Advertisement

സെപ്തംബറോടെ രണ്ട് ലക്ഷം ശൗചാലയങ്ങൾ; മുഖ്യമന്ത്രി

August 13, 2016
Google News 2 minutes Read
pinarayi-vijayan-in-a-press-conference

സെപ്തംബറോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 2 ലക്ഷം കുടുംബങ്ങൾക്ക് വ്യക്തിഗത ഗാർഹിക കക്കൂസുകൾ നിർമ്മിച്ചുനൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരള പിറവിയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളിൽ ശൗചാലയമില്ലാത്ത അവസ്ഥ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സംസ്ഥാനത്തെ ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ (തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം പൂർണ്ണമായും ഇല്ലാതെയാക്കുക) ആയി പ്രഖ്യാപിക്കുവാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 2 ലക്ഷം കുടുംബങ്ങൾക്ക് വ്യക്തിഗത ഗാർഹിക കക്കൂസുകൾ നിർമ്മിക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ വർഷം സെപ്റ്റമ്പർ മാസത്തിൽ തന്നെ ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഈ ആധുനിക കാലഘട്ടത്തിവലും ശൗചാലയങ്ങളില്ലാത്ത വീടുകൾ കേരളത്തിലുണ്ടെന്ന് അദ്ദേഹം സമ്മകതിക്കുന്നു. എന്നാൽ രാജസ്ഥാന്റെയും ഗുജ്‌റാത്തിന്റെയുമെല്ലാം കണക്കുകൾ പ്രകാരം കേരളത്തിൽ ശൗചാലയമില്ലാത്തവരുടെ എണ്ണം വളരെ കുറവാണ്. 96.3% പേർക്കും ശൗചാലയമുണ്ടെന്നും മുഖ്യമന്ത്രി പോസ്റ്റിലൂടെ പറയുന്നു.

അതോടെ നൂറ് ശതമാനം ജനങ്ങൾക്കും റ്റോയ്‌ലെറ്റ് സൗകര്യമുള്ള, ODF ആയി പ്രഖ്യാപിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ വലിയ സംസ്ഥാനം ആവുക എന്ന പദവി കേരളത്തിന് ലഭിക്കും. ഇതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും നിർലോഭമായ പിന്തുണയും അദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഈ ആധുനിക കാലഘട്ടത്തിലും ശൗചാലയ സൗകര്യങ്ങളില്ലാത്ത വീടുകള്‍ കേരളത്തിലുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഇന്ത്യന്‍ ശരാശരിയേക്കാളും (54.0%), രാജസ്ഥാന്‍ (59.5%) ഗുജറാത്ത് (77.7%) പോലെയുള്ള സംസ്ഥാനങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് കേരളം (96.3%). എങ്കിലും ബാക്കിയുള്ള വീടുകളില്‍ കൂടി ശൗചാലയ സൗകര്യമെത്തിക്കുക എന്ന സാമൂഹികമായ ചുമതല ഈ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്.

ഒരു പ്രദേശത്ത് വസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ശൗചാലയ സൗകര്യം ഒരുക്കുന്നത് വഴി, തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം പൂര്‍ണമായും ഇല്ലാതെയാക്കുക എന്നുറപ്പാക്കുകയാണ് ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ (Open Defecation Free – ODF) എന്ന കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നത്. കേരള പിറവിയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങള്‍ ODF ആയി പ്രഖ്യാപിക്കുവാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. തദ്ദേശ സ്വയംഭരണവകുപ്പിന്റെ കീഴിലാണ് ഇതിനു വേണ്ടിയുള്ള ബോധവല്‍കരണ പരിപാടികള്‍ നടക്കുന്നത്.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 2 ലക്ഷം കുടുംബങ്ങള്‍ക്ക് വ്യക്തിഗത ഗാര്‍ഹിക കക്കൂസുകള്‍ നിര്‍മ്മിക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റമ്പര്‍ മാസത്തില്‍ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ഇങ്ങനെയുള്ള 51-ഓളം ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം തന്നെ ODF ആയി സ്വയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാ പ്രദേശത്തും ഇതത്ര എളുപ്പമല്ല. കുന്നിന്‍ പ്രദേശങ്ങള്‍, പാറക്കെട്ട്, വെള്ളക്കെട്ട്, തീരദേശം തുടങ്ങിയ ദുര്‍ഘട പ്രദേശങ്ങളില്‍ കക്കൂസുകള്‍ പണിയുന്നതിന് വെല്ലുവിളികളുണ്ട്.

ഇത്തരം ദുര്‍ഘട പ്രദേശങ്ങളില്‍ 39120 കക്കൂസുകള്‍ പണിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമയബന്ധിതമായി ഇവ പണിതു തീര്‍ക്കുവാന്‍ 99 കോടി രൂപ അധികമായി ചെലവ് വരും. ആലപ്പുഴ, പാലക്കാട്, എറണാകുളം, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ ഏതാണ്ട് 5 കോടിയിലധികം രൂപ (ഒരു റ്റോയ്‌ലെറ്റിന് ശരാശരി 25491 രൂപ) ഇതിനായി വേണ്ടി വരും.

ഈ അധികച്ചെലവ് സര്‍ക്കാര്‍ ഗ്രാന്റുകള്‍ വഴിയും, പരിമിതമെങ്കിലും പൊതു/സ്വകാര്യ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (CSR) ഫണ്ടുകള്‍ മുഖേനയും സ്വരൂപിക്കുവാനാണ് പദ്ധതിയിടുന്നത്.

സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചാലുടനെ തന്നെ നഗരപ്രദേശങ്ങളിലെ ശൗചാലയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതായിരിക്കും. സംസ്ഥാനത്തെ നഗരങ്ങളില്‍ 32000 കുടുംബങ്ങള്‍ക്ക് വ്യക്തിഗത ശൗചാലയ സൗകര്യമില്ല. 2017 മാര്‍ച്ച് 31-ഓട് കൂടി ഇതും പൂര്‍ത്തീകരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അതോടെ നൂറ് ശതമാനം ജനങ്ങള്‍ക്കും റ്റോയ്‌ലെറ്റ് സൗകര്യമുള്ള, ODF ആയി പ്രഖ്യാപിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ വലിയ സംസ്ഥാനം ആവുക എന്ന പദവി കേരളത്തിന് ലഭിക്കും. ഇതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും നിര്‍ലോഭമായ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here