കരിപ്പൂർ വിമാനത്താവളം; ഭൂമി ഏറ്റെടുക്കാൻ പ്രത്യേക പാക്കേജ്
കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പാക്കേജ് നൽകാൻ തീരുമാനം. ഏറ്റെടുക്കുന്ന ഭൂമിക്ക് മൂല്യമനുസരിച്ച് സെൻറിന് മൂന്ന് ലക്ഷം മുതൽ പത്തു ലക്ഷം രൂപവരെ ഉടമകൾക്ക് നൽകും, വിഷയം പഠിക്കാൻ സാങ്കേതിക ഉപദേശകസമിതിയെ നിയോഗിക്കും, വിട്ടുനൽകാൻ സന്നദ്ധരായവരുടെ ഭൂമി ഉടൻ ഏറ്റെടുക്കും എന്നിവയാണ് സർക്കാർ പ്രത്യേക പാക്കേജിൽ മുന്നോട്ടുവെച്ചിരിക്കുന്നത്. മലപ്പുറം കലക്ടറേറ്റിൽ മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പാക്കേജിൽ ഉൾപ്പെട്ട തീരുമാനങ്ങൾ
-
150 അടി താഴ്ചയുള്ള ഭൂമി മണ്ണിട്ട് നികത്തുന്നതിനുള്ള ചെലവും പാരിസ്ഥിതിക പ്രശ്‌നങ്ങളും സാങ്കേതിക ഉപദേശകസമിതി പഠിക്കും.
-
എയർപോർട്ട് അതോറിറ്റി ആവശ്യപ്പെട്ട ഭൂമി, എയർപോർട്ട് വികസനത്തിന് ആവശ്യമാണോയെന്നും പരിശോധിക്കും.
-
ഭൂമി ഏറ്റെടുക്കുന്നതനുസരിച്ച് രജിസ്‌ട്രേഷനും പണവും കൈമാറും.
-
കുടിയിറക്കുന്നവർക്ക് അതേ വില്ലേജിൽ പുനരധിവാസം ഉറപ്പാക്കും.
-
ഭൂമിക്കൊപ്പം വീടിനും വില നിശ്ചയിക്കും.
-
പത്തു സെൻറിന് താഴെ ഭൂമി നഷ്ടപ്പെടുന്നവർക്ക് അത്രയും അതിനു മുകളിലുള്ളവർക്ക് പത്തു സെൻറും സൗജന്യമായി നൽകും.
-
ഇതിന് 100 ഏക്കർ പ്രത്യേക ടൗൺഷിപ്പായി വികസിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കും.
വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കാനും ഭൂമി ഏറ്റെടുത്തവരെ പുനരധിവസിപ്പിക്കുന്നതിനുമായി 14063 കോടി സർക്കാർ വകയിരുത്തിയിട്ടുണ്ടെന്ന് കെ ടി ജലീൽ അറിയിച്ചു. എന്നാൽ പ്രഖ്യാപനം ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും സമരസമിതി പ്രവർത്തകർ യോഗത്തിൽ അറിയിച്ചു.
മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കണം, നിർത്തിവെച്ച വിമാന സർവിസുകൾ ഉടൻ പുനരാരംഭിക്കണം, ഭൂമി ഏറ്റെടുക്കും മുമ്പ് സാധ്യതാ പഠനം നടത്തണം എന്നീ ആവശ്യങ്ങൾ സമരസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.
12 തവണ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്തെങ്കിലും പാക്കേജുകൾ പ്രാവർത്തികമാക്കിയില്ലെന്ന് ഇവർ ആരോപിച്ചു. ഇതുവരെയും നഷ്ടപരിഹാരം ലഭിക്കാത്ത ഏതാനും കുടുംബങ്ങളും യോഗത്തിനത്തെിയിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന ഉറടച്ച നിലപാടിലായിരുന്നു മന്ത്രി. ഇതോടെ വേദിയിൽ മുദ്രാവാക്യം വിളി ഉയർന്നു. തീരുമാനം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി സമരസമിതി യോഗത്തിൽ നിന്ന് പുറത്തിറങ്ങി.
എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ്, ടി.വി. ഇബ്രാഹിം, ലാൻഡ് റവന്യൂ കമീഷണർ എം.സി. മോഹൻദാസ്, ജില്ലാ കലക്ടർ എസ്. വെങ്കടേശപതി, ഇ. അഹമ്മദ് എം.പിയുടെ പ്രതിനിധി പി. കോയക്കുട്ടി, എയർപോർട്ട് ജോയൻറ് ജനറൽ മാനേജർ കെ. മുഹമ്മദ് ഷാഹിദ്, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സമരസമിതി ചെയർമാൻ ചുക്കാൻ ബിച്ചു, കൺവീനർ ജാസിർ എന്നിവർ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here