പോർട്ട് നൽകാത്തത് എന്നാണ് വിശദീകരണം.

സൗദി അറേബ്യയിലെ ലേബർ ക്യാമ്പുകളിൽ മുന്നൂറോളം മലയാളികൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ അയക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചത്. തുടർന്ന് പൊളിറ്റിക്കൽ ക്ലിയറൻസിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

എന്നാൽ ക്ലിയറൻസ് നൽകാനാകില്ലെന്നാണ് കേന്ദ്രം കേരളത്തെ അറിയിച്ചത്. കുടുങ്ങിക്കിടക്കുന്ന മലയാളികളുമായി ആശയവിനിമയം നടത്തി ഇവരെ നാട്ടിലെത്തിക്കാനും പുനരധിവാസം ഉറപ്പാക്കാനുമുള്ള സർക്കാരിൻറെ ശ്രമം ഇതോടെ അനിശ്ചിതത്വത്തിലായി.

മലയാളികൾ ഏറെയുള്ള സൗദിയിൽ കേരളത്തിൽനിന്ന് നേരിട്ടുള്ള ഇടപെടൽ ആവശ്യമാണെന്ന വിലയിരുത്തലിലാണ് പ്രതിനിധി സംഘത്തെ സൗദിയിലേക്കയക്കാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. നിലവിൽ വിദേശ കാര്യ സഹമന്ത്രി വി.കെ സിങ് സൗദിയിൽ ഉണ്ടെങ്കിലും കേരളത്തിൽനിന്നുള്ള സംഘം നേരിട്ടെത്തുന്നത് ഇവിടെയുള്ള മലയാളി തൊഴിലാളികൾക്ക് ആശ്വാസമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top