തൃശൂരിൽനിന്ന് കാണാതായ ഷിഫ മണാലിയിൽ മരിച്ച നിലയിൽ

തൃശൂരിൽനിന്നു കാണാതായ പെൺകുട്ടി മണാലിയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തൃശൂർ വലിയാലുക്കൽ അബ്ദുൾ നിസാറിന്റെയും ഷർമിളയുടെയും മകൾ ഷിഫ അബ്ദുൾ നിസാറിനെയാണ് തൃശ്ശൂരിൽനിന്ന് കാണാതായത്. പെൺകുട്ടിയുടെ വസ്ത്രങ്ങളും പാസ്പോർട്ടും മണാലി ബഹാംഗിലെ ബീസ് നദിക്കരയിൽ കഴിഞ്ഞദിവസം കണ്ടെത്തിയതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ജനുവരി ഏഴിനാണ് ഷിഫയെ തൃശ്ശൂരിൽനിന്ന് കാണാതാകുന്നത്. ജനുവരി 29ന് അഴുകിയ നിലയിൽ ബീസ് നദിക്കരയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനടുത്തുനിന്ന് പാസ്പോർട്ടും വസ്ത്രങ്ങളും കണ്ടെത്തിയതോടെയാണ് മരിച്ചത് ഷിഫയാണെന്നു പോലീസ് സംശയം ഉന്നയിച്ചത്. പോലീസിന് തിരിച്ചറിയാൻ സാധിക്കാതിരുന്ന മൃതദേഹം ഫോറൻസിക് പരിശോധനകൾക്കുശേഷം സംസ്കരിച്ചിരുന്നു. മൃതദേഹത്തിൽ ജീൻസ്, സ്വെറ്റർ, ജാക്കറ്റ് എന്നിവയാണ് ഉണ്ടായിരുന്നത്.
ഇവൻറ് മാനേജ്മെൻറ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഷിഫ, ഒക്ടോബർ 14നാണ് വീട്ടിൽനിന്നു പുറപ്പെട്ടത്. കൊച്ചി, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളും ഇതിനിടെ ഷിഫ സന്ദർശിച്ചിരുന്നു. മുമ്പ് ദുബായിയിലായിരുന്ന ഷിഫ, അവിടെനിന്നു തിരിച്ചെത്തിയശേഷം ഇവൻറ് മാനേജ്മെൻറ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
ജനുവരി 7നാണ് ഷിഫ അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടതെന്ന് പിതാവ് പറഞ്ഞു. ജനുവരി 15ന് വീട്ടിലേക്കെത്താമെന്നാണ് അന്ന് അറിയിച്ചത്. ഫോൺ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ പുതിയ ഫോൺ വാങ്ങാൻ ഉപദേശിച്ചതായും പിതാവ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here