”ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം”

കീഴാളത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ച് ഊനയിലെ ദളിതർ ഒത്തുകൂടിയപ്പോൾ അത് ഇന്ത്യൻ ചരിത്രത്തിലേക്ക് എഴുതിച്ചേർത്ത സുവർണ അധ്യായമായി. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനാഘോഷത്തിന് പതാക ഉയർത്തിയ സമയത്ത് 1248 കിലോമീറ്റർ അകലെ മോദിയുടെ നാട്ടിൽ ദേശീയ പതാക ഉയർത്തി ചരിത്രത്തിന്റെ ഭാഗമായത് രോഹിത് വെർമുലയുടെ അമ്മ രാധിക വെർമുലയാണ്.
സുരക്ഷാസൈനികരുടെ അകമ്പടിയോ വിഐപി നിരയോ ഉണ്ടായിരുന്നില്ല ഊനയിലെ എച്ച്ഡി സ്കൂൾ മൈതാനത്ത്. പക്ഷേ,ഇരമ്പിയാർത്ത ആ ജനത ജനസാഗരം തന്നെയായി മാറി.തോക്കേന്തിയ പോലീസുകാരുടെ ആകാംക്ഷയും ആശങ്കയും നിറഞ്ഞ കണ്ണുകളെ സാക്ഷിയാക്കി പതിനായിരങ്ങൾ പ്രഖ്യാപനത്തിന്റെ ഭാഗമായി.മാലിന്യങ്ങൾ നീക്കാനും ചത്ത പശുവിനെ കുഴിച്ചിടാനും തങ്ങളെയിനി കിട്ടില്ലെന്ന് അവർ വിളിച്ചുപറഞ്ഞു.കനയ്യകുമാറിന്റെ പ്രസംഗം അവർ ആവേശത്തോടെ കേട്ടുനിന്നു.
ദളിത് മഹാസംഗമ യാത്ര ഈ മാസം അഞ്ചിന് അഹമ്മദാബാദിലാണ് തുടങ്ങിയത്. പത്ത് ദിവസം കൊണ്ട് 350ലധികം കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചാണ് അംഗങ്ങൾ ഊനയിലേക്ക് എത്തിയത്.