മാധ്യമ പ്രവർത്തകനെ ഓഫീസിനുള്ളിൽ കൊലപ്പെടുത്തി

ഗുജറാത്തിലെ സൗരാഷ്ട്രയിൽ പത്രപ്രവർത്തകനെ ഓഫീസിനുള്ളിൽ കുത്തി കൊലപ്പടുത്തി. ജുനഗഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ജയ് ഹിന്ദ്’ പത്രത്തിൻറെ ബ്യൂറോ ചീഫ് കിഷോർ ദവെയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. വൻസാരി ചൗകിലെ ഓഫീസിൽ വാർത്തകൾ തയ്യാറിക്കിക്കൊണ്ടിരുന്ന കിഷോറിനെ അക്രമി നിരവധി തവണ കുത്തുകയായിരുന്നു. തുടർന്ന് കിഷോർ കൊല്ലപ്പെട്ടു. ഓഫീസിൽ കിഷോർ മാത്രമാണുണ്ടായിരുന്നത്. സെക്യൂരിറ്റിയോ സി.സി.ടി.വി കാമറകളോ ഉണ്ടായിരുന്നില്ല. ഓഫീസിലത്തെിയ അസിസ്റ്റൻറാണ് രക്തത്തിൽ മുങ്ങികിടന്ന കിഷോറിനെ കണ്ടത്തെിയത്.

കൊലക്കു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ചൂണ്ടിക്കാട്ടി കിഷോറിന്റെ സഹോദരൻ പ്രകാശ് ദവെ പോലീസിൽ പരാതി നൽകി. ബി.ജെ.പി പ്രാദേശിക നേതാവ് രതിലാൽ സുരേജിൻറെ മകൻ ഭാവേഷ് സുരേജാണ് കൊലക്ക് പിന്നിലെന്ന് ആരോപണമുയരുന്നുണ്ട്.

ഭാവേഷ് സുരേജ് യുവതിയെ പീഡിപ്പിച്ച സംഭവം ‘ജയ് ഹിന്ദി’നു വേണ്ടി കിഷോർ റിപ്പോർട്ട് ചെയ്യുകയും വിശദമായ വാർത്ത നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾക്ക് ജയിൽ ശിക്ഷ ലഭിച്ചു. സംഭവത്തിനു ശേഷം പലതവണ കിഷോറിൻറെ ജീവന് ഭീഷണിയുണ്ടായിട്ടുണ്ടെന്നും എന്നാൽ പോലീസിൻറെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ലെന്നും സഹോദരൻ ആരോപിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top