Advertisement

ഈ നെറികെട്ടവന്‍മാരെ ജീവിതാവസാനം വരെ തുറങ്കിലടയ്ക്കണം

February 19, 2017
Google News 1 minute Read

കൊച്ചിയില്‍ പ്രമുഖ നടിയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തിന്റെ വാര്‍ത്ത കേട്ട് ശരിക്കും ഞാന്‍ പകച്ച് പോയി. മലയാളികള്‍ ആകെ ലജ്ജിച്ച് തല താഴ്ത്തിയ സംഭവമാണ് കൊച്ചിയില്‍ അരങ്ങേറിയത്. രാത്രി 9 മണിനേരം അങ്കമാലി മുതല്‍ പാലാരിവട്ടം വരെ വളരെ തിരക്കുള്ള നാഷണല്‍ ഹൈവേയില്‍ ഒരു പ്രശസ്ത ചലച്ചിത്രതാരത്തിന് ഇതാണ് അനുഭവമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരായ സ്ത്രീകളുടെ സുരക്ഷ എന്താകും എന്ന് ഞാന്‍ ആലോചിച്ച് പോയി.

ഇതിനിടെ എന്നെ വല്ലാതെ അമ്പരപ്പിച്ച സംഭവം, ഈ കേസില്‍ പിടിക്കപ്പെട്ട പ്രതി മാര്‍ട്ടിന്‍ പോലീസിന്റെ മുന്നില്‍ വച്ച് മാധ്യമങ്ങളേയും മറ്റും കണ്ടപ്പോള്‍ മുഖം പൊത്തുന്നത് കണ്ടു. നാണം കെട്ടവനാണല്ലോ മാര്‍ട്ടിന്‍? ഇയാള്‍ ഇനി മുഖം പൊത്തിയിട്ട് എന്താണ് കാര്യം. ഭാവിയില്‍ മുഖം പൊത്തി മറഞ്ഞിരുന്നിട്ട് മറ്റേതെങ്കിലും സ്ത്രീയെ ആക്രമിക്കാന്‍ പറ്റുമോ എന്ന അവസരം പാര്‍ത്ത് ആയിരിക്കാം ഒരുപക്ഷേ മുഖം പൊത്തണം എന്ന ജാഗ്രത ഇദ്ദേഹം കാണിച്ചത്.

സംസ്ഥാനത്തെ പോലീസ് മേധാവി വളരെ കരുതലോടെ തന്നെ ഈ പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്ന ചില പ്രശ്നങ്ങളുണ്ട്. ട്രാഫിക്കില്‍ ക്യാമറയും ഹൈവേയില്‍ പട്രോളിംങും ഒക്കെയായി ഒരു സുരക്ഷാ സംവിധാനം നമുക്കുണ്ട്. കരുത്തുറ്റ പോലീസുകാരും നമുക്കുണ്ട്. എന്നിട്ടെന്തേ നമ്മുടെ നാഷണല്‍ ഹൈവേയില്‍ ഇതൊക്കെ സംഭവിക്കുന്നു? ഏതോ ഒരു സിനിമാ കഥയെ അനുസ്മരിപ്പിക്കുന്ന രീതിയിലെ സംഭവങ്ങളാണ് നാഷണല്‍ ഹൈവേയില്‍ അരങ്ങേറിയത്. ആരും സംശയിച്ച് പോകും ഈ വഴിയരികില്‍ ആരും ഉണ്ടായിരുന്നില്ലേ എന്ന്. എന്തായാലും പോലീസില്‍ പരാതി കൊടുക്കാന്‍ ഈ പെണ്‍കുട്ടി കാണിച്ച ധൈര്യം നമ്മള്‍ അഭിനന്ദിച്ചേ മതിയാകൂ.

കേരളത്തിലെ മുഴുവന്‍ ആളുകളും ഈ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് തെരുവില്‍ ഇറങ്ങേണ്ട നേരമായി. ഇനിയും ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ അതിക്രമം നേരിട്ടാല്‍ അവര്‍ക്ക് അത്മവിശ്വാസം നല്‍കാന്‍ ഇത് ആവശ്യമാണ്. എനിയ്ക്ക് അറിയാവുന്ന ഒരു ചലച്ചിത്ര താരമാണ് ഈ കുട്ടി. ഈ പ്രതിസന്ധി ഘട്ടത്തില്‍ വേദന മുഴുവന്‍ കടിച്ചിറക്കി നില്‍ക്കുന്ന ഈ നടിയുടെ ചിത്രം ഇതെഴുതുമ്പോഴും എന്റെ മനസില്‍ ഉണ്ട്. ഒരു പെണ്‍കുട്ടിയ്ക്കും സംഭവിച്ച് കൂടാത്ത ഒരു ദുരനുഭവം ഒരു പാതിരാ നേരത്ത് ഈ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചു എന്നറിയുമ്പോള്‍ നമ്മള്‍ തകര്‍ന്ന് പോകുന്നു.

