ഇന്ത്യക്കെങ്ങും ഒളിമ്പിക്‌സ് മെഡൽ കിട്ടാൻ പോണില്ലാന്ന്!!

 

ലോക കായികമാമാങ്കം റിയോയിൽ തുടങ്ങിയിട്ട് ആഴ്ചയൊന്ന് കഴിഞ്ഞു. ഇന്ന് മെഡൽ കിട്ടും നാളെ മെഡൽ കിട്ടും എന്ന പ്രതീക്ഷയിൽ ഇന്ത്യ റിയോയിലേക്ക് നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു എന്നർഥം. ഇതുവരെയൊന്നും കിട്ടിയില്ല,ഇനി കിട്ടുമെന്ന പ്രതീക്ഷയും ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞു.ഇന്ത്യൻ താരങ്ങൾ എന്തുകൊണ്ട് ജോതാക്കളാകുന്നില്ല എന്ന ചോദ്യമുന്നയിച്ച് പരക്കം പായുകയാണ് ഇന്ത്യൻ കായികലോകം.അതേസമയം,ഈ ചോദ്യത്തിന് തങ്ങളുടെ പക്കൽ വ്യക്തമായ മറുപടി ഉണ്ടെന്ന് പറയുകയാണ് ചൈനീസ് മാധ്യമങ്ങൾ!!

ഒന്നല്ല,ഒരുപാട് കാരണങ്ങൾ നിരത്താനുണ്ട് ഇക്കൂട്ടർക്ക്. ക്രിക്കറ്റാണ് ഒളിമ്പിക്‌സ് നേട്ടത്തിന് തടസ്സമാവുന്ന പ്രധാന വില്ലൻ. രാജ്യം മുഴുവൻ ക്രിക്കറ്റിനു പിന്നാലെ പായുമ്പോൾ മറ്റ് കായികഇനങ്ങൾ എങ്ങനെ രക്ഷപെടുമെന്നാണ് ചോദ്യം.പട്ടിണി,അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത,ആരോഗ്യക്കുറവ്,കുട്ടികളെ ഡോക്ടറും എഞ്ചിനീയറുമാക്കാൻ നിർബന്ധിക്കുന്നത് എന്നിങ്ങനെ വിവിധ കാരണങ്ങൾ ചൈനീസ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.പെൺകുട്ടികളെ കായികരംഗത്ത് നിന്ന് മാറ്റിനിർത്തുന്നതും ഒരു ഘടകമാണു പോലും!!

ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിൽ ഏറ്റവും പിന്നിലാണ്.120 കോടി ജനങ്ങളുടെ പ്രതീക്ഷ എങ്ങുമെത്താത്തതിന് മറ്റൊരു കാരണം സാമ്പത്തിക അസമത്വമാണ്. പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടിവരികയാണ്. കായികമത്സരങ്ങളിൽ പങ്കെടുക്കാനുള്ള ചെലവ് പലർക്കും താങ്ങാനാവുന്നതല്ലെന്നും ചൈനീസ് വെബ്‌സൈറ്റായ ടൺബിയോ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
ചൈന ന്യൂസ് ഡോട്ട് കോമിന്റെ കണ്ടുപിടിത്തമാവട്ടെ ഒളിമ്പിക്‌സ് മെഡൽ ലഭിക്കാത്തതിനു കാരണം ഇന്ത്യയ്ക്ക് കായികസംസ്‌കാരം ഇല്ലാത്തതാണ് എന്നാണ്.ഇന്ത്യൻ ജനതയിലെ ഭൂരിഭാഗവും താഴ്ന്ന ജാതിക്കാരാണെന്നും ഇവർക്ക് വേണ്ടരീതിയിൽ ആഹാരം പോലും ലഭിക്കുന്നില്ലെന്നും മറ്റൊരു വെബ്‌സൈറ്റായ ചൈന പൊളിറ്റിക്‌സ് പറയുന്നു. ഗ്രാമങ്ങളിൽ ഒളിമ്പിക്‌സ് എന്നാൽ എന്താണെന്ന് പോലും അറിയില്ലെന്നും വെബ്‌സൈറ്റ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top