Advertisement

അക്ഷയ്ക്ക് ഇനി പരമാനന്ദം

October 29, 2016
Google News 2 minutes Read

തോമസ് മാത്യൂസ് / ബിന്ദിയ മുഹമ്മദ്‌

ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി രണ്ടാം വർഷ വിദ്യാർത്ഥിയാണ് തോമസ് മാത്യു. സിനിമ മോഹമായി നടന്ന യുവാവായിരുന്നില്ല തോമസ്. ഒടുവിൽ ‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമയിൽ എത്തിയത് തികച്ചും യാദൃശ്ചികമായി…..

‘തോമസിൽ’ നിന്നും ആനന്ദത്തിലെ ‘അക്ഷയി’ലേക്ക്

ആനന്ദത്തിന്റെ ഓഡിഷൻ നടക്കുന്ന സമയത്ത് എന്റെ ഒരുപാട് സുഹൃത്തുക്കൾ അതിൽ പങ്കെടുക്കാൻ പോയിരുന്നു. എനിക്ക് ഒറ്റയ്ക്ക് പോവാൻ മടിയായത് കൊണ്ട് എന്റെ സുഹൃത്തിനെയും ഒപ്പംകൂട്ടിയാണ് പോയത്. അവൻ നന്നായി അഭിനയിക്കുമായിരുന്നു. ഓഡിഷനിൽ പങ്കെടുക്കാൻ നിരവധി പേർ വന്നിരുന്നു. ഒടുവിൽ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു ഞങ്ങളെ.

aanandam-movie

പിറ്റേ ദിവസം ഞാൻ വഴിയിലൂടെ വെറുതെ നടന്നപ്പോൾ എന്റെ സുഹൃത്ത് റീബ (ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഫെയിം) സംവിധായകൻ ഗണേഷിനോടൊപ്പം എതിരെ നടന്ന് വരുന്നത് കണ്ടു. ഗണേഷേട്ടനെ പരിചയപ്പെട്ടപ്പോൾ അദ്ദേഹം ചോദിച്ചു അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന്. ഞാൻ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ അവിടെ അടുത്തുള്ള പ്രൊഡക്ഷൻ ഹൗസിൽ പോയി എന്നെക്കൊണ്ട് കുറച്ച് രംഗങ്ങൾ ചെയിച്ച് നോക്കി. പിന്നീട് 2,3 ദിവസങ്ങൾക്ക് ശേഷം എനിക്ക് കോൾ വന്നു; നാട്ടിൽ വച്ച് ചിത്രത്തിലഭിനയിക്കുന്ന മറ്റ് താരങ്ങളുമായി കോമ്പിനേഷനും, കെമിസ്ട്രിയുമൊക്കെ നോക്കണമെന്നും, അതിനായി നാട്ടിൽ വരണമെന്നും പറഞ്ഞു. പിന്നെ സെലക്ടായി. അങ്ങനെയാണ് ആനന്ദത്തിലെ ‘അക്ഷയ്’ എന്ന റോളിലേക്ക് എത്തുന്നത്.

സെറ്റിലെ വിശേഷങ്ങൾ

ഞങ്ങൾക്ക് ശരിക്കും ട്രിപ്പ് പോവുന്ന പോലെയായിരുന്നു തോന്നിയത്. ഒരു സിനിമ ചെയ്യുകയാണെന്ന് തോന്നിയതേയില്ല. സംവിധായകൻ ഗണേഷേട്ടൻ ഞങ്ങൾക്ക് നല്ല ഫ്രീഡം തന്നു. അതിന്റെ റിസൽട്ട് സിനിമയിലും കാണാം.

വിനീത് ശ്രീനിവാസനെ ‘നടൻ’ എന്ന നിലയിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ ‘നിർമ്മാതാവ്’ എന്ന നിലയിൽ കണ്ടപ്പോൾ എന്ത് തോന്നി. അദ്ദേഹം എങ്ങനെയായിരുന്നു സെറ്റിൽ

aanandam-movie-

വിനീതേട്ടൻ (വിനീത് ശ്രീനിവാസൻ) ഞങ്ങളുടെ ആക്ടിങ്ങിലൊന്നും ഇടപെട്ടിരുന്നില്ല. സംവിധായകൻ ഗണേഷേട്ടന് അദ്ദേഹത്തിന്റേതായ സ്വാതന്ത്ര്യം വിനീതേട്ടൻ കൊടുത്തിരുന്നു. ഡബ്ബിങ്ങിന്റെ സമയത്താണ് വിനീതേട്ടൻ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും പറഞ്ഞത്. ‘ഇത് ഇങ്ങനെ ചെയ്യാം…ഇങ്ങനെ ചെയ്താൽ കുറച്ചുകൂടി നന്നായിരിക്കും’ എന്നൊക്കെ ഞങ്ങൾക്ക് പറഞ്ഞ് തരുമായിരുന്നു.

നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ആനന്ദ് സി ചന്ദ്രനായിരുന്നു ഈ ചിത്രത്തിന്റെയും ക്യാമറാമാൻ. എങ്ങനെയാണ് ഫ്രെയിമും മറ്റ് കാര്യങ്ങളും അദ്ദേഹം പറഞ്ഞ് തന്നത്.

ഒരു കോളേജ് രംഗമായിരുന്നു ആദ്യം. സ്റ്റുഡിയോയിൽ വച്ചായിരുന്നു രംഗം ചിത്രീകരിച്ചത്. എന്റെ ഷോട്ട് എടുക്കുന്നതിന് മുമ്പ് ആനന്ദേട്ടൻ എന്റടുത്ത് വന്നിട്ട് ആദ്യം ക്യാമറ തൊട്ട് വണങ്ങണം എന്ന് പറഞ്ഞു. എപ്പോഴും ഇങ്ങനെ തുടങ്ങണം എന്നൊക്കെ പറഞ്ഞ് ആദ്യപാഠം തന്നു. ഞാൻ ആദ്യം പറഞ്ഞ ഡയലോഗ് ‘കണ്ണിൽ കണ്ട ചെക്കന്മാരെ പോലെ’ എന്ന് തുടങ്ങുന്ന ഡയലോഗാണ്. ചിത്രത്തിന്റെ ട്രെയിലറിലൊക്കെ കാണിക്കുന്നുണ്ട് അത്. അനന്ദേട്ടൻ ചെറിയ പോയിന്‌റുകളായിട്ടെ പറയുള്ളുവെങ്കിലും അത് വളരെ പ്രാധാന്യമുള്ള കാര്യങ്ങളായിരിക്കും.

anandam

ഷൂട്ടിങ്ങിനിടെ വളരെ കുറച്ച് സമയം മാത്രമേ ഉറങ്ങാൻ കഴിഞ്ഞുള്ളു എന്ന കൗണ്ടൗൺ ടീസറിൽ പറയുന്നുണ്ട്.

അതെ. ചില ദിവസങ്ങളിൽ 12 മണിക്കൂർ വരെ ഷൂട്ട് ഉണ്ടായിട്ടുണ്ട്. ഹംപിയിൽ വച്ചായിരുന്നു അത്തരം ഹെക്ടിക് ഷെഡ്യൂൾ ഉണ്ടായിരുന്നത്. അപ്പോൾ മടുപ്പ് തോന്നിയെങ്കിലും പിന്നീട് ആ രംഗങ്ങൾ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി.

സിനിമയിൽ തുടരുമോ ??

സിനിമയിൽ തുടരാൻ തന്നെയാണ് താൽപര്യം. ഓഫറുകൾ വരുന്നുണ്ട്, ഒന്നും തീരുമാനമായിട്ടില്ല.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here