സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ അസ്വസ്ഥതയ്ക്ക് പിന്നില്‍ സംഘപരിവാറുമായുള്ള ബന്ധം; ആഞ്ഞടിച്ച് ലീഗ് മുഖപത്രം
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമര്‍ശത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം. മുഖ്യമന്ത്രിയുടെ അസ്വസ്ഥതയ്ക്ക് കാരണം സംഘപരിവാറുമായുള്ള ബന്ധമാണെന്ന് ചന്ദ്രിക വിമര്‍ശിച്ചു. സാദിഖലി തങ്ങളെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഈ നാട് തകര്‍ന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സംഘപരിവാര്‍ താത്പര്യങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കുകയാണ് മുഖ്യമന്ത്രി പിറണായി വിജയന്‍ ചെയ്യുന്നതെന്നും ചന്ദ്രിക മുഖപ്രസംഗം കുറ്റപ്പെടുത്തി. (Muslim league mouthpiece against cm pinarayi vijayan)
പാണക്കാട് തങ്ങളെ പിണറായി അളക്കണ്ട എന്ന പേരിലാണ് ചന്ദ്രികയുടെ മുഖപ്രസംഗം. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്ക് അനുഗുണമായ തരത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെന്ന് ലീഗ് മുഖപത്രം കുറ്റപ്പെടുത്തി. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ തങ്ങളെ വിമര്‍ശിക്കാന്‍ പിണറായി വിജയന്‍ ഉപയോഗിച്ചത് യാദൃശ്ചികമായി കാണാനാകില്ലെന്നും ചന്ദ്രിക ലേഖനം കുറ്റപ്പെടുത്തി.
ഇന്നലെയാണ് സന്ദീപ് വാര്യര്‍ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സന്ദീപ് വാര്യരുടെ പാണക്കാട് സന്ദര്‍ശനത്തില്‍ മുസ്ലീം ലീഗിനെ കടന്നാക്രമിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് സന്ദീപ് വാര്യരെ മഹാത്മാവായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ പെരുമാറുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Story Highlights : Muslim league mouthpiece against cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here