മിഷേലിനോട് സാമ്യമുള്ള പെൺകുട്ടിയെ കണ്ടിരുന്നുവെന്ന് മൊഴി

സി എ വിദ്യാർത്ഥിനി മിഷേലിനോട് സാമ്യമുള്ള പെൺകുട്ടിയെ കൊച്ചി ഗോശ്രീ പാലത്തിൽ വച്ച് കണ്ടെന്ന് സാക്ഷി മൊഴി. എന്നാൽ പെട്ടന്ന് പെൺകുട്ടിയെ കാണാതാകുകയായിരുന്നു. ഈ പെൺകുട്ടി വെള്ളത്തിൽ വീണോ എന്ന് സംശയിക്കുന്നതായും പുതുവൈപ്പ് സ്വദേശി അമൽ വിൽഫ്രഡ് പോലീസിന് മൊഴി നൽകി. എന്നാൽ ഇത് മിഷേൽ ആണോ എന്ന് ഉറപ്പില്ലെന്നും വാർത്ത മാധ്യമങ്ങളിലൂടെ കണ്ടതുകൊണ്ടാണ് പോലീസിനെ അറിയിച്ചതെന്നും ഇയാൾ പറഞ്ഞു.
വല്ലാർപ്പാടം പള്ളി കഴിഞ്ഞു ബോൾഗാട്ടിയിലേക്കു പോകുന്ന ഭാഗത്തെ ഗോശ്രീ രണ്ടാം പാലത്തിനു സമീപമാണ് മാർച്ച് അഞ്ചിന് പെൺകുട്ടിയെ കണ്ടത്. അവിടെ കൈവരിയില്ല. അതുവഴി ബൈക്കിൽ വരികയായിരുന്ന താൻ ഒരു ട്രെയിലർ ബ്രേക്ക് ഇട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ആ സമയത്ത് കുട്ടി അവിടെ ഉണ്ടായിരുന്നു. മുന്നോട്ടുപോയി ഫോണിൽ സംസാരിക്കാനായി തിരിഞ്ഞുനോക്കിയപ്പോഴും ആ കുട്ടി നടന്നുവരുന്നതുകണ്ടു. ഫോണിൽ സംസാരിച്ചതിനുശേഷം നോക്കിയപ്പോൾ പെൺകുട്ടിയെ കണ്ടില്ലെന്നും അമൽ പറഞ്ഞു.
തനിക്ക് പിന്നിൽ വന്ന ബൈക്കുകാരനോട് ചോദിച്ചുവെങ്കിലും അയാളും കണ്ടില്ലെന്ന് അറിയിച്ചതോടെ ഇരുവരും ചേർന്ന് പെൺകുട്ടി നിന്നിടത്ത് ചെന്ന് നോക്കിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും ഇരുട്ട് ആയിരുന്നതിനാൽ കൂടുതൽ വ്യക്തമാകുന്നുണ്ടായിരുന്നില്ലെന്നും അമൽ പോലീസിൽ മൊഴി നൽകി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here