Advertisement

ശശികല ഇനി ചിന്നമ്മയല്ല, തമിഴ്‌നാട്‌ തലൈവി

February 5, 2017
Google News 1 minute Read
sasikala

ജയലളിതയ്‌ക്കൊപ്പം നിഴലായി നിന്ന ശശികല ഇനി എംജിആറും ജയലളിതയും കരുണാനിധിയുമെല്ലാം ഭരിച്ച തമിഴ്‌നാട് ജനതയുടെ ഭരണ സാരഥിയാകും. ജയയുടെ മരണത്തോടെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് അവരോധിതയായ ശശികല, മുഖ്യമന്ത്രി സ്ഥാനത്തിനുള്ള കരുനീക്കങ്ങൾ നടത്തുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ നിലവിലെ മുഖ്യമന്ത്രി ഒ പനീർ സെൽവം തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശികലയുടെ പേര് നിർദ്ദേശിച്ചത്.

എന്നും ജയലളിതയുടെ പേരിനൊപ്പം മാത്രം ഉയർന്നുകേട്ടിരുന്ന ശശികലയുടെ പേര് ഇനി മുഖ്യമന്ത്രി എന്ന് ചേർത്ത് കേൾക്കാം. അതേ സമയം എഐഎഡിഎംകെയിലെ ഒരു വിഭാഗവും ഭൂരിപക്ഷം അണികളും ശശികല മുഖ്യമന്ത്രിയാകുന്നതിനോ അമ്മയ്ക്ക് പകരം ചിന്നമ്മയെ പ്രതിഷ്ഠിക്കുന്നതിലോ എതിരാണ്.

ജയലളിതയോടുള്ള വിശ്വസ്തതയുടെ പേരിൽ ഉയർന്ന് കേട്ട ചിന്നമ്മ എന്ന നാമം വഞ്ചനയുടെ പേരിലും ഉയർന്ന് കേൾക്കാൻ തുടങ്ങിയതോടെയാണ് ശശികലയ്ക്ക് നേരെ വിരുദ്ധ വികാരവും മുളപൊട്ടിയത്. നിഴലായി നിന്ന തന്റെ തോഴിയെ ജയലളിത ഇടക്കാലത്ത് പോയസ് ഗാർഡനിൽനിന്ന് ഇറക്കിവിട്ടു.

വീണ്ടും പോയസ് ഗാർഡനിൽ കയറിപ്പറ്റിയ ശശികല ജയയുടെ ഒപ്പം ഒരു നിഴലുപോലെ നിന്നു. മരണം വരെ!! ഒരു പക്ഷേ അതിനു ശേഷവും. ജയലളിതയുടെ മൃതദേഹത്തിനൊപ്പം കറുത്ത സാരിധരിച്ച് നിന്ന ശശികല ഏറെ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു. എന്നാൽ ഇപ്പോഴും ദുരൂഹമാണ് അന്ന് എന്തിന് ജയലളിത ശശികലയെ തളളിപ്പറഞ്ഞു, ഒരു വാക്കും മിണ്ടാതെ ശശികല പടിയിറങ്ങി, പിന്നീട് എന്ത് മറിമായമാണ് ഇവരുടെ കൂടിച്ചേരലിന് വഴിയൊരുക്കിയത്. എല്ലാം ജയലളിതയുടെ മരണം പോലെതന്നെ അവ്യക്തം.

ജയലളിതയുടെ ശവമഞ്ചം ചുമന്നതും ജയയ്ക്ക് ചങ്കുപറിച്ച് കൊടുക്കാൻ തയ്യാറായിരുന്ന പാർട്ടിക്കാരല്ല മറിച്ച് ശശികലയുടെ കുടുംബമായിരുന്നു. ഒരിക്കൽ ജയലളിതയും പിന്നീട് ജയയ്‌ക്കൊപ്പം വന്ന് ചേരാൻ ശശികല തന്നെ തള്ളിപ്പറഞ്ഞ അതേ കുടുംബം.

ജയലളിതാ മന്ത്രിസഭയിലോ, പാർട്ടിയിലോ ഒരിക്കലും ഒരു സ്ഥാനവും വഹിച്ചിരുന്നില്ലെങ്കിലും, ജയയുടെ അനൗദ്യോഗിക ഉപദേഷ്ടാവായിരുന്നു ശശികല. ജയ ആശുപത്രിയിലായിരുന്ന സമയങ്ങളിലെല്ലാം ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി പനീർസെൽവം, ജയയുടെ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണൻ എന്നിവരെ കൂടാതെ പാർട്ടിയിൽ തീരുമാനം എടുക്കാൻ കഴിവുണ്ടായിരുന്ന ഒരാളായിരുന്നു ശശികല.

ജയലളിതയുമായോ, രാഷ്ട്രീയമായോ, എഐഎഡിഎംകെ പാർട്ടിയുമായോ യാതൊരു ബന്ധവുമില്ലാതിരുന്ന ശശികല എങ്ങനെയാണ് ജയയുടെ ഉറ്റതോഴിയായി മാറിയത് ?

