അക്ഷര മഴയായ് ഒറ്റത്തുള്ളിപ്പെയ്ത്ത്

അജിത്തിനോട് സംസാരിച്ചാലും അജിത്തിന്റെ കവിതകൾ വായിച്ചാലും ഒരു മഴ പെയ്ത്താണ്… അതിനായി അജിത്തിനൊരു വ്യക്തിയൊന്നും പോരാ… ഒരു രാജ്യം തന്നെ വേണം! മൂന്നു വരികൾ കൊണ്ടൊരു മഹാകാവ്യം പോലുമൊരുക്കുന്ന ഹൈക്കു സങ്കേതമാണ് അജിത്തിന്റെയും അക്ഷര വഴികളെ നിർണയിക്കുന്നത്.

വാക്കുകളുടെ ചുരുക്കെഴുത്തായി മൂന്നു വരി മാത്രമേ അജിത് നൽകുന്നുള്ളൂ. പക്ഷെ, അവയിലേറെയും വായനക്കാരന്റെ ചിന്തയിലേക്ക് വിചാരങ്ങളുടെ വലിയ പ്രതലം സൃഷ്ടിക്കും. മൂന്നുവർഷം കൊണ്ടെഴുതിയ അഞ്ഞൂറോളം കുഞ്ഞുകവിതകളുടെ സമാഹാരം പുസ്തകമാകുകയാണ്. ‘ഒറ്റത്തുള്ളിപ്പെയ്ത്ത്’ എന്ന പേരല്ലാതെ മറ്റൊന്നും അതിന് ചേരുകയുമില്ല.

കുറുക്കിയെഴുതുന്ന മിനിമലിസം പക്ഷെ സംസാരത്തിലില്ല… അജിത്തുമായുള്ള സംസാരം വാക്കുകളുടെ പെരുമഴ തന്നെയാണ്. ആർ. അജിത്കുമാർ ചുരുക്കാതെ തന്റെ കവിതാ വഴികളെ കുറിച്ച് ട്വൻറിഫോർ ന്യൂസിനോട് പങ്കുവയ്ക്കുന്നു.

? സോഷ്യൽ മീഡിയയിലൂടെയാണ്‌ അജിത് കുമാർ എന്ന കവിയെ ഞാൻ അറിയുന്നത്.

*സോഷ്യൽ മീഡിയ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇത്രയും ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരൻ ആകുമായിരുന്നോ എന്ന് സംശയം ആണ്. ഫേസ് ബുക്ക് ആയിരുന്നു എഴുത്തിന്റെ തുടക്കം. കവിതയെഴുത്തുകാരുടെ ഗ്രൂപ്പുകളിൽ ആണ് ആദ്യം എഴുതി തുടങ്ങിയത്. എല്ലാ വിഷയങ്ങളും കവിതകളിലൂടെ കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. കുഞ്ഞു കവിതകൾ സ്റ്റാറ്റസ് ആയപ്പോൾ അതിന് ആസ്വാദകരും കൂടി വന്നു. പ്രകൃതിയും , ധ്യാനവും പോലുള്ള സൂക്ഷ്മ തലങ്ങളൊക്കെയാണ് സാധാരണ ഹൈക്കു കവികൾ വിഷയമാക്കാറ്. പക്ഷെ അതിനൊക്കെ ഒരു പൊതു ആസ്വാദനം കുറവായിരിക്കും. ഞാൻ അതിനെ നമുക്ക് ചുറ്റുമുള്ള ദൈനംദിന വിഷയങ്ങളിലേക്കും പ്രണയം പോലുള്ള തരളിത ഭാവങ്ങളിലേക്കും മാറ്റി പ്രതിഷ്ഠിച്ചു. പക്ഷെ സംവദിച്ചത് ഭാഷയുടെ പുതുമകൾ കൂടി ഉൾക്കൊള്ളിച്ചായതു കൊണ്ട് ഫേസ് ബുക്ക് പോലുള്ള ആധുനിക പ്രതലങ്ങളിൽ ആസ്വാദകർ കൂടി.

