ജന്മഭൂമി മുൻ എഡിറ്റർ ഏഷ്യാനെറ്റിലേക്ക്; കാവിവൽക്കരണം രണ്ടാം ഘട്ടം

asianetnews

പ്രേക്ഷകരെയും ജീവനക്കാരെയും ഒരുപോലെ ആശങ്കയിലാക്കി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ കാവിവൽക്കരണത്തിലേക്ക്. നേരോടെ നിർഭയം നിരന്തരം ബിജെപി പാളയത്തിലേക്കാണ് ചാനൽ നടന്നു കയറുന്നതെന്ന് ഏറെ കുറേ ഉറപ്പായി കഴിഞ്ഞു. ഇതിന് തെളിവെന്നോണം രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിൽ സംഘപരിവാർ അനുകല ജീവനക്കാരെ നിയമിക്കണമെന്നാവശ്യ പ്പെട്ടുകൊണ്ടുള്ള കുറിപ്പ് പുറത്തായത് വൻ ചർച്ചയായിരുന്നു. ഏഷ്യനെറ്റ് ചെയർമാനും എൻഡിഎയുടെ വൈസ് ചെയർമാനുമാണ് നിലവിൽ രാജീവ് ചന്ദ്രശേഖർ.

കേരളത്തിൽ ബിജെപിയുടെ വളർച്ചയെ പിന്നോട്ടടിക്കുന്നത് ഏഷ്യനെറ്റ് ന്യൂസ് ചാനലാണെന്ന് പാർട്ടിയുടെ തലപ്പത്തുനിന്ന് രാജീവിന് വിമർശനം ഏൽക്കാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗൺസിലിൽവെച്ച് അമിത് ഷാ തന്നെ നേരിട്ട് അറിയിച്ചതോടെയാണ് കാവിവൽക്കരണം ദ്രുതഗതിയിലാക്കുന്നതെന്നാണ് സൂചന.

ഇതോടെ ഏഷ്യനെറ്റ് ന്യൂസിന്റെ തലപ്പത്ത് മുൻ ജന്മഭൂമി എഡിറ്റർ ഹരി എസ് കർത്ത എത്തുമോ എന്ന ചോദ്യമാണ് ബാക്കി നിൽക്കുന്നത്. കേരളത്തിൽ താമര വിരിയിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ബിജെപി, മാധ്യമങ്ങളെ ഹൈജാക്ക് ചെയ്തുകൊണ്ടുതന്നെ ചവിട്ട് ഉറപ്പിക്കുമ്പോൾ ഏറ്റവും വിശ്വസ്തനായ ഒരാൾ തന്നെ മലയാളത്തിന്റെ ഒന്നാം നമ്പർ ചാനലിന്റെ തലപ്പത്ത് ഉണ്ടാകണമെന്ന നിലപാടിലാണ് പാർട്ടി.

ഇതോടെ ചാനലിൽ മാത്രമല്ല, കേരളത്തിന്റെ വാർത്താ സംസ്‌കാരത്തിലും പിടിമുറുക്കാമെന്ന പ്രതീക്ഷകളിലാണ് ബിജെപി. അതുകൊണ്ടുതന്നെ ആർഎസ്എസുകാരൻ തന്നെ ഏഷ്യാനെറ്റിന്റെ തലപ്പത്ത് വരണമെന്ന് പാർട്ടിയ്ക്ക് നിർബന്ധമുണ്ട്. ഇത് ഒത്തു വന്നാൽ മുൻ ജന്മഭൂമി എഡിറ്റർക്ക് നറുക്ക് വീഴും.

ഏഷ്യാനെറ്റിന്റെ മുഖമായിരുന്ന ടി എൻ ഗോപകുമാറിന്റെ മരണത്തോടെ തൽസ്ഥാനത്ത് എത്തിയ രാധാകൃഷ്ണൻ എം ജി യ്ക്ക് ഇടതുപക്ഷ ചായ്‌വാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇടത് സഹയാത്രികൻ ഗോവിന്ദപ്പിള്ളയുടെ മകൻ എന്ന ലേബൽ എം ജി യ്ക്ക് ഉള്ളതിനാൽ തന്നെ ഇതിന്റെ പ്രതിഫലനമാണ് ബിജെപി നേതാക്കളോട് ചാനൽ എടുക്കുന്ന നിലപാടുകളിലും നിഴലിക്കുന്നത് എന്നാണ് വിലയിരുത്തൽ.

ഇതിനാൽ തന്നെ ഈ പേര് മാറ്റിയെടുക്കാനും പാർട്ടിയ്ക്ക് കേരളത്തിൽ വേരുറപ്പിക്കാൻ സഹായകമാകാനും ആർഎസ്എസിന്റെ സന്തതസഹചാരിയെ അവരോധിക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖറിന് മുന്നിലേക്ക് ബിജെപി വയ്ക്കുന്ന ആവശ്യം. അതുകൊണ്ടുതന്നെ ഇനി ഏഷ്യാനെറ്റിലെ മാറ്റങ്ങൾക്കും വാർത്തകൾക്കും പിന്നിൽ ബിജെപി-ആർഎസ്എസ് അദൃശ്യകരങ്ങൾ കണ്ടാൽ ഞെട്ടേണ്ടതില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top