പാളയത്തിൽ പട; ഇപ്പോൾ കൊലപാതകവും; സഖാക്കൾ കുടുങ്ങുമോ

ഈരാറ്റുപേട്ടയിൽ സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
പത്താഴപ്പടി മുൻ ബ്രാഞ്ച് സെക്രട്ടറിയും ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമായ നസീറാണ് മരിച്ചത്. ജൂലൈ 24ന് മർദ്ദനമേറ്റ നസീർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.നസീറിനെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ഏരിയാക്കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ ഇലവുങ്കൽ നവാസ്,പാറയിൽ ജബ്ബാർ,വലിയവീട്ടിൽ സുബൈർ,പഴയിടത്ത് ഫൈസൽ,പുന്നക്കൽ അജ്മൽ,അണ്ണാമലപ്പറമ്പിൽ മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ,ആയുധമില്ലാതെയുള്ള അക്രമം എന്ന വകുപ്പ് ചുമത്തി ഇവർക്ക് ജാമ്യം നല്കി വിട്ടയച്ചു.ഇതിനെത്തുടർന്ന് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പരാതി നല്കി കാത്തിരിക്കുകയായിരുന്നു ബന്ധുക്കൾ.
പൂഞ്ഞാർ മണ്ഡലത്തിൽ ഇടതുസ്ഥാനാർഥിയായി മത്സരിച്ച ജനാധിപത്യ കോൺഗ്രസിന്റെ പി സി ജോസഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും കെട്ടിവച്ച പണം നഷ്ടമാവുകയും ചെയ്തിരുന്നു. ഇതിൽ പാർട്ടി നേതാക്കൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നസീർ സിപിഎം മേൽഘടകങ്ങൾക്ക് പരാതി നല്കിയിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ അനധികൃത പണപ്പിരിവിലും നസീറിന് അമർഷമുണ്ടായിരുന്നു.ഇക്കാര്യവും മേൽഘടകത്തെ നസീർ അറിയിച്ചിരുന്നു.അന്വേഷണം നടത്താൻ പാർട്ടി സംസ്ഥാനനേതൃത്വം തീരുമാനിക്കുകയും ചെയ്തു.
ഇതിനെത്തുടർന്നായിരുന്നു നസീറിനു നേരെ ആക്രമണമുണ്ടായത്.ഇന്ന് വൈകുന്നേരം 6 വരെയാണ് ആക്ഷൻ കൗൺസിലിന്റെ ഹർത്താൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here