‘ചിരിച്ചപ്പോൾ വീണു പോയി നിന്റെ നുണക്കുഴിയിൽ ‘
‘നീയറിയാതെ നിന്റെ ചിത്രം എടുത്തിട്ടുണ്ട് എന്റെ കണ്ണുകൾ’
‘നിന്റെ വീട് കഴിയും വരെ ഇന്നും ഞാൻ ഒഴിച്ചിടാറുണ്ട് കുടയുടെ പാതി.’
‘ എഴുതാവുന്നിടത്തോളം നിന്നെ കുറിച്ച് ഞാൻ എഴുതി. കഴിയാത്തത് നിന്നെ വായിക്കാനാണ്.’

ഇങ്ങനെ പ്രണയത്തിന്റെ വിചാരങ്ങൾ ഭാവങ്ങൾ…

‘ഇടനെഞ്ചിലെ പോക്കറ്റിൽ  എപ്പോഴുമുണ്ടായിരുന്നിട്ടും ഹൃദയത്തിലിടമില്ലാതെ ഗാന്ധിജി. ‘
‘മണ്ണിനു വേണ്ടി നിൽപ്പ് സമരത്തിലാണ് മരങ്ങൾ’
‘മണൽ വണ്ടിയിൽ ഇരുന്ന് കണ്ണീർ വാർക്കുന്നു ഒരു പുഴ’  

സാമൂഹ്യ സത്യങ്ങളെയും മൂന്ന് വരികളിലൂടെ അജിത് വരച്ചിടുന്നു.

‘ഇടിക്കാൻ പഴയതു പോലെ മൂടില്ലന്നു ഉലക്ക ‘
‘വന്നവരും വീട്ടിലുള്ളവരും തന്നെ ചുംബിച്ചിട്ടുണ്ടെന്ന് ചായക്കപ്പ്‌’
‘ചൂടാകരുതെന്ന് തന്നോടാരും പറയരുതെന്ന് അയൺബോക്സ്’

രസച്ചരടുകളിൽ കോർക്കുന്ന ചിന്തകളാണ് അജിത്തിന്റെ കവിതകളിൽ ഏറെയും. സ്വാഭാവികമായി വരുന്ന നർമ്മം മർമ്മത്തിൽ തറയ്ക്കും.

? കവികളും കഥാകാരന്മാരും നേരിടുന്നത് ആശയ ദാരിദ്ര്യം ആണെന്ന് ഇപ്പോഴും കേൾക്കാറുണ്ട്. എപ്പോഴൊക്കെയാണ് അങ്ങനെ കവിത വരാതെ നിന്ന് പോയത് ?

*ആശയവും വിഷയവും എനിക്ക് ഇല്ലാതെ വരാറില്ല എന്നത് എന്റെ ഭാഗ്യമാണ്. കാരണം ഞാൻ നിൽക്കുന്ന മേഖല എന്നെ അതിന് സഹായിക്കുന്നുണ്ട്. പതിവ് ഇമേജുകൾ മാത്രമല്ല ആധുനിക ചിന്തകളെയും ഞാൻ കവിതയ്ക്കു പാത്രമാക്കും. ചുറ്റുമുള്ള എന്തിലും കാണാം മൂന്നു വരികൾ. അതിനുള്ള മനസ് മതി. വിഷയ വൈവിധ്യം മനഃപൂർവ്വം കൊണ്ട് വരുന്നതാണ്.