ഒരു നാടിന്റെ ഐശ്വര്യവും സമ്പന്നതയും ഒക്കെ വിലയിരുത്തുന്നത് ആ നാട്ടില്‍ നിലനില്‍ക്കുന്ന ക്രമസമാധാനത്തിലാണ്. ഇത്തരം ഗുണ്ടകളെ സാധാരണ നിയമങ്ങള്‍ ഉപയോഗിച്ച് നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ , കോടതി ഉപയോഗിച്ച് ശിക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്ക് ഗുണ്ടാ ആക്റ്റ് ഉണ്ടല്ലോ? ആ ആക്ടില്‍ ഉള്‍പ്പെടുത്തി ഇത്തരക്കാരെ ജീവിതാവസാനം വരെ തുറങ്കില്‍ അടയ്ക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. അതിന് എന്തെങ്കിലും പണചെലവ് വന്നാലും ഈ നാട്ടിലെ ആളുകള്‍ അത് ഏറ്റെടുത്തോളും എന്നാണ് എന്റെ വിശ്വാസം. കാരണം ഇത്തരക്കാരെ പുറത്ത് വിടുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.സാധാരണക്കാരായ പെണ്‍കുട്ടികളുടെ മാനം ഇനിയും നശിച്ച് പോകാനേ ഇവരുടെ സാന്നിധ്യം കൊണ്ട് ഉപയോഗപ്പെടൂ എന്ന് ഈ സംഭവം വെളിവാക്കുന്നു. മാത്രവുമല്ല ചില മാധ്യമങ്ങളെങ്കിലും ഈ ക്രൂരമായ സംഭവത്തെ പൈങ്കിളി വത്കരിക്കാന്‍ ശ്രമിച്ചു എന്നത് വളരെ അപകടകരമായ ഒരു സൂചനയാണ്. സ്വന്തം ഭാര്യയ്‌ക്കോ സഹോദരിയ്‌ക്കോ ഇത്തരം ഒരു സംഭവം ഉണ്ടായാല്‍ ഇതുപോലെ പൈങ്കിളിവത്കരണം നടത്താന്‍ ഇവര്‍ തയ്യാറാകുമോ?, ഇവര്‍ ആലോചിക്കേണ്ടിയിരിക്കുന്നു.

എന്നെ ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം സാധാരണ ഏത് കാര്യത്തിലും കേറി പ്രതികരിക്കുന്ന പലയാളുകളും ഇതില്‍ മൗനം പൂണ്ടിരിക്കുന്നു. അവര്‍ക്ക് സംസാരിക്കാന്‍ പറ്റുന്നില്ല. അവര്‍ക്ക് വാക്കുകള്‍ കിട്ടാത്തത് പോലെ.. എന്താണ് ഈ മൗനത്തിന് കാരണം? എന്റെ ഭാര്യയ്ക്കും എന്റെ സഹോദരിയ്ക്കും ഇത്തരം അനുഭവം ഉണ്ടായില്ലെങ്കില്‍ തത്കാലം മിണ്ടാതിരിക്കാം എന്ന പ്രായോഗിക ചിന്തയായിരിക്കും ഇവരുടെ മനസില്‍. ഈ ദുരനുഭവമുണ്ടായ കുട്ടിയ്ക്ക് എല്ലാവിധ പിന്തുണയും മലയാളികള്‍ നല്‍കേണ്ട സമയത്താണ് ഇവര്‍ മൗനം പാലിക്കുന്നത്. ചലച്ചിത്ര രംഗത്ത് ഇത്തരം ക്രിമിനലുകള്‍ ഒറ്റപ്പെട്ടതാണെങ്കില്‍ പോലും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരുപാട് പണം വിഹരിക്കുന്ന ഈ മേഖലയില്‍ ഇത്തരം ക്രിമിനലുകളുടെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതാക്കണം എന്നതാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

പരസ്പരം പഴി ചാരാനല്ല, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. മാത്രവുമല്ല ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകുമ്പോള്‍ മാത്രം വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നു, സാംസ്കാരിക നായകന്മാര്‍ പ്രതികരിക്കുന്നു , അത് പോര. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാത്ത സാഹചര്യമാണ് നമ്മുടെ നാട്ടില്‍ ഉണ്ടാക്കേണ്ടത്. ഒരു കാര്യം കൂടി ഉറപ്പിച്ച് പറഞ്ഞേ മതിയാവൂ. ഇത്തരം ക്രിമിനലുകളെ അത് എത്ര വലിയന്മാരായാലും അവരെ ഗുണ്ടാ ആക്ടില്‍പെടുത്തിയാണെങ്കിലും സെല്ലിനകത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീവ്രശ്രമം എടുക്കണം എന്നാണ് ഞങ്ങളുടെ അപേക്ഷ. അതോടൊപ്പം വേദനയില്‍ നിമിഷങ്ങള്‍ തള്ളി നീക്കുന്ന ഈ യുവനടിയ്ക്ക് ഞങ്ങളുടെ എല്ലാ വിധമായ പിന്തുണയും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു, മാത്രവുമല്ല ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ കാണിച്ച ധൈര്യത്തെ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്യുന്നു. ഇനിയൊരു പെണ്‍കുട്ടിയ്ക്കും ഈ നാട്ടില്‍ ഇത്തരം ഒരു അപകടവും വരാതിരിക്കട്ടെ.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here