ജിതേഷിന് ഹൃദയം ലഭിച്ചു; ഇനി വേണ്ടത് പ്രാർത്ഥന

twentyfournews-jithesh

പ്രാർത്ഥനകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ ജിതേഷിനായി ഒരു ഹൃദയം ലഭിച്ചു. മസ്തിഷ്‌കമരണം സംഭവിച്ച ചങ്ങനാശേരി മാമ്പഴക്കരി സ്വദേശി സാൻജോസ് ജോസഫിന്റെ (20) ഹൃദയമാണ് ജിതേഷിന് വെച്ചുപിടിപ്പിക്കുന്നത്.
കൊച്ചി ലിസി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജിതേഷിന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമണാ ഡോക്ടേഴ്‌സ് നിർദ്ദേശിച്ചിരുന്നത്.

കേരളസർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ.എൻ.ഒ.എസ്. (മൃതസഞ്ജീവനി) വഴി തമിഴ്‌നാട്ടിൽ നിന്നും ജിതേഷിനായി ഹൃദയം എത്തിക്കുവാനുള്ള ശ്രമം കഴിഞ്ഞയാഴ്ച അവസാന നിമിഷം ഉപേക്ഷിച്ചിരുന്നു. ഹൃദയത്തിന് ശേഷി ഇല്ലാത്തതിനാലാണ് ആ ഉദ്യമം ഉപേക്ഷിക്കേണ്ടി വന്നത്.

Read More : ആ ഹൃദയ താളം വീണ്ടെടുക്കാൻ നമുക്കും ചെയ്യാനില്ലേ ചിലത്

ഇതിനെത്തുടർന്ന് ജിതേഷിന്റെ ജീവൻ നിലനിർത്താനായി ഏകദേശം 70 ലക്ഷത്തോളം രൂപ മുടക്കി വിദേശത്തു നിന്നും ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഡിവൈസ് എത്തിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഈയൊരു വലിയതുക കണ്ടെത്താൻ നെട്ടോട്ടമോടുമ്പോഴാണ് സർക്കാരിന്റെ മൃതസജ്ഞീവനി പദ്ധതി വീണ്ടും തുണയായത്.

സണ്ണി, മിനി ദമ്പതികളുടെ മകനാണ് സാൻജോസ്. രണ്ട് സഹോദരങ്ങൾ. ഒക്‌ടോബർ ആറാം തീയതി വൈകുന്നേരം 7 മണിക്ക് സാൻജോസ് ഓടിച്ചിരുന്ന ബൈക്ക് ചങ്ങനാശേരി, ആലപ്പുഴ റൂട്ടിൽ വച്ച് ട്രക്കുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ സാൻജോസിനെ പെരുന്ന എൻഎസ്എസ് ആശുപത്രിയിൽ എത്തിച്ചശേഷം അന്നുതന്നെ പുഴ്പഗിരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന സാൻജോസിന്റെ മസ്തിഷികമരണം ഇന്ന് പുലർച്ചെ സംഭവിച്ചതായി രണ്ടുമണിയോടെ വിദഗ്ധ സംഘം സ്ഥിരീകരിക്കുകയായിരുന്നു.

ന്യൂറോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ അംഗീകരിച്ച നാലംഗ ഡോക്ടർമാരുടെ വിദഗ്ധസംഘം ആറുമണിക്കൂറിടവിട്ട് രണ്ടുതവണ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു. അവയവദാനത്തിന് സാൻജോസിന്റെ കുടുംബാംഗങ്ങൾ തയ്യാറായതിനെത്തുടർന്ന് പുഷ്പഗിരിയിലെ ഡോക്ടർമാർ കെ.എൻ.ഒ.എസിനെ (മൃതസഞ്ജീവനി) ഇക്കാര്യം അറിയിച്ചു. ഉടൻ തന്നെ മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നും സാൻജോസിന്റെ അവയവങ്ങൾ ചേർച്ചയായവരെ കണ്ടെത്തുകയായിരുന്നു.

ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള അടിയന്തിരമായി ഹൃദയം ആവശ്യമുള്ള ജിതേഷിനും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഇരുവൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും നേത്രപടലം അങ്കമാലി ലിറ്റിൽ ഫഌർ ആശുപത്രിയിലെ നേത്ര ബാങ്കിനും നൽകി.

ഇന്ന് രാവിലെ 5.45ന് (സാൻ ജോസിന്റെ ഹൃദയം പുഴ്പഗരിയിൽ നിന്നും റോഡുമാർഗം 6.55ന് എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചിരുന്നു. 120 കിലോമീറ്റർ ദൂരം പോലീസിന്റെ സഹായത്തോടെ കേവലം ഒരു മണിക്കൂർ പത്ത് മിനിട്ടു കൊണ്ടാണ് ഓടിയെത്തിയത്. ഹൃദയം ജിതേഷിൽ വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ലിസി ആശുപത്രിയിൽ പുരോഗമിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Jithesh,heart transplantation, helpJithesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top