കഥ ഇങ്ങനെ

ചെന്നൈയിലെ കല്ലാർ കുടുംബാംഗമായിരുന്ന ശശികല, ആർ നടരാജൻ എന്ന പബ്ലിക് റിലേഷൻ ഓഫീസറെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

അന്നത്തെ ജില്ലാകളക്ടറായിരുന്ന വിഎസ് ചന്ദ്രലേഖയുമായി അടുപ്പമുള്ളയാളായിരു ന്നു നടരാജൻ. താൽകാലിക ജീവനക്കാരനായിരുന്ന നടരാജന്റെ ജോലി 1976 ൽ അടിയന്തരാവസ്ഥ കാലത്ത് നഷ്ടപ്പെട്ടു. ആ സമയത്ത് വിഡിയോ സ്‌റ്റോർ ഉടമയായിരുന്ന ഭാര്യ ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തുവാൻ നടരാജൻ ചന്ദ്രലേഖയോട് അഭ്യർത്ഥിച്ചു.

തുടക്കത്തിലെ പരിചയം പിന്നീട് ജയലളിതയുമായുള്ള സൗഹൃദത്തിലേക്ക് വഴിമാറി. ശേഷം ജയയുടെ ഉറ്റ തോഴിയായി മാറി ശശികല. ജയയുടെ വസതി പോയസ് ഗാർഡനിൽ ജയയോളം സ്വാതന്ത്ര്യമുള്ള ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ അത് ശശികലയായിരുന്നു. ജയയുടെ വീട്ടുകാര്യങ്ങൾ മുതൽ പാർട്ടികാര്യൾ വരെ നോക്കിയിരുന്നു ശശികല.

പ്രഥമദൃഷ്ടിയാൽ ശശികല എഐഎഡിഎംകെയിൽ സ്ഥാനമാനങ്ങൾ ഒന്നും വഹിച്ചിരുന്നില്ലെങ്കിലും, പാർട്ടി കാര്യങ്ങളിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുൻപോട്ട് വെക്കുവാനും അത് നടപ്പിലാക്കാനുമുള്ള അധികാരം ശശികലയ്ക്കുണ്ടായിരുന്നു. പാർട്ടി സ്ഥാനങ്ങൾ തീരുമാനിക്കുന്നതിലും, സർക്കാർ നിയമനങ്ങളിലും പ്രധാന പങ്കുവഹിച്ചിരുന്നു ശശികല.

ജയ സ്വന്തം കുടുംബത്തെ പോലെയാണ് ശശികലയെയും കുടുംബത്തെയും കണ്ടിരുന്നത്. സമാന നിറങ്ങളിലുള്ള സാരിയും ആഭരണങ്ങളും ധരിച്ചല്ലാതെ ജനം ഇരുവരെയും ഒരുമിച്ച് കണ്ടിട്ടേയില്ല. ശശികലയുടെ അനന്തരവൻ സുധാകരനെ സ്വന്തം പുത്രനായാണ് ജയ കണക്കാക്കിയിരുന്നത്. 25,000 ൽ അധികം അതിഥികൾ പങ്കെടുത്ത സുധാകരന്റെ ആഢംബര വിവാഹം അതിന് തെളിവാണ്.

ജയയുടെ കൂടെ 1996 ലെ കളർടിവി കേസിലും, അനധികൃത സ്വത്ത് സമ്പാധന കേസിലും 4 വർഷവും ജയിൽവാസം അനുഭവിച്ചിട്ടുണ്ട് ശശികല.

ശശികല ജയയുടെ സുഖത്തിലും ദു:ഖത്തിലും ഒരുപോലെ കൂടെ നിന്നിട്ടുണ്ടെങ്കിലും ജയ അറിയാതെ തമിഴ്‌നാട്ടിൽ ശശികലയും കുടുംബവും സമാന്തര സർക്കാർ നടത്തുന്നുണ്ട് എന്ന ആക്ഷേപം ഉയർന്നതോടെ ഡിസംബർ 2011 ൽ ജയ ശശികലയെ പുറത്താക്കി.

എന്നാൽ തന്റെ ‘അക്ക’ ജയലളിതയ്ക്ക് വേണ്ടി കുടുംബത്തെ ഉപേക്ഷിച്ച് തിരിച്ചുവന്ന ശശികലയെ 2012 ൽ ജയ സ്വീകരിച്ചു. അന്ന് മുതൽ ജയയുടെ മരണം വരെ നിഴലായി ശശികല കൂടെ നിന്നു.

ജയയുടെ മരണത്തിന് പിന്നിൽ ശശികലയുടെ കൈകളുണ്ടെന്ന് ജനം സംശയിക്കുമ്പോഴും ജയയ്ക്ക് പകരം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേൽക്കാനിരിക്കുകയാണ് ശശികല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here