ഇവരിപ്പോഴും ഫ്രണ്ട്‌സാ!!!

 

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ആ ബാന്ധവം അവസാനിപ്പിച്ച് യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് പടിയിറങ്ങി. ഇനി നിയമസഭയിൽ ഒറ്റയ്ക്ക് നിന്നോളാം എന്ന് പറഞ്ഞ് കോൺഗ്രസിനെതിരെ രൂക്ഷവിമർശനങ്ങളുന്നയിക്കുമ്പോഴും മാണി കോൺഗ്രസ് നേതാക്കളെ അടച്ചാക്ഷേപിക്കുകയായിരുന്നില്ല. ഓരോ വരികൾക്കിടയിലും ഒളിച്ചുവച്ചത് ഐ ഗ്രൂപ്പിനോടുള്ള വിദ്വേഷം മാത്രമായിരുന്നു.

മുന്നണിയിൽ നിന്ന് ലഭിച്ചത് നിന്ദയും അപമാനവും മാത്രമാണെന്നും ക്ഷമയുടെ നെല്ലിപ്പലക കണ്ടശേഷമാണ് ഇറങ്ങിപ്പോരാൻ തീരുമാനിച്ചത് എന്ന് പറയുമ്പോഴും മാണിയും കൂട്ടരും വിരൽ ചൂണ്ടിയതത്രയും ഐ ഗ്രൂപ്പ് നേതാക്കൾക്കു നേരെയാണ്. രമേശ് ചെന്നിത്തലയാണ് ഒന്നാം നമ്പർ എതിരാളി എന്ന് ഇന്നലെവരെ കരുതിയിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് ചരൽക്കുന്ന് ക്യാംപിലൂടെ മാണി മുന്നോട്ട് വച്ച ഹിറ്റ്‌ലിസ്റ്റിൽ മറ്റ് രണ്ട് പേർ ഇടം നേടി. പി ജെ കുര്യനും എം എം ജേക്കബും.

രമേശ് ചെന്നിത്തല ബാർ കോഴ കേസിൽ പെടുത്തി,പി ജെ കുര്യൻ കേരളാ കോൺഗ്രസ് സ്ഥാനാർഥിയെ തിരുവല്ലയിൽ തോൽപ്പിക്കാൻ കരുക്കൾ നീക്കി, എം എം ജേക്കബ് പാലായിൽ തന്നെ തോല്പ്പിക്കാൻ വേണ്ടി ശ്രമിച്ചു. ഇത്രയുമാണ് മാണി ഉന്നയിക്കുന്ന ആരോപണങ്ങൾ. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തം. യുഡിഎഫിലെ മറ്റൊരു ഘടകക്ഷിയെയും മാണി കുറ്റപ്പെടുത്തുന്നില്ല,കോൺഗ്രസിനെ ഒന്നടങ്കം തള്ളിപ്പറയുന്നുമില്ല.

ശത്രുനിരയിലുള്ളത് കോൺ ഐ മാത്രമാണ്. തങ്ങളുടെ മുന്നണിബഹിഷ്‌കരണം വഴി എ ഐ ഗ്രൂപ്പുകൾ കോൺഗ്രസിൽ തമ്മിൽത്തല്ലട്ടെ എന്ന ഉദ്ദേശം കൂടി ഇതിലൂടെ മാണി ആഗ്രഹിക്കുന്നില്ലേ? കെപിസിസി അധ്യക്ഷൻ വി.എം.സുധീരനും മറ്റ് ഐ ഗ്രൂപ്പ് നേതാക്കളും മാണിയെ എതിർക്കുമ്പോൾ എ ഗ്രൂപ്പിന്റെ മാനസിക പിന്തുണയും സംരക്ഷണവും തനിക്ക് ലഭിക്കുമെന്ന് മാണി പ്രതീക്ഷിക്കുന്നു. ഉമ്മൻ ചാണ്ടിയെ നേരിട്ടാക്രമിക്കാത്തതിനു പിന്നിലും ഇതേ രാഷ്ട്രീയതന്ത്രമാണ് മാണി ഉപയോഗിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top