കേരളത്തിലെ സംരംഭത്തിന് പൊന്നു വില ; സ്റ്റാർട്ടപ്പുകൾക്ക് നല്ല കാലം
‘പ്രൊഫൗണ്ടിസ് ലാബ്‌സ്’ പ്രൈവറ്റ് ലിമിറ്റഡിനെ വൻതുകയ്ക്കു യുഎസ് ആസ്ഥാനമായ ഫുൾ കോണ്ടാക്ട് സ്വന്തമാക്കി
കേരളത്തിലെ സ്റ്റാർട്ടപ് സംരംഭമായ ‘പ്രൊഫൗണ്ടിസ് ലാബ്‌സ്’ പ്രൈവറ്റ് ലിമിറ്റഡിനെ വൻതുകയ്ക്കു യുഎസ് ആസ്ഥാനമായ ഫുൾ കോണ്ടാക്ട് സ്വന്തമാക്കി. സംസ്ഥാനത്തുനിന്നൊരു ഐടി പ്രോഡക്ട് കമ്പനിയെ ആദ്യമായാണു യു.എസി.ലെ ഒരു കമ്പനി ഏറ്റെടുക്കുന്നത്. രാജ്യത്തു നടന്ന സ്റ്റാർട്ടപ് സംരംഭങ്ങളിൽ ഏറ്റവും വലിയ ഏറ്റെടുക്കലുകളിലൊന്നാണ് ഇത്. തുക ഇത് വരെ പുറത്തു വിട്ടിട്ടില്ല.
പ്രവർത്തനമാരംഭിച്ച് ആദ്യം ഇവർ തയാറാക്കിയ മൂന്ന് ഉൽപന്നങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാൽ ‘വൈബ്’ എന്ന ഉൽപന്നമാണ് പ്രൊഫൗണ്ടിസിന്റെ മൂല്യം ഉയർത്തിയത്. 2014 ഫെബ്രുവരിയിൽ പുറത്തിറക്കിയ ‘വൈബ്’ ആളുകളെയും കമ്പനികളെയും സംബന്ധിച്ച വിശദാംശങ്ങൾ ഇന്റർനെറ്റിൽനിന്ന് എളുപ്പത്തിൽ ശേഖരിക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ്. ഈ ഡാറ്റ ശേഖരണമാണ് വിവിധ കമ്പനികൾക്ക് വിപണിയിൽ മാർക്കറ്റിങ്, ഗവേഷണം തുടങ്ങിയവയ്ക്ക് സഹായകമാകുന്നത്.
തിരുവല്ല സ്വദേശി അർജുൻ ആർ.പിള്ള, കോട്ടയം സ്വദേശി ജോഫിൻ ജോസഫ്, തൊടുപുഴ സ്വദേശി അനൂപ് തോമസ് മാത്യു, കായംകുളം സ്വദേശി നിതിൻ സാം ഉമ്മൻ എന്നിവരാണു പ്രൊഫൗണ്ടിസിന്റെ സ്ഥാപകർ. കളമശേരി സ്റ്റാർട്ടപ് വില്ലേജ് കേന്ദ്രമായി 2012 ജൂണിൽ ആണ് പ്രൊഫൗണ്ടിസ് ലാബ്‌സ് പ്രവർത്തനം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here