കൈക്കൂലി കൊടുത്താൽ മാത്രം കെട്ടിടനമ്പർ, കടക്കെണിയിലും പോരാട്ടവുമായി സ്‌കറിയ

m j scaria

സ്വന്തം അധ്വാനത്തിന് 3 ലക്ഷം രൂപ വിലയിട്ട ഉദ്യോഗസ്ഥർക്ക് മുന്നിൽ 22 മാസമായി പോരാടുകയാണ് ഇടുക്കി തൊടുപുഴയിലെ എം ജെ സ്‌കറിയ. അറുപത് ലക്ഷം രൂപ കാർഷിക ബാങ്കിൽനിന്ന് വായ്പയെടുത്ത് തൊടുപുഴ നഗരസഭയിൽ സ്‌കറിയ നിർമ്മിച്ച കൊമേഴ്ഷ്യൽ ബിൽഡിങ്ങിനും തന്റെ വീടിനും കെട്ടിട നമ്പർ നൽകാൻ തൊടുപുഴ നഗരസഭയിലെ എഞ്ചിനിയറും സെക്രട്ടറിയും കൈക്കൂലിയായി നിശ്ചയിച്ചത് 3 ലക്ഷം രൂപയായിരുന്നു. എന്നാൽ തന്റെ അധ്വാനത്തിന് 3 ലക്ഷം രൂപ പോയിട്ട് 3 രൂപ പോലും കൈക്കൂലി നൽകില്ലെന്ന് സ്‌കറിയ വ്യക്തമാക്കിയതോടെ സ്‌കറിയയ്ക്ക് അനുവദിച്ച കെട്ടിട നമ്പർ ഉദ്യോഗസ്ഥർ റദ്ദാക്കി.

വീടിനും വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിനും താലൂക്ക് സർവ്വേയർ നൽകിയ സ്‌കെച്ച് പ്രകാരം ഒക്യുപെൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പരും ആദ്യം അനുവദിച്ചിരുന്നെങ്കിലും ആദ്യ സ്‌കെച്ചിൽ അപാകതയുണ്ടെന്ന കാരണത്താൽ നഗരസഭ എൻജിനിയറിംഗ് വിഭാഗം ആ നമ്പർ താൽക്കാലികമായി റദ്ദാക്കി. എന്നാൽ നമ്പർ പുനഃസ്ഥാപിക്കണമെന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ നിർദ്ദേശിച്ചിട്ടും ചില ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് സ്‌കറിയ ആരോപിക്കുന്നു. ഇതുവരെ 200 തവണയെങ്കിലും താൻ നഗരസഭയിൽ ഈ ആവശ്യവുമായി കയറിയിറങ്ങി എന്നും സ്‌കറിയ.

നിയമ വിരുദ്ധമായി തൊടുപുഴ മുനിസിപ്പാലിറ്റി റദ്ദാക്കിയ നമ്പർ പുനക്രമീകരിച്ച് നൽകണമെന്നതാണ് സ്‌കറിയയുടെ ആവശ്യം. അതിന് വേണ്ടിയാണ് കഴിഞ്ഞ് രണ്ട് വർഷമായി അയാൾ നഗരസഭയിൽ കയറി ഇറങ്ങുന്നത്. എന്നാൽ ഇതുകൊണ്ട് പ്രയോജനമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കഴിഞ്ഞ ഒരുമാസമായി സ്‌കറിയ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ആന്റി കറപ്ഷൻ മുവ്‌മെന്റിന്റെ പിന്തുണയോടെയാണ് സ്‌കറിയയുടെ കൈക്കൂലിയ്‌ക്കെതിരായ പോരാട്ടം.

16508705_10154350718804632_1618435161224880225_n മാർച്ച് രണ്ടിന് സ്‌കറിയ തന്റെ ഭാര്യയ്ക്കും മക്കൾക്കും ചെറുമക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മുനിസിപ്പാലിറ്റിയ്ക്ക് മുന്നിൽ സത്യാഗ്രഹമിരുന്നു. എന്നാൽ നിലപാട് തിരുത്താനോ റദ്ദാക്കിയ കെട്ടിട നമ്പർ പുനഃസ്ഥാപിക്കാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്ന് തന്റെ ജീവിതം ബന്ധിച്ച അഴിമതി എന്ന ചങ്ങലയിൽനിന്ന് മോചനം ആവശ്യപ്പെട്ട് എഴുപത്തിയേഴ്കാരനായ ആ വൃദ്ധൻ ഒരു ദിവസം മുഴുവൻ ചങ്ങലകളാൽ ബന്ധിച്ച് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. നഗരസഭയ്ക്ക് മുന്നിലെ ഗ്രില്ലിൽ ചങ്ങലകൾകൊണ്ട് ബന്ധിച്ച് രണ്ട് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു സ്‌കറിയ. പ്രക്ഷോഭത്തിൽ സിപിഎം ഒഴിച്ചുള്ള എല്ലാ സംഘടനകളും സ്‌കറിയയ്ക്കും കുടുംബത്തിനും പിന്തുണയുമായി രംഗത്തുണ്ട്.

കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സിപിഎം സംഘടനയായ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ശ്രമിക്കുന്നതായി ആന്റി കറപ്ഷൻ മുവ്‌മെന്റ് കൺവീനർ എം സി മാത്യു ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

17310047_10206755440123574_5530057042435481712_oകാർഷിക ബാങ്കിൽനിന്ന് ലോണെടുത്ത 60 ലക്ഷത്തിന് 22 ലക്ഷം രൂപയാണ് നികുതി ഇനത്തിൽ സ്‌കറിയ അടക്കേണ്ടത്. ഒപ്പം മാസം തൊണ്ണൂറായിരം രൂപ പലിശയും. മുനിസിപ്പാലിറ്റിയിൽ ചായക്കട നടത്തിയിരുന്ന സ്‌കറിയ ഇന്ന് ലക്ഷങ്ങളുടെ കടക്കാരാനാണ്. തന്റെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് തൊടുപുഴയിൽ നിർമ്മിച്ച കെട്ടിടത്തിലായിരുന്നു സ്‌കറിയയുടെ ഏക പ്രതീക്ഷ. കെട്ടിടനമ്പർ ലഭിക്കാത്തതിനാൽ കെട്ടിടം വാടകയ്ക്ക് നൽകാനോ അതിൽനിന്ന് വരുമാനം ഉണ്ടാക്കാനോ സ്‌കറിയയ്ക്ക് കഴിഞ്ഞില്ല. ഇതുവഴി തനിക്ക് ഉണ്ടായ നഷ്ടം ശിഷ്ടകാലം അധ്വാനിച്ചാലും തീർക്കാനാകില്ലെന്നും സ്‌കറിയയ്ക്ക് അറിയാം. എല്ലാം നഷ്ടപ്പെട്ടതോടെ സ്‌കറിയയുടെ ആകെ പ്രതീക്ഷ നഗരസഭ കെട്ടിടത്തിലെ ചായക്കടയായിരുന്നു. ഇതിനിടയിൽ അധികൃതർ ഈ ചായക്കടയും പൊളിച്ച് നീക്കി. മൂന്ന് എരുമകൾ മാത്രമാണ് നിലവിൽ ഇയാളുടെ വരുമാന മാർഗ്ഗം.

ആദ്യത്തെ അപേക്ഷയ്‌ക്കൊപ്പം നൽകിയ സർവ്വേ സ്‌കെച്ചിൽ പുറമ്പോക്ക് ഭൂമി ഉൽപ്പെട്ടിരുന്നതിനാലാണ് കെട്ടിട നമ്പർ നിഷേധിച്ചതെന്ന് നഗരസഭ സെക്രട്ടറി ടി ജി അജീഷ് പറഞ്ഞു. ഇതിന് ശേഷം ജില്ലാ സർവ്വേ സൂപ്രണ്ട് പുതിയ സ്‌കെച്ച് തയ്യാറാക്കി നൽകിയിരുന്നു. ഈ സ്‌കെച്ചുമായി പുതിയ അപേക്ഷ നൽകണമെന്നാണ് സ്‌കറിയയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സ്‌കറിയ ഇതിന് തയ്യാറായില്ലെന്നും കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം തെറ്റാണെന്നും സെക്രട്ടറി.

അതേ സമയം അവ്യക്തത സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള ഉദ്യോഗസ്ഥരുടെ തന്ത്രമാണ് ഇതെന്ന് കെ സി മാത്യു ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചു. നിയമപരമായി പ്ലാൻ തയ്യാറാക്കി, കെട്ടിടം നിർമ്മിച്ച്, കെട്ടിട നമ്പർ വരെ ഇട്ട് കഴിഞ്ഞതിന് ശേഷം പിന്നെ എങ്ങനെയാണ് പ്ലാൻ മാറ്റി വരയ്ക്കുകയെന്നും ഇത് എൻജിനിയറുടെയും അയാൾക്ക് കൂട്ടുനിൽക്കുന്ന സെക്രട്ടറിയുടെയും തട്ടിപ്പാണെന്നും എം സി മാത്യു വ്യക്തമാക്കി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More