വിഷയത്തിന്റെ ദാരിദ്ര്യത്തെ കുറിച്ച് പരാതി പറയുന്നവർക്ക് മറുപടി ഒരു കവിത തന്നെ. ‘ഇന്നത്തെ പത്രത്തിലുണ്ട് ഇടിമിന്നൽ ഇന്നലെ എടുത്ത ആളുടെ ഫോട്ടോ’ എന്നെഴുതാൻ നമ്മൾ കണ്ണും തലച്ചോറും തുറന്നിരുന്നാൽ പോരെ.

ajith poem
? യുക്തിവാദിയാണോ ? എഴുത്തിലൊക്കെ ചിലയിടങ്ങളിൽ അങ്ങനെ തോന്നി.
*മതങ്ങൾ പറയുന്ന ഈശ്വരനിൽ താല്പര്യമില്ല , വിശ്വാസമില്ല. അന്ധവിശ്വാസമില്ല. അതല്ല ഈശ്വരൻ ! അതിനപ്പുറം നമുക്ക് ഈശ്വരനെ അനുഭവിക്കാൻ പറ്റും. എന്റെ അത്തരം ചിന്തകൾ എഴുത്തിൽ വരുന്നത് സ്വാഭാവികം. ഒരു കവിത പറയാം.
‘പൊരുത്തം പത്തിൽ പത്ത്, കലഹം മിനിറ്റിൽ പത്ത്’.
? പ്രധാന പ്രവർത്തന മേഖല സാഹിത്യം ആണോ ?

*എറണാകുളത്ത് മൈത്രി എന്ന പരസ്യ ഏജൻസിയിൽ സീനിയർ ഐഡിയേഷൻ ഡയറക്ടറാണ്. ‘എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും ‘ എന്ന തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ ടീമിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. പരസ്യ ലോകത്ത് ചുരുക്കെഴുത്തിന് ആണ് പ്രാധാന്യം. ആ ചുരുക്കെഴുത്ത് കവിതയെഴുതാനും കവിത തിരിച്ചും എന്നെ സഹായിക്കുന്നുണ്ട്. ‘കൂട്ട് നന്നായാൽ എല്ലാം നന്നാകും ‘ ബ്രാഹ്മിൺസ് സാമ്പാർ പൗഡറിന് വേണ്ടി എഴുതിയ വരികൾ ഉദാഹരണം. പരസ്യങ്ങൾക്ക് മൂന്നു തവണ പെപ്പർ അവാർഡ് ലഭിച്ചിട്ടുണ്ട്.

ajith award

? പുസ്തകത്തെ കുറിച്ച് കൂടുതൽ അറിയണം.

  • പുസ്തകത്തിൽ ഹൈക്കു കവിതകൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദ് അവതാരിക എഴുതിയിരിക്കുന്നു . കവിതകൾക്കൊപ്പം ധാരാളം വരകളും ഉണ്ടാകും. മൈത്രിയിലെ മൂന്നു ആർട് ഡയറക്ടർമാർ സുധീഷ് , ധനിൽ , രാജേഷ് എന്നിവരും കാർട്ടൂണിസ്റ് ഗിരീഷും ചേർന്ന് അത് വരച്ചിരിക്കുന്നു.

പുസ്തകത്തിന്റെ പുറം ചട്ട പലതു തയ്യാറാക്കി അത് വോട്ടിനിട്ടാണ് തെരഞ്ഞെടുത്തത്. ‘ഞാൻ നനഞ്ഞത്‌ നീയെന്ന ഒറ്റത്തുള്ളിയുടെ പെയ്ത്തിൽ’ എന്നൊരു കവിതയുണ്ട്. അതിൽ നിന്നാണ് പേര് വന്നത്. മാത്രമല്ല ചെറിയ വരികൾ കൊണ്ട് വലിയ കവിതകൾ ഉണ്ടാകുന്ന സങ്കേതമാണ് ഹൈക്കു എന്നതിനാൽ പേര് അന്വർഥമാകും.

ഓഗസ്റ്റ് 10ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ചടങ്ങിലാണ് പുസ്തകം പുറത്തിറക്കുന്നത്.

ഭാര്യ മീര കൃഷ്ണൻ കൗമുദി ഫ്ലാഷിൽ എഡിറ്റർ ഇൻ ചാർജ് ആണ്. പന്തളം ആണ് സ്വദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top